Connect with us

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.87 ശതമാനം വിജയം

ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയം നേടി.

Published

|

Last Updated

തിരുവനന്തപുരം | 2022ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയം നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ ഇത് 87.94 ശതമാനമായിരുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 80.36 ശതമാനം പേര്‍ വിജയം നേടി. 28,450 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. സയന്‍സ് ഗ്രൂപ്പില്‍ 86.14 ശതമാനവും ഹുമാനിറ്റീസില്‍ 76.61 ശതമാനവും കൊമേഴ്‌സില്‍ 85.69 ശതമാനവുമാണ് വിജയം. ടെക്നിക്കലില്‍ 68.71 ഉം കലാമണ്ഡലത്തില്‍ 85.57 ഉം ശതമാനം പേരാണ് വിജയം നേടിയത്.

രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഔദ്യോഗിക ഫല പ്രഖ്യാപനം നടത്തിയത്. ഉച്ചക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, sh_vsskäpIfmb prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയില്‍ ഫലം ലഭിക്കും. 2022 ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും.

വിജയ ശതമാനം കൂടുതല്‍ കോഴിക്കോട് ജില്ല (87.79)യിലും കുറവ് വയനാട് ജില്ല (75.07)യിലുമാണ്. 78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസുകള്‍. വിജയിച്ചവരില്‍ 1,89029 പേര്‍ പെണ്‍കുട്ടികളും 1,72602 പേര്‍ ആണ്‍കുട്ടികളുമാണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ പൂര്‍ണ തോതില്‍ നേരിട്ട് ക്ലാസുകള്‍ എടുത്ത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫോക്കസ് ഏരിയയും നോണ്‍ ഫോക്കസ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു.

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് പ്ലസ് ടു പരീക്ഷകള്‍ നടന്നത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍ സി സി ഉള്‍പ്പെടെ ഉള്ളവക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. കലാ കായിക മത്സര ജേതാക്കള്‍ക്കു പുറമേ സ്റ്റുഡന്റ്‌സ് പൊലീസ് കാഡറ്റ്, എന്‍ സി സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ലിറ്റില്‍ കൈറ്റ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റുകളില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിവന്നിരുന്നത്. കൊവിഡ് കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നിട്ടില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷവും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പകരം, ഉപരിപഠനത്തിന് നിശ്ചിത മാര്‍ക്ക് ബോണസ് പോയന്റായി നല്‍കുകയാണുണ്ടായത്. 99.26 ശതമാനമായിരുന്നു എസ് എസ് എല്‍ സി പരീക്ഷയിലെ ഇത്തവണത്തെ വിജയം.

 

 

 

 

---- facebook comment plugin here -----

Latest