Uae
അറബ് ലോകത്തിന്റെ ചരിത്ര സന്ദേശങ്ങൾ വ്യാപിപ്പിക്കാൻ ഹിസ്റ്ററി അക്കാദമി
യു എ ഇയിലെ ഏറ്റവും വലിയ കണ്ടന്റ്മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ്പ്ലാറ്റ്ഫോമായ "വിഷനേഴ്‌സ്' ഗ്രൂപ്പിന്റെ കീഴിലാണ് അക്കാദമി പ്രവർത്തിക്കുക

ദുബൈ| അറബ് മേഖലയുടെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമിക്കുന്ന ആദ്യത്തെ സംരംഭമായ ഹിസ്റ്ററി അക്കാദമി ദുബൈയിൽ പ്രവർത്തനമാരംഭിച്ചു. യു എ ഇയിലെ ഏറ്റവും വലിയ കണ്ടന്റ്മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ്പ്ലാറ്റ്ഫോമായ “വിഷനേഴ്‌സ്’ ഗ്രൂപ്പിന്റെ കീഴിലാണ് അക്കാദമി പ്രവർത്തിക്കുക. ചരിത്രപരമായ അറബ് ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രചാരം നൽകാനും ആഗോള ഡിജിറ്റൽ ലോകത്ത് അതിന്റെ സാന്നിധ്യം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം.
ഇതിന്റെ ഭാഗമായി അക്കാദമി അതിന്റെ ആദ്യ പരിശീലന പരിപാടിയായ “ഹിസ്റ്റോറിക്കൽ കണ്ടന്റ്ക്രിയേറ്റേഴ്‌സ്’ ആരംഭിച്ചു. ജൂലൈ അവസാനം വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട കണ്ടന്റ്ക്രിയേറ്റർമാർക്ക് ചരിത്രപരമായ വിവരങ്ങൾ ആകർഷകമായ ശൈലിയിൽ അവതരിപ്പിക്കാനും യുവതലമുറക്ക് പ്രചോദനം നൽകാനും അറബ് സംസ്‌കാരത്തെക്കുറിച്ച് അവബോധം വളർത്താനും പരിശീലനം നൽകും.
സർവകലാശാല വിദ്യാർഥികൾ, ക്രിയേറ്റീവ് ഇൻഫ്ലുവൻസർമാർ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ തുടങ്ങി അറബ് ചരിത്രത്തിൽ താത്പര്യമുള്ള നിരവധി പ്രതിഭകളെ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു. ക്രിയേറ്റീവ് സ്റ്റോറിടെല്ലിംഗ്, സിനിമാറ്റോഗ്രാഫി, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള എഡിറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സ്ട്രാറ്റജികൾ, ഫോട്ടോഗ്രാഫി എന്നിവ ഉൾപ്പെടെ നിരവധി പ്രധാന വിഷയങ്ങൾ ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളുന്നു. കഴിഞ്ഞ മേയിൽ ആരംഭിച്ച പ്രമോഷൻ കാമ്പയിനിൽ 20 രാജ്യങ്ങളിൽ നിന്ന് 1,000ത്തോളം അപേക്ഷകൾ ലഭിച്ചിരുന്നു. വിദഗ്ധ സമിതി നടത്തിയ അഭിമുഖങ്ങൾക്ക് ശേഷം 65 അപേക്ഷകരെ തിരഞ്ഞെടുത്തു. ഇവർക്കാണ് പരിശീലനം നൽകുക.
ചരിത്ര അക്കാദമിയുടെയും “ഹിസ്റ്റോറിക്കൽ കണ്ടന്റ് ക്രിയേറ്റേഴ്‌സ്’ പ്രോഗ്രാമിന്റെയും ലോഞ്ചിംഗ് പരിപാടിയിൽ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി, യു എ ഇ ഗവൺമെന്റ് മീഡിയ ഓഫീസ് ചെയർമാൻ സഈദ് അൽ അത്ർ തുടങ്ങിയവർ പങ്കെടുത്തു. ചരിത്രപരമായ ഉള്ളടക്കം നിർമിക്കുന്നവർ കാലഘട്ടത്തിന്റെയും സർഗാത്മകതയുടെയും പ്രതിനിധികളാണെന്നും അവർ കഴിഞ്ഞ കാലത്തെ ഓർമകൾ പുനരുജ്ജീവിപ്പിക്കുകയും കൃത്യതയോടെ വസ്തുതകൾ അവതരിപ്പിക്കുകയും തെറ്റായ വിവരങ്ങൾ തിരുത്തുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.