Connect with us

Cover Story

ഉജ്ജ്വലിക്കണം പെറ്റനാടും ഭാഷയും

മലയാളക്കരയെന്നോ കേരളമെന്നോ കേട്ടാൽ 'ഞരമ്പിൽ ചോര തിളയ്ക്കുന്ന' ഒരു ജനതയാണ് നാം. സത്യത്തിൽ ഭൂമിയിലെ ഏറ്റവും നല്ല ആവാസവ്യവസ്ഥ അനുഗ്രഹമായി ലഭിച്ച അന്തരീക്ഷം. മിത ശീതോഷ്ണം, ജലസമൃദ്ധി, എവിടെയും പച്ചപ്പ്, കടൽത്തീരം, ശുദ്ധവായു, കൃഷിപ്പാടം, കൽപ്പവൃക്ഷം, സുഗന്ധവിളകൾ, വൃത്തിയും വിദ്യയും നേടിയ മനുഷ്യർ, ജാതി മത വിഭാഗീയതകൾക്കതീതം, സഹവർത്തിത്വം സംസ്‌കാരത്തിലുൾച്ചേർന്ന വിദ്യാഭ്യാസം, ബുദ്ധിയും ഭാവനയുമുള്ള ജനങ്ങൾ, കലകൾ... അഭിമാനത്തിന്റെ പുസ്തകത്തിൽ വാഴ്ത്തുതാളുകൾക്കിടം പോരാ.

Published

|

Last Updated

ജീവിതമുണ്ടെങ്കിൽ ഭാഷയുണ്ട്. ദാഹജലവും പ്രാണവായുവും പോലെ അത് മാനവസമൂഹത്തെ ചലനാത്മകമാക്കുന്നു. ആശയങ്ങളും ആവിഷ്‌കാരവും ഭാഷയുടെ മൂശയിൽ സ്വതന്ത്രമായി രൂപപ്പെടുന്നു. സംവേദനത്തിന്റെ ഏറ്റവും ലളിതമായ മാർഗവും മാതൃകയുമായി ഭാഷ ഓരോ മനുഷ്യനിലും സംഭാഷണമായും ലിഖിതമായും ആത്മവിശ്വാസത്തോടെ നിലനിൽക്കുന്നു. ഒരർഥത്തിൽ ഭാഷ മനുഷ്യരെപ്പോലെ ജീവിക്കുകയാണ്. ജനനവും വളർച്ചയും പരിചരണവും പഠനവും മരണവുമെല്ലാം ഭാഷക്കും ബാധകമാണ്. നിത്യവും തിളക്കിവിളക്കിവെക്കുന്ന ഭാഷയാണ് ചൈതന്യവാഹിയാവുക. അവഗണിക്കപ്പെട്ട ഭാഷ തുരുമ്പും ക്ലാവും പിടിച്ച് ആത്മകാന്തി ക്ഷയിച്ച് ദുർബലമാകാനിടയുണ്ട്. ഉച്ചരിക്കുമ്പോൾ ഉജ്ജ്വലിക്കേണ്ടതാണ് മാതൃഭാഷ. മാതാവെന്ന വിശ്വസ്ത ജന്മത്തിന്റെ നാമം സ്വീകരിക്കുന്നതോടെ പൊക്കിൾക്കൊടി ബന്ധമാർജിക്കുന്ന ഭാഷ ആയുസ്സുമുഴുവൻ പിന്തുടരുന്നു. അതിന്റെ ഊരും പേരും സ്വഭാവവും മഹിമയുമെല്ലാം അടുത്ത തലമുറയിലേക്ക് പകർന്നുകിട്ടുന്നു. ആരും ഉച്ചരിക്കുകയും ഉപയോഗിക്കുകയും ചെയ്യാത്ത ഭാഷക്ക് ദുർമരണം സംഭവിക്കുന്നു. ഭൂമുഖത്തെ ആറായിരത്തിലധികം ഭാഷയുടെ ജാതകത്തിന് ഏകദേശ സാമ്യങ്ങൾ ഏറെയുണ്ടാകും. സ്വന്തം ഭാഷയുടെ പേരിൽ അഭിമാനം തോന്നാത്തവർ ആരുമുണ്ടാകാനിടയില്ല. ഉപരിപ്ലവമായ ധാരണകളാൽ ചിലർ ഭാഷയുടെ പേരിൽ കലഹവും കലാപവുമുണ്ടാക്കാറുണ്ട്. സത്യത്തിൽ ഭാഷ ഏതു കലഹത്തിനും അതീതമായി കിരണവർഷം ചൊരുയുന്ന സാംസ്‌കാരിക സൗഭാഗ്യമാണ്. അതിനെ കലഹകാരണമാക്കുന്നവർക്ക് സങ്കുചിതമായ മറ്റു ലക്ഷ്യങ്ങളുണ്ടാകും. ഭാഷയുടെ പേരിൽ കെട്ടിവെക്കുന്ന ആ കാരണങ്ങൾക്ക് സാധൂകരണമില്ല.

