Connect with us

Kerala

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം നടത്തുന്നു; ഗവര്‍ണര്‍ക്കെതിരെ സി പി എം പ്രത്യക്ഷ സമരം നടത്തും: എം വി ഗോവിന്ദന്‍

പൊതു സമൂഹത്തിലാകെ ഗവര്‍ണര്‍ നടത്തുന്ന അന്യായ ഇടപെടലുകള്‍ തുറന്ന് കാണിച്ചുകൊണ്ടുള്ള ആശയ പ്രചാരണത്തിനും പാര്‍ട്ടി രൂപം നല്‍കും.

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എല്ലാ ഭരണഘടനാ വ്യവസ്ഥകളും മറികടന്നാണ് മുന്നോട്ട് പോകുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടതി വിധികള്‍ പോലും ലംഘിക്കുകയാണ് ഗവര്‍ണറെന്ന് സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വി സിയായി നിയമിച്ച നടപടിയെ പരാമര്‍ശിക്കവേ ഗോവിന്ദന്‍ ആരോപിച്ചു.

ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം നടത്തുകയാണ്. ഗോള്‍വാള്‍ക്കറുടെ ചിത്രത്തില്‍ നമസ്‌കരിച്ച് ചുമതല ഏറ്റെടുത്ത വി സി അതിന് ഉദാഹരണമാണ്. കാവി വത്കരണത്തിനെതിരെ വിദ്യാര്‍ഥികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. ഗവര്‍ണറുടെ ഇത്തരം ഇടപെടലുകളില്‍ യു ഡി എഫ് നിലപാട് വ്യക്തമാക്കണമെന്ന് ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കാവിവത്കരണം നടപ്പാക്കുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കാനാകില്ല. സര്‍വകലാശാലകളുടെ കാര്യത്തില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സര്‍വകലാശാലകളില്‍ മാത്രമല്ല, പൊതു സമൂഹത്തിലാകെ ഗവര്‍ണര്‍ നടത്തുന്ന അന്യായ ഇടപെടലുകള്‍ തുറന്ന് കാണിച്ചുകൊണ്ടുള്ള ആശയ പ്രചാരണത്തിനും പാര്‍ട്ടി രൂപം നല്‍കും.

 

Latest