Kerala
രക്ഷിതാക്കളെ നഷ്ടപ്പെട്ട കേരളത്തിലെ കുട്ടികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമായി പി എം കെയേഴ്സ്
കേരളത്തില്‍ നിന്ന് 112 കുട്ടികള്‍ക്കാണ് പി എം കെയറില്‍ നിന്നു സഹായം ലഭിക്കുക. കൊവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപ സ്‌റ്റൈപന്‍ഡ് നല്‍കും. 23 വയസ് ആകുമ്പോള്‍ 10 ലക്ഷം രൂപയും ലഭിക്കും. ഹെല്‍ത്ത് കാര്‍ഡ് വഴി ചികിത്സ സൗജന്യമായി നല്‍കും. വിദ്യാഭ്യാസ വായ്പയിലും ഇളവ് നല്‍കും.

കോഴിക്കോട് | കൊവിഡില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പിഎം കെയറില്‍ നിന്ന് സഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി കൂടി നിലവില്‍ വന്നതോടെ കേരളത്തില്‍ ഇരകളായ കുട്ടികളുടെ ജീവിതം പ്രകാശമാനമാകും. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിക്കു പുറമെ കേന്ദ്ര സഹായം കൂടി ലഭിക്കുന്നതോടെ ആശ്രയം നഷ്ടപ്പെട്ട കുട്ടികളുടെ ജീവിതത്തില്‍ പ്രതീക്ഷയാവുകയാണ്. പി എം കെയറില്‍ നിന്നുള്ള സാഹയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് ഉദ്ഘാടനം ചെയ്തത്.
കേരളത്തില്‍ നിന്ന് 112 കുട്ടികള്‍ക്കാണ് പി എം കെയറില്‍ നിന്നു സഹായം ലഭിക്കുക. കൊവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപ സ്‌റ്റൈപന്‍ഡ് നല്‍കും. 23 വയസ് ആകുമ്പോള്‍ 10 ലക്ഷം രൂപയും ലഭിക്കും. ഹെല്‍ത്ത് കാര്‍ഡ് വഴി ചികിത്സ സൗജന്യമായി നല്‍കും. വിദ്യാഭ്യാസ വായ്പയിലും ഇളവ് നല്‍കും.
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി കേരളം നേരത്തെ 3,19,99,000 രൂപ അനുവദിച്ചിരുന്നു. മൂന്നു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിക്ക് 18 വയസ്സ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതം നല്‍കുന്നതുമായിരുന്നു പദ്ധതി. ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് വഹിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഐ സി ഡി എസ് ജീവനക്കാര്‍ മുഖേന ഗൃഹസന്ദര്‍ശനം നടത്തിയായിരുന്നു കേരളത്തില്‍ കൊവിഡ് മൂലം രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകള്‍ ഓരോ കുട്ടിയുടേയും സ്ഥിതി വിലയിരുത്തി ശിശു സംരക്ഷണ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി.
കൊവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികള്‍, കൊവിഡ് നെഗറ്റീവ് ആയിക്കഴിഞ്ഞ് മൂന്നു മാസത്തിനകം കൊവിഡ് അനുബന്ധ ശാരീരിക പ്രശ്നങ്ങളാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍, പിതാവോ മാതാവോ മുന്‍പ് മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികള്‍, മാതാവോ പിതാവോ നേരെത്തെ ഉപേക്ഷിച്ച് ഇപ്പോള്‍ ഏക രക്ഷിതാവ് കൊവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികള്‍, മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന ബന്ധിക്കള്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്കാണ് കേരള സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നത്. കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റു മാനദണ്ഡങ്ങളോ പരിഗണിക്കാതെയാണു കേരളം സഹായം നല്‍കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തിന് പരിഗണിക്കുന്നില്ല. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് 18 വയസ്സിനു ശേഷം പിന്‍വലിക്കാവുന്ന തരത്തിലും എന്നാല്‍ പലിശ കുട്ടിക്ക് ആവശ്യമുള്ള സമയത്ത് പിന്‍വലിച്ച് ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഒറ്റത്തവണ സഹായമെന്ന നിലയില്‍ മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുന്നത്.
ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് വനിതാ ശിശു വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് തുക അനുവദിക്കുകയാണ്.
കേരളം 2021 ആഗസ്റ്റില്‍ തന്നെ പദ്ധതി നടപ്പാക്കി കഴിഞ്ഞിരുന്നു. ഇപ്പോള്‍ പി എം കെയറില്‍ നിന്നുള്ള ആശ്വാസം കൂടിലഭിക്കുന്നതോടെ മഹാമാരി മാതാപിതാക്കളെ കവര്‍ന്ന എത്രയോ കുഞ്ഞുങ്ങുള്‍ക്ക് ആശ്വാസമാവുകയാണ്.