ഭാഷയുടെ അനുഗ്രഹം മനസ്സിലും തൂലികയിലും തുടിക്കുന്നതുകൊണ്ടാണ് ഇതാ, ഈ എളിയവന്റെ എഴുത്ത് എഴുത്തിന്റെ ലിപി, സത്യത്തിൽ ചിത്രമെഴുത്താണ്. ഒരു വരയെ വളച്ചും തിരിച്ചും ചുറ്റിക്കെട്ടിയും രൂപഭദ്രമാക്കി ലിപിയുണ്ടാക്കുന്നു. സമാനമായ മറ്റൊന്നിനോട് ചേർത്ത് വാക്ക് നിർമിക്കുന്നു. യുക്തമായ അർഥത്തിന്റെ സങ്കൽപ്പത്തിൽ വാക്ക് ആശയങ്ങളുടെ വാഹനമാകുന്നു. അനേകം മനസ്സുകളുടെ സഞ്ചാരസാധ്യത എളുപ്പമാക്കുന്ന ഭാഷയുടെ കോശങ്ങളായ ലിപി മികച്ച കലാസൃഷ്ടിയാകുന്നു. മലയാള ലിപികൾ പഠനവിധേയമാക്കിയാൽ അതിമഹത്തായ ജ്ഞാനഖനി കണ്ടെത്താം. മനുഷ്യശരീരം പോലെ അജ്ഞാതമായ സന്ധിബന്ധങ്ങളും ആന്തരിക പ്രവർത്തനവും തേജസ്സും ഓരോ ലിപിയിലും ഉള്ളടക്കം ചെയ്തിട്ടുണ്ട്. അതു പക്ഷേ, പഠിക്കാൻ തയ്യാറാകാത്തതുകൊണ്ട് നാം അറിയുന്നില്ലെന്നു മാത്രം. മനുഷ്യശരീരം ഉപയോഗിക്കുമ്പോൾ അതിന്റെ പ്രവർത്തനങ്ങൾ പഠിക്കണമെന്നില്ലല്ലോ. പഠിച്ചാലോ മനുഷ്യനെക്കുറിച്ചുള്ള വെറും ധാരണകൾക്ക് തിരുത്തലുണ്ടാകും. അത്ഭുതവും ആദരവും നിറയുന്ന പ്രപഞ്ചജ്ഞാനമായി അത് പരിവർത്തനം ചെയ്യും. അതുകൊണ്ടാകാം നിരക്ഷരനായ പ്രവാചകനോട് പ്രപഞ്ചത്തെ വായിക്കാൻ അശരീരി ആഹ്വാനം ചെയ്യുന്നത്. പ്രപഞ്ചത്തെ പഠിച്ചാൽ മനുഷ്യനെ പഠിക്കാം. മനുഷ്യനെ പഠിച്ചാൽ പ്രപഞ്ചത്തെയും പഠിക്കാം. ഇവ രണ്ടിനെയും പഠിക്കാൻ നമുക്ക് ലഭിച്ച വരദാനമായ ഭാഷയുടെ ആന്തരിക ദീപ്തി മങ്ങാതെ കാത്തുകൊള്ളുക. അത് കൽപ്പനയും ധർമവുമാണ്. വെളിപാടും വിളക്കുമാണ്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ ഭാഷാ സേവനത്തെ പ്രകീർത്തിക്കാതെ പച്ച മലയാളത്തിന് നിർവൃതിയില്ല.

