Connect with us

Kerala

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചു; ഉത്തരവിറക്കി സര്‍ക്കാര്‍

പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവന-വേതന വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിച്ചു കൊണ്ടുള്ളതാണ് ഉത്തരവ്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച് ഉത്തരവ്. ഈമാസം 29ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് പെന്‍ഷന്‍ പ്രായം 60 ആക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവന-വേതന വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിച്ചു കൊണ്ടുള്ളതാണ് ഉത്തരവ്. 122 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആറ് ധനകാര്യ കോര്‍പ്പറേഷനുകള്‍ക്കും ഉത്തരവ് ബാധകമാകും.

പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആണ്. ചിലതില്‍ 60ഉം. ഇത് ഏകീകരിച്ച് 60 ആക്കാനാണ് ഉത്തരവില്‍ പറയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതു മാനദണ്ഡം രൂപവത്കരിക്കാന്‍ 2017ല്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി 2020 നവംബര്‍ 30ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സെക്രട്ടറിതല കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ചു. റിപ്പോര്‍ട്ട് കഴിഞ്ഞ ഏപ്രിലില്‍ മന്ത്രിസഭാ യോഗം പരിഗണിക്കുകയും തുടര്‍ നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.

തൊഴില്‍രഹിതരായ യുവാക്കളോടുള്ള വെല്ലുവിളി: എ ഐ വൈ എഫ്
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ എ ഐ വൈ എഫ്. യുവജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഉത്തരവ് പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണിത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് ഇടത് മുന്നണിയുടെ നയമല്ല. യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സെക്രട്ടറി ടി ടി ജിസ്മോന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest