Connect with us

Kerala

കോഴിക്കോട്ട് ട്രെയിനിനുള്ളിൽ പെട്രോൾ ഒഴിച്ച് തീയിട്ടു; എട്ട് പേർക്ക് പൊള്ളലേറ്റു

ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിന്റെ ഡി1 കംപാർട്മെന്റിലാണ് തീയിട്ടത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് എലത്തൂരിൽ യാത്രക്കാരൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ പെട്രോളൊഴിച്ച് തീയിട്ടു. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിന്റെ ഡി1 കംപാർട്മെന്റിലാണ് തീയിട്ടത്. മൂന്നു സ്ത്രീകൾ ഉൾപ്പെടെ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

കതിരൂർ സ്വദേശി അനിൽ കുമാർ, മകൻ അദ്വൈത്, ഭാര്യ സജിഷ, എറണാകുളം സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ്, പ്രകാശൻ, പ്രിൻസ്, റൂബി എന്നിവർക്കാണ് പരുക്കേറ്റത്.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് എലത്തൂരിന് സമീപം കോരപ്പുഴ പാലത്തിലെത്തിയപ്പോഴാണ് യാത്രക്കാരിൽ ഒരാൾ മറ്റു യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. റെയില്‍വേ പൊലീസ് ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടി. തീ പടര്‍ന്നെങ്കിലും ഉടന്‍ തന്നെ അണയ്ക്കാനായത് വന്‍ അപകടം ഒഴിവാക്കി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ കുറച്ചു നേരം കോരപ്പുഴ പാലത്തില്‍ നിര്‍ത്തിയിട്ടു. തീ പടര്‍ന്ന കോച്ച് മാറ്റി പിന്നീട് ട്രെയിന്‍ യാത്ര തുടര്‍ന്നു.

മൂന്ന് യാത്രക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്നാണ് സൂചന. സംഭവത്തിന് ശേഷം തീകൊളുത്തിയയാൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

അതേസമയം, കൊലപാതക ശ്രമമാണ് നടന്നതെന്നാണ് വിവരം ലഭിച്ചതെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു.

---- facebook comment plugin here -----

Latest