Connect with us

Articles

പേരറിവാളന്‍ ഒരു പ്രതീകമാണ്, ആരുടെ?

വൈകിയെത്തുന്ന നീതി അനീതിയാണെന്നറിയാന്‍ പേരറിവാളനോളം വലിയ ഉദാഹരണം ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തിലില്ല. ഭരണകൂട സന്നാഹങ്ങളുടെ വ്യാജ തിരക്കഥകളില്‍പ്പെട്ട് ഒറ്റ രാത്രി കൊണ്ട് ജീവിതം തകിടം മറിഞ്ഞുപോകുന്ന, അതിന്റെ പ്രഹരങ്ങളില്‍ നിന്ന്, വേദനകളില്‍ നിന്ന്, യാതനകളില്‍ നിന്ന് ഒരു കാലത്തും പുറത്തുകടക്കാന്‍ സാധിക്കാതെ ജീവിതം നരകതുല്യമാകുന്ന നിരാലംബരായ മനുഷ്യരുടെ പ്രതീകമാണ് അര്‍പ്പുതമ്മാളും മകന്‍ പേരറിവാളനും.

Published

|

Last Updated

“എല്ലാവരോടും നന്ദി പറയുന്നു. നീതിക്കു വേണ്ടി പോരാടാന്‍ നിര്‍ബന്ധിതരായ എല്ലാവര്‍ക്കും എന്റെ കഥ പ്രതീക്ഷ നല്‍കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജന്മനാടായ ജോലാര്‍പേട്ടില്‍ ചെറുപ്പത്തില്‍ ചെലവഴിച്ച മനോഹരമായ ദിവസങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അന്നും ഇന്നും തമ്മില്‍ ഒരു വലിയ വിടവ് കാണുന്നു. ഞാനിപ്പോള്‍ ഒരു മധ്യവയസ്‌കനാണ്, കൂടുതല്‍ പക്വതയും ജീവിതാനുഭവവുമുള്ള ഒരു മനുഷ്യനാണ്. എങ്ങനെയാണ് ഞാനീ വിടവ് നികത്താന്‍ പോകുന്നതെന്ന് എനിക്കറിയില്ല. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഞാന്‍ അവശേഷിപ്പിച്ച ചെറിയ കൂടല്ല എന്റെ നാട്’- രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് മുപ്പത് വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന എ ജി പേരറിവാളന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്. ഒരു ശരാശരി മനുഷ്യായുസ്സിന്റെ പകുതിയോളമാണ് പേരറിവാളന്റെ ജീവിതത്തില്‍ സംഭവിച്ച ആ വിടവ്. അത് നികത്താന്‍ ലോകത്തൊന്നിനും സാധ്യമല്ല. പേരറിവാളന്‍ തടവറയിലടക്കപ്പെട്ട 1991 ജൂണ്‍ പതിനൊന്നില്‍ നിന്ന് ഇന്നത്തെ ലോകം ഒരുപാട് മാറി. ആഗോളവത്കരണം ഇന്ത്യയിലെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും മുഖം മാറ്റിപ്പണിതു. കോണ്‍ഗ്രസ്സും ഇതര സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും മുഖ്യധാരാ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിച്ചിരുന്ന ഭൂതകാല ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു, ഗുജറാത്തില്‍ വംശഹത്യ അരങ്ങേറി, രാജ്യാധികാരം ഫാസിസ്റ്റ് ശക്തികളുടെ കൈകളിലകപ്പെട്ടു. മനുഷ്യജീവിതത്തിന്റെ സമഗ്രമേഖലകളിലും ഇതിനിടയില്‍ സ്‌ഫോടനാത്മകമായ മാറ്റങ്ങളുണ്ടായി. ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ വന്‍ കുതിച്ചുചാട്ടങ്ങള്‍ സംഭവിച്ചു. സിനിമകളടക്കമുള്ള കലാരൂപങ്ങള്‍ പുതിയ തലങ്ങളിലേക്ക് സഞ്ചരിച്ചു. ഇക്കാലയളവില്‍, ഇന്ത്യന്‍ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിലും ജനസാമാന്യത്തിന്റെ ദൈനംദിന ജീവിത സമവാക്യങ്ങളിലുമുണ്ടായ യാതൊരു മാറ്റവും നേരില്‍ കാണാനോ അനുഭവിക്കാനോ സാധിക്കാതെ തടവറയുടെ ഇരുട്ടില്‍ മൂന്ന് പതിറ്റാണ്ട് കഴിച്ചുകൂട്ടിയ പേരറിവാളന്‍ എന്ന പഴയ പത്തൊമ്പതുകാരന്‍ അമ്പതാമത്തെ വയസ്സില്‍ ലോകത്തിന്റെ വെളിച്ചത്തിലേക്ക് മോചിപ്പിക്കപ്പെട്ടിരിക്കുകയാണ്. പുറം ലോകത്ത് ജീവിച്ച ജീവിതത്തിന്റെ ഇരട്ടിയിലധികം അയാള്‍ ജയിലറയില്‍ ചെലവഴിച്ചു കഴിഞ്ഞു. അതില്‍ ഏറിയ കാലവും ഏകാന്ത തടവില്‍. ഇന്നോ നാളെയോ തൂക്കിലേറ്റപ്പെടുമെന്ന ഭീതിയില്‍ അയാള്‍ തള്ളി നീക്കിയത് 16 വര്‍ഷങ്ങളാണ്. കൊടിയ മര്‍ദനങ്ങളും പീഡനവും സമ്മാനിച്ച നിത്യരോഗാവസ്ഥ വേറെയും. നിരപരാധിയായ തന്റെ മകനെ പുറംലോകത്തെത്തിച്ചേ താന്‍ അടങ്ങൂ എന്ന നിശ്ചയദാര്‍ഢ്യത്തില്‍ ജീവിച്ച അര്‍പ്പുതമ്മാള്‍ എന്ന സമര ജീവിതത്തിന്റെ, എഴുപത്തിയഞ്ച് വയസ്സ് പിന്നിട്ടിട്ടും തളരാത്ത പോരാട്ട വീര്യത്തിന്റെ വിജയമാണ് പേരറിവാളന്റെ ഒടുവിലത്തെ ഈ മോചനമെങ്കിലും ഒരിക്കലും “നീതി ലഭിച്ചു’ എന്ന് പറയാന്‍ കഴിയാത്തവിധത്തില്‍ ഭരണകൂടവും അതിന്റെ സംവിധാനങ്ങളും മാപ്പര്‍ഹിക്കാത്ത തെറ്റ് ആ മനുഷ്യജീവിതത്തോട് എന്നേ ചെയ്തു കഴിഞ്ഞു. വൈകിയെത്തുന്ന നീതി അനീതിയാണെന്നറിയാന്‍ പേരറിവാളനോളം വലിയ ഉദാഹരണം ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തിലില്ല. ഭരണകൂട സന്നാഹങ്ങളുടെ വ്യാജ തിരക്കഥകളില്‍പ്പെട്ട് ഒറ്റ രാത്രി കൊണ്ട് ജീവിതം തകിടം മറിഞ്ഞുപോകുന്ന, അതിന്റെ പ്രഹരങ്ങളില്‍ നിന്ന്, വേദനകളില്‍ നിന്ന്, യാതനകളില്‍ നിന്ന് ഒരു കാലത്തും പുറത്തുകടക്കാന്‍ സാധിക്കാതെ ജീവിതം നരകതുല്യമാകുന്ന നിരാലംബരായ മനുഷ്യരുടെ പ്രതീകമാണ് അര്‍പ്പുതമ്മാളും മകന്‍ പേരറിവാളനും.