ഒരു ജനസമൂഹത്തെ കൂട്ടിയിണക്കാൻ ഭാഷക്ക് കഴിയുമെന്ന ദേശീയ ചിന്ത ഇന്ന് പ്രബലമായ രാഷ്ട്രീയ വിഷയം കൂടിയാണ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപവത്കൃതമായത് അതുകൊണ്ടാണല്ലോ. “എൻ പിള്ള പൊൻ പിള്ള’ എന്ന സ്വാഭാവിക വികാരം തെറ്റല്ല. പക്ഷേ, മറ്റു പിള്ളകളെല്ലാം കെട്ടപിള്ളകൾ എന്ന് തെറ്റിദ്ധരിക്കരുതെന്നു മാത്രം. പ്രാദേശിക ഭാഷയും ആഗോള ഭാഷയും തമ്മിൽ ജന്മി കുടിയാൻ ബന്ധം വെച്ചു പുലർത്തേണ്ടതില്ല. ഏതു ഭാഷയും വിശ്വമാനവ ഭാഷയുടെ പുഷ്പശാഖയെന്നു കരുതാൻ കഴിയണം. ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ “ഫൊണെറ്റിക്‌സ്’ അൽപ്പം പഠിച്ച് പരിഷ്‌കാരിയാകാനെളുപ്പമാണിപ്പോൾ. പക്ഷേ, മലയാളത്തിനും അത്തരം ഉച്ചാരണ നിയമങ്ങളുണ്ടെന്ന് അവർ ഓർക്കാറേയില്ല. ഓർക്കുന്നതു പോലും ചിലർക്ക് കുറച്ചിലാണത്രെ. ഞ്ഛ, ഝ, ദ്ധ, ത്ഥ, ഷ്ട, ഘ, ഖ ഇവയൊക്കെ എങ്ങനെ തെറ്റിച്ചുച്ചരിച്ചാലും പ്രശ്‌നമില്ല. പക്ഷേ, ആംഗലേയ പദം ഉച്ചരിച്ചു തെറ്റിച്ചാൽ അവർ പൊറുക്കുകയില്ല. മലയാളിയുടെ നാവും സായിപ്പിന്റെ നാവും ഒരേ അച്ചിലിട്ടു വാർക്കണമെന്ന നിർബന്ധബുദ്ധിയെ ബാലിശമെന്നേ പറയാനാകൂ. ഭാഷയുടെ കാർക്കശ്യങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക. അതിർത്തികൾ കടക്കാൻ വായുവിനും വെള്ളത്തിനും എങ്ങനെ കഴിയുമോ അതുപോലെ ഭാഷക്കും കഴിയേണ്ടതാണ്. ബി ബി സിയിൽ വാർത്ത വായിക്കുന്ന നാവ് മലയാളം ഉച്ചരിച്ചാൽ എന്തെല്ലാം പിഴവ് വരാം, അതേ പിഴവ് മലയാളി ഇംഗ്ലീഷ് ഉച്ചരിച്ചാലും സംഭവിക്കില്ലേ?

ശാഠ്യങ്ങൾ ഭാഷക്ക് ഭാരമാണ്. ചിറകിൽ അരക്കു പുരട്ടി പക്ഷിയെ പറപ്പിക്കുന്ന അസ്വാതന്ത്ര്യം മാനക ഭാഷക്കുമേൽ കെട്ടിവെക്കുന്നത് ഗുണകരമാകുകയില്ല. ഭാഷയുടെ ആത്മാവ് സ്‌നേഹമാകുന്നു. പാകതയും ധീരതയും ഭാവുകത്വവും സർഗാത്മകതയും സംസ്‌കാരവുമെല്ലാം ഭാഷ നേടിയെടുക്കുന്നത് സ്‌നേഹത്തിലൂടെയാണ്.
നട്ട ഭാഷയാണ് നാട്ടുഭാഷ. നടുന്നതെവിടെയോ അവിടമാണ് നാട്. നട്ടവൻ ആരോ അവനാണ് നാട്ടുകാരൻ. വിത്തും കമ്പും കായും നടുംപോലെയാണ് ഭാഷയും നടുക. മണ്ണിന്റെയും മനസ്സിന്റെയും ജൈവഘടകങ്ങൾ വലിച്ചെടുത്ത് അവ മുളയ്ക്കുകയും പുഷ്ടി പ്രാപിക്കുകയും ചെയ്യും. വരണ്ട മണ്ണും അരസികമായ മനസ്സും ഏത് ഭാഷയെയും ദരിദ്രമാക്കും. വാമൊഴിയോ വരമൊഴിയോ വ്യത്യാസമില്ലെന്ന് തോന്നുമാറ് സുന്ദരമായ കൽപ്പനകൾ ചില നാടോടി വാങ്മയങ്ങൾ കാഴ്ചവെക്കുന്നു.

