Ongoing News
സര്‍വം രുചിമയം
രുചിയുടെ അഞ്ചാമത്തെ അടിസ്ഥാന രുചിയാണ് ഉമാമി. അതായത് മധുരം, പുളി, കയ്പ്, ഉപ്പ് എന്നിവയോടൊപ്പം വരുന്ന രുചി.
മനുഷ്യശരീരത്തിൽ ഒരറ്റത്തുമാത്രം ഘടിപ്പിച്ചിട്ടുള്ള ഒരേയൊരു പേശിയുടെ പേര് അറിയുമോ? അതിന് മറുപടി പറയാൻ നമ്മെ സഹായിക്കുന്ന അവയവമാണ് അതിന്റെ ഉത്തരവും. വായയുടെ താഴെത്തട്ടിലുള്ള പേശികളുടെ ഒരു കൂട്ടമാണ് നാക്ക് എന്നു കൂടി വിളിക്കുന്ന നാവ്. നാവിന്റെ സുഗമമായ ചലനശേഷിയാണ് സംസാരത്തിന് സഹായിക്കുന്നത്. മനുഷ്യശരീരത്തിലെ ഏറ്റവും ബലമുള്ള പേശിയായ നാക്ക് ഭക്ഷണം ചവക്കുന്നതിനും വിഴുങ്ങുന്നതിനും സഹായിക്കുന്ന അവയവവും രുചി അറിയുന്നതിനുള്ള ഇന്ദ്രിയവുമാണ്.
നാവിന്റെ പുറംതൊലിയിൽ ഭൂരിഭാഗവും സ്വാദ് അറിയാനുള്ള മുകുളങ്ങളാണ്. നാവിൽ ധാരാളമായുള്ള ഞരമ്പുകളും രക്തധമനികളുമാണ് ചലനം സാധ്യമാക്കുന്നത്. എല്ലാസമയവും നാവിനെ നനവുള്ളതായി നിലനിർത്തുന്നത് ഉമിനീർ ആണ്. നാവിൽ രസകുമിളകളടങ്ങുന്ന എപിത്തിലിയവും പേശികളും മ്യുക്കസ് ഗ്രന്ഥികളുമാണുള്ളത്. ആന്തരിക പേശികളും ബാഹ്യ പേശികളും എന്നിങ്ങനെ രണ്ട് പേശികളുണ്ട്. നാക്കിനുള്ളിൽ തന്നെയുള്ള പേശികളെയാണ് ആന്തരിക പേശികൾ എന്ന് വിളിക്കുന്നത്. നാക്കിന് പുറത്തുള്ള എല്ലുകളിൽ ഘടിപ്പിച്ചിരിക്കുന്ന പേശികളെ ബാഹ്യ പേശികൾ എന്നും പറയുന്നു.
നാവിന്റെ ധർമങ്ങൾ
രുചിയറിയുക: മധുരം, പുളി, ഉപ്പ്, കയ്പ്, എരിവ് എന്നിവ തിരിച്ചറിയാൻ സഹായിക്കുന്നു. രുചിമുകുളങ്ങൾ കൊണ്ടാണ് നമുക്ക് പെട്ടെന്ന് വ്യത്യസ്തമായി രുചികൾ തിരിച്ചറിയാൻ പറ്റുന്നത്. ഒരു രുചിമുകുളത്തിന്റെ ശരാശരി ആയുസ്സ് രണ്ടാഴ്ചയാണ്. മധുരം, ഉപ്പ്, പുളി, കയ്പ്, എരിവ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത തരം രുചിമുകുളങ്ങളാണ് പ്രധാനമായിട്ടുള്ളത്.
രുചി ലഭിക്കണമെന്നുണ്ടെങ്കിൽ നാവിന് എപ്പോഴും ഈർപ്പം ആവശ്യമാണ്. നമ്മുടെ നാവ് വരണ്ടിരിക്കുന്ന സമയത്ത് എത്ര രുചിയുള്ള ആഹാരം കഴിച്ചാലും നമുക്ക് അത് മനസ്സിലാക്കാൻ പറ്റാത്തതിന് പിന്നിൽ ഇതാണ് കാരണം.
സംസാരം: നാവിന്റെ ചലനം സംസാരത്തിന് അത്യന്താപേക്ഷിതമാണ്. ശബ്ദങ്ങളെ വാക്കുകളാക്കി മാറ്റുന്നതിൽ നാവ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഭക്ഷണം: ഭക്ഷണം ചവക്കുന്നതിനും ഉമിനീരുമായി കലർത്തി വിഴുങ്ങുന്നതിനും സഹായിക്കുന്നു.
നാക്കിന്റെ പ്രത്യേകതകൾ
- ഒരറ്റത്തുമാത്രം മനുഷ്യശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ഒരേയൊരു പേശി.
- വിരലടയാളം പോലെ നാവിന്റെ അടയാളങ്ങളും ഓരോ മനുഷ്യരിലും വ്യത്യസ്തമായിരിക്കും.
- ശരീരത്തിലെ ഏറ്റവും വേഗം സുഖം പ്രാപിക്കുന്ന അവയവം.
- മനുഷ്യന്റെ നാവിൽ മൂവായിരത്തോളം രസമുകുളങ്ങളുണ്ട്.
- പശുവിന് 35,000 രസമുകുളങ്ങളുണ്ടെന്നാണ് പഠനം.
- നീലത്തിമിംഗലത്തിന്റെ നാവിന് ആനയേക്കാൾ തൂക്കമുണ്ട്.
- ഒരു മനുഷ്യന്റെ നാവിന്റെ ശരാശരി നീളം മൂന്ന് ഇഞ്ച് ആണ്.
- സ്ത്രീകളുടെ നാവ് പുരുഷന്മാരുടെ നാവിനേക്കാൾ വളരെ ചെറുതാണ്.
- നാവിന് ഒരു മിനുട്ടിൽ 90ലധികം വാക്കുകൾ പറയാൻ സാധിക്കും എന്നാണ് പറയുന്നത്.