പേരറിവാളന്റെ അറസ്റ്റ്
1991ലെ ലോക്‌സഭാ തിരഞ്ഞടുപ്പ് കാലം. കോണ്‍ഗ്രസ്സ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി വിശാഖപട്ടണത്തെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം മെയ് 21ന് രാത്രി തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരിലെ പ്രചാരണ പരിപാടിക്കെത്തി. കാറില്‍ പൊതുയോഗ സ്ഥലത്തെത്തിയ അദ്ദേഹം വേദിക്കരികിലേക്ക് നടന്നു. പൂച്ചെണ്ടുകളും പൂമാലകളുമായി അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തില്‍ നിന്ന് പതിനേഴ് വയസ്സുകാരിയായ ഒരു പെണ്‍കുട്ടി മുന്നോട്ടുവന്നു. അനുഗ്രഹം തേടാനെന്നതുപോലെ രാജീവ് ഗാന്ധിയുടെ കാലില്‍ തൊടാന്‍ കുനിഞ്ഞ തേന്‍മൊഴി രാജരത്‌നം എന്ന ആ പെണ്‍കുട്ടി തന്റെ അരയില്‍ സ്ഥാപിച്ചിരുന്ന ബെല്‍റ്റ് ബോംബിന്റെ ബട്ടണ്‍ അമര്‍ത്തി. ഉഗ്ര സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധിയടക്കം 14 പേര്‍ കൊല്ലപ്പെട്ടു, രാജ്യം നടുങ്ങി. പ്രധാനമന്ത്രി അതിദാരുണമായി കൊല്ലപ്പെട്ടതിന്റെ ഭീകരാന്തരീക്ഷത്തില്‍ രാജ്യമാസകലം വിറങ്ങലിച്ചു നിന്ന തുടര്‍ ദിവസങ്ങളിലൊന്നില്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലുള്ള ജോലാര്‍പേട്ട് എന്ന ഗ്രാമത്തിലെ അര്‍പ്പുതമ്മാളിന്റെ വീട്ടിലേക്ക് ഒരു സംഘം പോലീസുകാര്‍ എത്തി. 19 വയസ്സുകാരനായ പേരറിവാളനെക്കുറിച്ചായിരുന്നു പോലീസുകാര്‍ക്ക് അറിയേണ്ടിയിരുന്നത്. ഡിപ്ലോമ പഠനത്തിന് ശേഷം ചെന്നൈയില്‍ ജോലി ചെയ്യുകയായിരുന്നു അറിവ് അന്ന്. ചില വിവരങ്ങള്‍ ചോദിക്കാനായി ചെന്നൈയിലെ മല്ലിഗൈയിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസില്‍ അറിവിനെ എത്തിക്കണമെന്ന് പോലീസുകാര്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം അര്‍പ്പുതമ്മാള്‍ ചെന്നൈയിലേക്ക് പുറപ്പെട്ടു. അറിവിനെയും കൂട്ടി പൊലീസുകാരെ ചെന്ന് കണ്ട ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി ഒന്നിച്ച് നാട്ടിലേക്കു മടങ്ങാമെന്നായിരുന്നു അവര്‍ കണക്കുകൂട്ടിയത്. ദിവസങ്ങള്‍ക്ക് ശേഷം പരസ്പരം കണ്ട സന്തോഷത്തില്‍ അമ്മയും മകനും ചെന്നൈ നഗരത്തില്‍ ചുറ്റിക്കറങ്ങി. ശേഷം താമസ സ്ഥലത്തെത്തിയപ്പോള്‍, അവിടെ അവരെയും കാത്ത് ഒരു സംഘം സി ബി ഐ ഉദ്യോഗസ്ഥരുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം തിരികെയെത്തിക്കാം എന്ന് അര്‍പ്പുതമ്മാളിന് വാക്ക് നല്‍കിയ ശേഷം, അവര്‍ അറിവിനെയും കൂട്ടിക്കൊണ്ടുപോയി. പിറ്റേ ദിവസത്തെ പത്രത്തില്‍ നിന്നാണ് അര്‍പ്പുതമ്മാള്‍ അറിയുന്നത് തന്റെ മകനെ പോലീസ് കൊണ്ടുപോയത് രാജ്യത്തെ നടുക്കിയ രാജീവ് ഗാന്ധി വധക്കേസിലാണെന്നത്. പത്തൊമ്പതാമത്തെ വയസ്സില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയ അറിവ് എന്ന എ ജി പേരറിവാളന്‍ പിന്നീടുള്ള മുപ്പത് വര്‍ഷം പുറംലോകം കണ്ടില്ല. പ്രധാനമന്ത്രിയുടെ ഘാതകര്‍ക്കെതിരായ പൊതുബോധത്തെയും ജനരോഷത്തെയും തൃപ്തിപ്പെടുത്താനായി കരുവാക്കപ്പെട്ടയാള്‍ എന്ന വിശേഷണമായിരിക്കും പേരറിവാളന് കൂടുതല്‍ ചേരുക. കെട്ടിച്ചമച്ച കുറ്റപത്രങ്ങളുടെയും ഉദാസീനമായ കേസന്വേഷണ വഴികളുടെയും ക്രൂരമായ മനുഷ്യാവകാശ-നീതി നിഷേധങ്ങളുടെയും കഥയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ പേരറിവാളന്റെ ജീവിതം.