“ചങ്കു കണ്ടത്തിന്റടിത്തട്ടിച്ചെന്നാ
തങ്കം പോലുള്ളൊരു ചേലുണ്ടെന്റമ്മേ…’
…………………………..
“തങ്കക്കിനാവ് കുഴിച്ചിട്ട മണ്ണേ
ചെമ്പന്റെ കാള ഉഴുതിട്ട മണ്ണേ…’
എന്നൊക്കെ കേൾക്കുമ്പോൾ വിത്തും ഭാഷയും അധ്വാനവും മണ്ണിൽ കുഴിച്ചിട്ടവരെ ആദരിക്കുക തന്നെ വേണം.
“സംസ്‌കൃത ഭാഷതൻ സ്വാഭാവികോജസ്സും
സാക്ഷാൽ തമിഴിന്റെ മാധുര്യവും
ഒത്തുചേർന്നുള്ളൊരു ഭാഷയാണെൻ ഭാഷ
മത്താടിക്കൊൾകഭിമാനമേ നീ….’
എന്ന് മഹാകവി അഭിമാനിക്കുമ്പോൾ അതിന്റെ അലയൊലി ഏതൊരു സാധാരണക്കാരനും അറിഞ്ഞോ അറിയാതെയോ അനുഭവിക്കുന്നുണ്ട്. “നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്’ ആ മണ്ണിന്റെ സ്പന്ദനങ്ങൾ എഴുത്തച്ഛൻ സാക്ഷി എന്റെ ഭാഷയിലുണ്ട്.
“മാമലകൾക്കപ്പുറത്ത്…മരതകപ്പട്ടുടുത്ത്…
മലയാളമെന്നൊരു നാടുണ്ട്.’
അപ്പോൾ മലയാളമെന്നത് ഭാഷയല്ല എന്റെ നാടാകുന്നു. ആദ്യകാലത്തെ മലയാൺമ എന്ന പദത്തിൽ നിന്ന് തനിമയോടെ മലയാളം, മലയും ആഴവും (സമുദ്രം) ചേർന്ന പ്രകൃതിയുടെ കാവ്യാത്മക രൂപഭാവമായി പിറന്നു. ദേശവും ഭൂപ്രകൃതിയും സമന്വയിക്കുന്ന മനോഹരമായ പദവും അവിടുത്തെ മനുഷ്യരും ഇക്കാലത്ത് ചെന്നെത്താത്ത ഭൂഭാഗമില്ല. മലയാളി യാത്ര ചെയ്യുമ്പോൾ മലയാളവും കൂടെപ്പോകുന്നുണ്ട്. ലിംഗ്വ (Lingua) എന്ന ലിറ്റിൻ വാക്കിന്റെ അർഥം നാവ് എന്നാണ്. നാവിൽ ജനിക്കുകയും പുറപ്പെടുകയും ചെയ്യുന്നത് ലാംഗ്വേജ് (Language). നാവിൽ എത്തും മുമ്പ് ഒരാളിന്റെ ബോധത്തിൽ ഭാഷയുടെ സത്തുണ്ട്. ഗർഭസ്ഥ ശിശു മുതൽ ഭാഷയുടെ സ്‌നേഹവാത്സല്യസ്പർശം കോശവികാസത്തെ അനുഗമിക്കുന്നു. പിറവിക്കു ശേഷം കണ്ടും കേട്ടും പ്രയോഗിച്ചും ശീലിക്കുന്നത് പാലിക്കുന്നു. മാതൃഭാഷ മാതാവിന്റെതും പിതാവിന്റെതും സഹോദരങ്ങളുടെതും സമൂഹത്തിന്റെതും കൂടിയാണ്. അതിനാൽ ലോകത്തിലെ ഏതു ഭാഷയും മാതൃഭാഷയായി ബഹുമാനിക്കപ്പെടണം; അതാതു ജനതയുടെ.
ആയിരത്തിയഞ്ഞൂറിലധികം വർഷങ്ങളുടെ ചരിത്രം അവകാശപ്പെടാവുന്ന ഭാഷകൾക്ക് ശ്രേഷ്ഠപദവി അനുവദിച്ചുകൊടുത്തപ്പോൾ 2013ൽ മലയാളത്തിനും ആ ഉന്നത സ്ഥാനം ലഭിച്ചു. ഭാഷാഭിമാനം കേവലം വികാര സൃഷ്ടിയല്ല. നമ്മുടെ അടിത്തറയും ഈടുവെപ്പും ഉള്ളുറപ്പുമായി അതിനെ കാണുമെങ്കിൽ ഊണുറക്കങ്ങളിലുടനീളം ഭാഷ നമ്മുടെ സ്വത്വശക്തിയാകും, കർമയുക്തിയാകും.

