National
നിര്‍ബന്ധിച്ച് ആഹാരം നല്‍കണം, രണ്ട് ദിവസം കൂടി തുര്‍ന്നാല്‍ ജീവനോടെയുണ്ടാകില്ല; വാങ്ചുകിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി
ഹര്‍ജി നാളെ പരിഗണിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി | ആക്ടിവിസ്റ്റ് സോനം വാങ്ചുകിന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരിജി. വാങ്ചുക് സമരം തുടരുകയാണെങ്കില്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ ജീവനോടെയിരിക്കാന്‍ സാധിക്കില്ലെന്നും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുമാണ് പൊതുതാല്‍പര്യ ഹരജി. വാങ്ചുകിന്റെ നിരാഹാര സമരം ഇപ്പോള്‍ പതിനെട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഈ വിഷയത്തില്‍ ഭരണകൂടം കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും തികച്ചും അനാസ്ഥയാണ് തുടരുന്നതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് അദ്ദേഹം സമരം ചെയ്യുന്നത്. വാങ്ചുകിന് നിര്‍ബന്ധിതമായി ഭക്ഷണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹര്‍ജി നാളെ പരിഗണിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത ബഹിഷ്‌കരണ സമരത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ആരും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജ്‌സ് കരിയ എന്നിവരടങ്ങിയ ബെഞ്ച് പൊതുതാല്‍പര്യ ഹര്‍ജിയിലെ വാദം കേള്‍ക്കുന്നത് മാറ്റിവെച്ചത്.
അഭിഭാഷകനായ രാകേഷ് കുമാര്‍ സൈനി സമര്‍പ്പിച്ച ഹരജിയില്‍, 59 വയസ്സുകാരനായ ആക്ടിവിസ്റ്റിന് ഇതിനകം 8.5 കിലോഗ്രാം ഭാരം കുറഞ്ഞതായി ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി, മനുഷ്യശരീരത്തിന് അതിജീവിക്കാന്‍ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും മിനറലുകളും ദ്രവരൂപത്തിലുള്ള ആഹാരത്തിലൂടെ നിര്‍ബന്ധിതമായി നല്‍കുക എന്നതാണ്- ഹരജിയില്‍ പറയുന്നു.
പൊതുസ്ഥലത്ത് സമാധാനപരമായി പ്രതിഷേധിക്കുന്നത് പൗരന്മാരുടെ മൗലികവും ജനാധിപത്യപരവുമായ അവകാശമാണ്. ഈ രീതിയില്‍ അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍, അത് രാജ്യത്തിനും ലോകത്തിനും വലിയ നാണക്കേടായിരിക്കും. സ്വന്തം കണ്‍മുന്നില്‍ രാജ്യത്തെ ഒരു പൗരന്‍ പട്ടിണി കിടന്ന് മരിക്കാന്‍ കോടതി ഭരണകൂടത്തെ അനുവദിക്കില്ലെന്നും ഹര്‍ജിയിലുണ്ട്ഭരണകൂടം വാങ്ചുകിനെ ഒരു കടുത്ത കുറ്റവാളിയെപ്പോലെയോ, ഭീകരവാദിയെപ്പോലെയോ അല്ലെങ്കില്‍ രാജ്യദ്രോഹിയെപ്പോലെയോ ആണ് കാണുന്നതെന്നും അദ്ദേഹത്തെക്കുറിച്ച് ഒട്ടും ആശങ്കപ്പെടുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
കോടിക്കണക്കിന് വിദ്യാര്‍ത്ഥി സമൂഹത്തെ ബാധിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ പ്രധാനപ്പെട്ട ഒരു പൊതുവിഷയം ഉയര്‍ത്തിക്കാട്ടിയതിന്റെ പേരില്‍ ഉണ്ടായ ഈ നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍, ഇന്ത്യാ ഗവണ്‍മെന്റും ഡല്‍ഹി ഗവണ്‍മെന്റും ഒട്ടും ആശങ്കാകുലരല്ല എന്നത് ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണെന്നും ഹരജിയില്‍ തുടര്‍ന്ന് പറയുന്നു
യുവാക്കളുടെ രാഷ്ട്രീയ മുന്നണിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ട് ജൂണ്‍ 28 മുതല്‍ വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.
Content Highlights: A petition was filed in the Delhi High Court seeking urgent intervention to end activist Sonam Wangchuk’s 18-day hunger strike. The plea warns that the 59-year-old activist may not survive more than two days and requests the court to direct authorities to force-feed him liquid nutrients.