ഞൊടിയിടയില്‍ ബോംബ് സ്പെഷ്യലിസ്റ്റ്!
പെരിയാറിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് യുക്തിവാദ മാര്‍ഗം പിന്തുടര്‍ന്നിരുന്ന കുടുംബത്തിലാണ് അറിവ് വളര്‍ന്നത്. ദ്രാവിഡ കഴകത്തോടുള്ള ചായ്വും തമിഴ് ദേശീയ പ്രസ്ഥാനങ്ങളോടുള്ള ആശയപരമായ അടുപ്പവും അയാളെ അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയദൃഷ്ടിയില്‍ എത്തിക്കുകയായിരുന്നു. അന്ന് നിരോധിച്ചിട്ടില്ലാത്ത എല്‍ ടി ടി ഇ എന്ന സംഘടനയോട് മനസ്സുകൊണ്ട് ഐക്യപ്പെട്ടിരുന്ന തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് കൗമാരക്കാരില്‍ ഒരാള്‍ മാത്രമായിരുന്നു പേരറിവാളന്‍. സി ബി ഐയുടെ കസ്റ്റഡിയില്‍ എത്തപ്പെട്ടതിന് ശേഷം കോടതിയില്‍ ഹാജരാക്കുന്നതു വരെ നേരിട്ട അതിക്രമങ്ങളെയും അനീതിയെയും കുറിച്ച് ജയിലില്‍ നിന്ന് എഴുതിയ അനവധി കത്തുകളിലും ലേഖനങ്ങളിലുമായി പേരറിവാളന്‍ പലതവണ വിശദീകരിച്ചിട്ടുണ്ട്. അറിവിന്റെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് ചോദിച്ചറിയുകയും ഇലക്ട്രോണിക്സില്‍ ഡിപ്ലോമയുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്ത ശേഷമുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ചോദ്യം “നിങ്ങളല്ലേ ബോംബ് ഉണ്ടാക്കിയത്’ എന്നായിരുന്നു. താന്‍ ഏറെ അഭിമാനിച്ചിരുന്ന തന്റെ വിദ്യാഭ്യാസം തനിക്കുള്ള കുരുക്കായി മാറുകയും ഞൊടിയിടയില്‍ താനൊരു “ബോംബ് സ്പെഷ്യലിസ്റ്റാ’യി അവതരിപ്പിക്കപ്പെടുകയും ചെയ്തുവെന്നാണ് അറിവ് പറഞ്ഞത്. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബെല്‍റ്റ് ബോംബ് പ്രവര്‍ത്തിക്കാനാവശ്യമായിരുന്ന ഒമ്പത് വോള്‍ട്ട് ബാറ്ററി, കേസില്‍ പ്രതിയായ ശിവരശന്‍ എന്നയാള്‍ക്ക് വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റാരോപണം. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഈ ആരോപണം കെട്ടിച്ചമക്കപ്പെട്ടതാണെന്ന് പേരറിവാളന്‍ തന്നെ തെളിയിച്ചു കഴിഞ്ഞു.