1956 നവം. 1ന് നിലവിൽ വന്ന കേരള സംസ്ഥാനത്തിന്റെ പൊതു ദേശ ഭാഷയായി മലയാളം പ്രഖ്യാപിക്കപ്പെടുമ്പോൾ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമെല്ലാം വാക്കിന്റെ പ്രാദേശിക രൂപങ്ങൾ അതേപടി ജനമനസ്സിലുണ്ട്. അതങ്ങനെ നിലനിന്നേ മതിയാകൂ. കാസർകോടിന്റെ വാക്കുകളും തൃശൂരിന്റെ വാക്കുകളും തിരുവനന്തപുരത്തിന്റെ പ്രയോഗ വിശേഷങ്ങളും തനതു രസത്തോടെ ആസ്വദിക്കാൻ നമുക്ക് കഴിയണം. ഉൾനാട്ടിലും ആദിവാസി ഊരുകളിലും ഉപയോഗത്തിലിരിക്കുന്ന അസംഖ്യം സംഭാഷണ ശകലങ്ങൾക്ക് കാതോർക്കാമെങ്കിൽ ഇനിയും കണ്ടെത്താനുള്ള നാടോടി വഴക്കങ്ങളുടെ വലിയ സമ്പാദ്യം ലഭിച്ചേക്കാം. പ്രാചീനവും നവീനവുമായ ഭാഷാഭേദങ്ങൾ കണ്ടെത്തിയ അന്വേഷണ ബുദ്ധികൾക്ക് കൂപ്പ് കൈ. കാവ്യപഥങ്ങളും ചരിത്രവും കയറിയിറങ്ങിയ അവരുടെ നിരന്തര ഗവേഷണ ഫലമാണ് നമുക്ക് ശ്രേഷഠ ഭാഷാ പദവി നേടിത്തന്നതെന്ന് മറക്കാതിരിക്കാം.

ആധുനിക ജീവിതം ഭാഷകളുടെ അതിർവരമ്പുകളലിയിച്ച് പുതിയ ആകാശം നിർമിക്കുകയാണ്. സമ്പർക്ക ജീവിതത്തിന്റെ വലിയ ലോകമാണ് എല്ലാ കവാടങ്ങളും തുറന്നിട്ടിരിക്കുന്നത്. അറബി മലയാളത്തിന്റെ പഴയ ശീലുകൾ പാട്ടുകളിൽ മാത്രം കേട്ടുശീലിച്ച നമുക്ക് അവയെല്ലാം നിത്യ പരിചയമായിരിക്കുന്നു. ആംഗലേയ ഗാനങ്ങൾ അപരിചിതമായിരുന്ന പഴയ തലമുറയുടെ സ്ഥാനത്ത് ഏത് വിശ്വപ്രശസ്ത ഗാനരൂപവും വിരൽത്തുമ്പിലെത്തുന്നു. മഹാസാധ്യതകളുടെ നവ മാധ്യമ കാലത്ത് മാതൃഭാഷ അതിന്റെ ഏറ്റവും മാനുഷികമായ സാംസ്‌കാരിക ശുദ്ധി പുലർത്തട്ടെ എന്നു മാത്രമേ ആശംസിക്കാനുള്ളൂ…
.

peekegopi@gmail.com

Latest