Connect with us

Kannur

ഇന്ത്യന്‍ കപ്പലിന് നേരെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം; കപ്പലില്‍ കണ്ണൂര്‍ സ്വദേശിയും

ഗാബോണിലെ ഓവന്‍ഡോ തുറമുഖത്ത് തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കപ്പലിലാണ് അര്‍ധരാത്രിയില്‍ കൊള്ളക്കാര്‍ കയറി ആക്രമിച്ചത്

Published

|

Last Updated

കണ്ണൂര്‍ | പശ്ചിമ ആഫ്രിക്കയിലെ ഗാബോണില്‍ ഇന്ത്യന്‍ കപ്പലിന് നേരെ ആക്രമണം. എം വി റ്റാബണ്‍ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. കപ്പലില്‍ കണ്ണൂര്‍ സിറ്റി മരക്കാര്‍ക്കണ്ടി സ്വദേശി ദീപക് ഉദയരാജ് ഉള്‍പ്പെടെ 17 പേരാണുണ്ടായിരുന്നത്. കപ്പലിലെ ചീഫ് ഓഫീസര്‍ നൗരിയല്‍ വികാസ്, കുക്ക് ഘോഷ് സുനില്‍ എന്നിവര്‍ക്ക് വെടിയേല്‍ക്കുകയും സെക്കന്‍ഡ് എന്‍ജിനീയര്‍ കുമാര്‍ പങ്കജിനെ തട്ടിക്കൊണ്ട് പോകുകയും ചെയ്തിട്ടുണ്ട്. വെടിയേറ്റ രണ്ട് പേരെ ഗാബോണിലെ ആശുപത്രിയിലേക്ക് മാറ്റി ഉടന്‍ ശസ്ത്രക്രിയക്ക് വിധേയരാക്കിയതായി കന്പനി അധികൃതര്‍ അറിയിച്ചു.

ഗാബോണിലെ ഓവന്‍ഡോ തുറമുഖത്ത് തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കപ്പലിലാണ് അര്‍ധരാത്രിയില്‍ കൊള്ളക്കാര്‍ കയറി ആക്രമിച്ചത്. സുരക്ഷിതനാണെന്നും പേടിപ്പെടുത്തുന്ന സാഹചര്യമാണെന്നും ദീപക് ബന്ധുക്കളെ അറിയിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദീപക് ബന്ധുക്കളെ അറിയിച്ചു.

കഴിഞ്ഞ മെയിലും സമാനമായ സംഭവം ഗാബോണില്‍ നടന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് മറ്റൊരു വിദേശ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചിട്ടുണ്ട്. മുപ്പത്തൊന്നുകാരനായ ദീപക് ഇവിടെ സെക്കന്‍ഡ് എന്‍ജിനീയറാണ്. കപ്പലിലുള്ളവരെ വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദീപകിന്റെ ബന്ധുക്കള്‍ എം പി ശിവദാസനെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest