National
കൊലക്കേസ് പ്രതികൾ ജയിലിൽ പ്രണയത്തിലായി; വിവാഹത്തിന് 15 ദിവസത്തെ പരോൾ അനുവദിച്ച് കോടതി
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവതിയും അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവാവുമാണ് രാജസ്ഥാനിലെ അൽവാറിൽ വിവാഹിതരാകുന്നത്.
ജയ്പൂർ | ജയിലിനുള്ളിൽ മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവതിയും അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവാവുമാണ് രാജസ്ഥാനിലെ അൽവാറിൽ വിവാഹിതരാകുന്നത്. ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവവികാസങ്ങളാണ് അൽവാറിൽ നടക്കുന്നത്.
കൊലക്കേസ് പ്രതികളായ പ്രിയ സേത്ത് എന്ന നേഹ സേത്ത്, ഹനുമാൻ പ്രസാദ് എന്നിവരാണ് വിവാഹിതരാകുന്നത്. ഇവർക്ക് വിവാഹം കഴിക്കാനായി രാജസ്ഥാൻ ഹൈക്കോടതി 15 ദിവസത്തെ എമർജൻസി പരോൾ അനുവദിച്ചു. അൽവാറിലെ ബറോഡമേവിൽ വെച്ചാണ് വിവാഹം നടക്കുക.
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദുഷ്യന്ത് ശർമ്മ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് മോഡലായ പ്രിയ സേത്ത്. സംഗാനർ ഓപ്പൺ ജയിലിൽ കഴിയുന്നതിനിടെ ആറ് മാസം മുമ്പാണ് ഹനുമാൻ പ്രസാദിനെ പ്രിയ പരിചയപ്പെടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും.

2018 ലാണ് പ്രിയ സേത്ത് ഉൾപ്പെട്ട കൊലപാതകം നടന്നത്. കാമുകന്റെ കടം വീട്ടാനായി പണം കണ്ടെത്താനാണ് പ്രിയ, ദുഷ്യന്ത് ശർമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ടിൻഡർ വഴി സൗഹൃദം സ്ഥാപിച്ച് ദുഷ്യന്തിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് യുവാവിന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മൂന്ന് ലക്ഷം രൂപ ലഭിച്ചെങ്കിലും, യുവാവിനെ വിട്ടയച്ചാൽ തങ്ങൾ കുടുങ്ങുമെന്ന് ഭയന്ന് പ്രിയയും സംഘവും ചേർന്ന് ദുഷ്യന്തിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സ്യൂട്ട്‌കേസിലാക്കി ആമർ കുന്നുകളിൽ ഉപേക്ഷിച്ചു.
കാമുകിയുടെ ഭർത്താവിനെയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് ഹനുമാൻ പ്രസാദ് ശിക്ഷ അനുഭവിക്കുന്നത്. 2017 ഒക്ടോബറിൽ അൽവാറിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. കാമുകിയായ സന്തോഷിന്റെ ആവശ്യപ്രകാരം പ്രസാദ് ഭർത്താവ് ബൻവാരി ലാലിനെ കൊലപ്പെടുത്തി. ഇത് കണ്ടുനിന്ന സന്തോഷിന്റെ മൂന്ന് മക്കളെയും മരുമകനെയും കൂടി പ്രസാദ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.