ക്രൂരമായ മര്‍ദനങ്ങള്‍
മല്ലിഗൈയില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് വിശദമായിത്തന്നെ അറിവ് വെളിപ്പെടുത്തിയിട്ടുണ്ട്. അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തി നഗ്ന ശരീരത്തില്‍ കടുത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചു. ഷൂസിട്ട കാലു കൊണ്ട് ചവിട്ടുകയും വൃഷണങ്ങളില്‍ കാല്‍മുട്ട് കൊണ്ട് ഇടിക്കുകയും ചെയ്തു. വേദന കൊണ്ട് പുളഞ്ഞ് നിലത്ത് വീണിട്ടും ഇളവുണ്ടായില്ല. ഭക്ഷണമോ വെള്ളമോ നല്‍കിയില്ല. മൂത്രമൊഴിക്കാന്‍ പോലും അനുവദിച്ചില്ല. 24 മണിക്കൂറും കൈകള്‍ ചങ്ങലയിട്ട് ബന്ധിച്ചു. പി വി സി പൈപ്പില്‍ സിമന്റ് നിറച്ച് കാലിന്റെ പിന്‍ഭാഗത്തെ പേശികളില്‍ ആഞ്ഞടിച്ചു. മതിലിനോടു ചേര്‍ത്ത് നിര്‍ത്തി കാലുകള്‍ തമ്മില്‍ വലിച്ചകറ്റി. വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വെച്ച് ഞെരിച്ചുടച്ചു. നഖങ്ങള്‍ക്കിടയില്‍ മൊട്ടുസൂചി കയറ്റി. തീരെ ഉറങ്ങാന്‍ സമ്മതിച്ചില്ല. അതി ക്രൂരമായിരുന്നു ആ പത്തൊമ്പതുകാരന്‍ അന്നനുഭവിച്ച പീഡനങ്ങള്‍. കോടതിയില്‍ ഹാജരാക്കുന്ന സമയങ്ങളില്‍ മര്‍ദന വിവരം പുറത്തറിയിച്ചാല്‍ പിന്നീടുള്ള പീഡനം ഇതിലും ക്രൂരമായിരിക്കും എന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും അറിവ് പറയുന്നു.
നിരപരാധിത്വം തെളിയിക്കാന്‍ പോരാട്ടം
അറുപത് ദിവസത്തോളം പോലീസ് കസ്റ്റഡിയിലായിരുന്നു പേരറിവാളന്‍. ഇതിനിടയിലൊരിക്കല്‍, ചില കടലാസുകളില്‍ അറിവിനെക്കൊണ്ട് പോലീസ് ഒപ്പ് വെപ്പിക്കുകയും ചെയ്തു. എന്നാല്‍ തനിക്കുള്ള കൊലക്കയറായിരുന്നു അതെന്ന് അറിവ് അറിഞ്ഞില്ല. അന്ന് ഇന്ത്യയിലുണ്ടായിരുന്ന ഭീകര നിയമമായ ടാഡ നിയമത്തിന് കീഴില്‍ ഉദ്യോഗസ്ഥര്‍ എഴുതി തയ്യാറാക്കിയ കുറ്റസമ്മതമൊഴിയിലായിരുന്നു ഉദ്യോഗസ്ഥര്‍ അറിവിനെക്കൊണ്ട് ഒപ്പ് വെപ്പിച്ചത്. അറിവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ വിശ്രമമില്ലാത്ത നിയമ പോരാട്ടവുമായി അര്‍പ്പുതമ്മാള്‍ രംഗത്ത് വന്നു. നീതി തേടി അവര്‍ മുട്ടാത്ത വാതിലുകളില്ല. പക്ഷേ ഫലം കണ്ടില്ല. പേരറിവാളന്‍ അടക്കം രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 26 പേര്‍ക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിയില്‍ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി തൊട്ടടുത്ത വര്‍ഷം, 1999 മെയില്‍, നാല് പേരുടേതൊഴികെയുള്ളവരുടെ വധശിക്ഷകള്‍ ഇളവു ചെയ്തു. എന്നാല്‍ നളിനി, മുരുകന്‍, ശാന്തന്‍ എന്നിവര്‍ക്കൊപ്പം വധശിക്ഷ ശരിവെക്കപ്പെട്ടവരില്‍ പേരറിവാളനും ഉണ്ടായിരുന്നു. പേരറിവാളന്‍ അറിഞ്ഞുകൊണ്ട് കുറ്റം ചെയ്തുവെന്ന പോലീസുകാര്‍ തയ്യാറാക്കിയ മൊഴിയായിരുന്നു അറിവിനെ വധശിക്ഷാ വിധിക്ക് ഇരയാക്കിയത്. രാജീവ് ഗാന്ധി വധക്കേസ് അവസാനിച്ചുവെന്നും നീതി നടപ്പാക്കപ്പെട്ടുവെന്നും രാജ്യം വിശ്വസിച്ചു. പക്ഷേ, കേസ് അവസാനിച്ചിട്ടില്ലെന്ന് പരിപൂര്‍ണബോധ്യമുള്ള രണ്ട് പേര്‍ അപ്പോഴും പോരാട്ടം തുടര്‍ന്നു, പേരറിവാളനും അര്‍പ്പുതമ്മാളും.
കുറ്റസമ്മതത്തില്‍ രേഖപ്പെടുത്തി എന്നതല്ലാതെ, പേരറിവാളന്‍ ബാറ്ററി വാങ്ങിയതിനോ ശിവരശനു കൈമാറിയതിനോ യാതൊരു തെളിവും ഉണ്ടായിരുന്നില്ല. ബോംബ് നിര്‍മിച്ചത് ആര്, ഗൂഢാലോചനാ സംഘത്തില്‍ ആരെല്ലാം ഉണ്ടായിരുന്നു തുടങ്ങി തന്ത്രപ്രധാനമായ പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. കേസിലെ അന്താരാഷ്ട്ര ഗൂഢാലോചനകള്‍ പുറത്തു കൊണ്ടുവരാനായി സി ബി ഐയും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങും സംയുക്തമായി രൂപം കൊടുത്ത മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജന്‍സി അഥവാ എം ഡി എം എ കോടതിയില്‍ റിപോര്‍ട്ടുകളൊന്നും സമര്‍പ്പിച്ചിരുന്നില്ല. എം ഡി എം എയുടെ റിപോര്‍ട്ടുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കപ്പെടണമെന്നും പരിശോധിക്കപ്പെടണമെന്നും പേരറിവാളന്‍ നിരന്തരമായി ആവശ്യപ്പെട്ടു. തന്റെ കുറ്റസമ്മതം വളച്ചൊടിച്ചതും കെട്ടിച്ചമച്ചതുമാണെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. പ്രതികളുടെ വയര്‍ലെസ് സംഭാഷണത്തില്‍ നിന്ന്, ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നത് മൂന്ന് പേര്‍ക്ക് മാത്രമാണെന്നത് വ്യക്തമാണെന്ന് വാദിച്ചു. അക്കൂട്ടത്തില്‍ തന്റെ പേരില്ലെന്ന് ചൂണ്ടിക്കാണിച്ചു. 2013ല്‍, കേസില്‍ വലിയ വഴിത്തിരിവുണ്ടായി. വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സി ബി ഐ ഉദ്യോഗസ്ഥന്‍ ത്യാഗരാജന്‍ പേരറിവാളന്റെ മൊഴിയില്‍ താന്‍ കാണിച്ച കൃത്രിമം വെളിപ്പെടുത്തി. ഒമ്പത് വോള്‍ട്ടിന്റെ ബാറ്ററികള്‍ വാങ്ങിയിരുന്നു എന്ന അറിവിന്റെ മൊഴിക്കൊപ്പം, ‘ഈ ബാറ്ററികളാണ് ബോംബില്‍ ഉപയോഗിച്ചത്’ എന്ന വാചകം താന്‍ സ്വയം ഉള്‍പ്പെടുത്തിയതാണെന്നായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തല്‍. ഗൂഢാലോചനയില്‍ അറിവിന് പങ്കുണ്ടായിരുന്നു എന്നുറപ്പിക്കാന്‍ ആധാരമായ ഒരേയൊരു തെളിവായിരുന്നു ഈ വാചകം. മൊഴി തിരുത്തിയതാണെന്ന് വ്യക്തമായതോടെ, അറിവിന്റെ നിരപരാധിത്വം ഏറെക്കുറെ പൂര്‍ണമായും വെളിപ്പെട്ടു. 2017ല്‍ ഇക്കാര്യം ത്യാഗരാജന്‍ സത്യവാങ്മൂലമായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. വര്‍ഷങ്ങളോളം പേരറിവാളന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ ശരിവെച്ചിട്ടും, കേസില്‍ പിന്നീടും യാതൊരു പുരോഗതിയും ഉണ്ടായില്ല. നീതിയുടെ വെളിച്ചം അപ്പോഴും അറിവിനെ തേടി എത്തിയില്ല. നിയമത്തിന്റെ സങ്കീര്‍ണതകളില്‍പ്പെട്ട് തടവറയുടെ ഇരുട്ടില്‍ തന്നെ പേരറിവാളന്റെ ജീവിതം വര്‍ഷങ്ങളോളം കുരുങ്ങിക്കിടന്നു.
വധശിക്ഷയില്‍ നിന്നുള്ള രക്ഷ
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ കാലയളവില്‍ പേരറിവാളന്‍ ധാരാളം ഹരജികള്‍ പലര്‍ക്കും നല്‍കി. താന്‍ ശേഖരിച്ച രേഖകളും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ട് രാഷ്ട്രപതിക്കയച്ച വിശദമായ കത്ത് An Appeal From the Death Row എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വധശിക്ഷക്കെതിരായി പേരറിവാളനും മറ്റ് മൂന്ന് പേരും നല്‍കിയ ദയാഹരജി പതിനൊന്ന് വര്‍ഷത്തോളമാണ് പ്രതികരണമില്ലാതെ കിടന്നത്. താന്‍ ആവശ്യപ്പെടുന്നത് ദയ അല്ലെന്നും നീതിയാണെന്നും പേരറിവാളന്‍ ജയിലില്‍ നിന്ന് എഴുതി. ഒടുവില്‍, ദയാഹരജി വര്‍ഷങ്ങളോളം പരിഗണിക്കാതെ പോയെന്നത് കണക്കിലെടുത്ത്, 2014 ഫെബ്രുവരി 18ന് പേരറിവാളന്റെയും മറ്റ് രണ്ട് പേരുടെയും വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. പേരറിവാളന്‍ എന്തുകൊണ്ട് വധശിക്ഷ അര്‍ഹിക്കുന്നില്ല എന്ന് അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വാദിച്ചപ്പോള്‍, തന്റെ നിരപരാധിത്വം വിശദീകരിക്കാനാണ് പേരറിവാളന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ പേരറിവാളന്റെ മോചനഹരജിയില്‍ ഉചിതമായ തീരുമാനം സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് കോടതി അറിയിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പേരറിവാളന്റെ മോചനത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ അതൃപ്തി അറിയിച്ച സുപ്രീം കോടതി ഒടുവില്‍ ഭരണഘടനയുടെ 142ാം അനുഛേദം ഉപയോഗിച്ച് പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
പേരറിവാളന്റെ മോചനത്തിന്റെ സാഹചര്യത്തില്‍ അന്യായമായ തടവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഈയിടെ പുറത്തുവിട്ട ഒരു റിപോര്‍ട്ട് നാം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 76 ശതമാനവും വിചാരണാ തടവുകാരാണെന്നും അതില്‍ 73 ശതമാനം പേര്‍ ദളിത് – ആദിവാസി – പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും 20 ശതമാനം പേര്‍ മുസ്‌ലിംകളാണെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്. വിചാരണ പോലും നേരിടാതെ രാജ്യത്തെ ജയിലുകളില്‍ കാലങ്ങളോളം കഴിയേണ്ടി വരുന്നവരില്‍ ബഹുഭൂരിപക്ഷവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് എന്നതിന് സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. പതിറ്റാണ്ടുകള്‍ തടവില്‍ കഴിയേണ്ടി വരുന്ന നിരപരാധികള്‍ തുടര്‍ക്കഥയാകുന്ന കാലത്ത് പ്രത്യേകിച്ചും.

(ട്രൂകോപ്പി തിങ്കിന്റെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റാണ് ലേഖകന്‍)

മാധ്യമപ്രവർത്തകൻ

Latest