Uae
എക്സ്പോ സിറ്റിയില്‍ കാല്‍നട സൗഹൃദം മുഖ്യം; അത്യാവശ്യ സ്ഥലങ്ങളില്‍ വാഹന സൗകര്യം
വേഗ നിയന്ത്രണം, അമിത ശബ്ദ നിരോധം എന്നിവ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.

ദുബൈ|എക്സ്പോ സിറ്റിയെ ചുറ്റിപ്പറ്റിയുള്ള വികസനത്തില്‍ പ്രദേശം മുഴുവന്‍ കാല്‍നട സൗഹൃദമാക്കാന്‍ പദ്ധതി. എന്നിരുന്നാലും വാഹന ഗതാഗതം തീര്‍ത്തും ഒഴിവാക്കില്ല. വേഗ നിയന്ത്രണം, അമിത ശബ്ദ നിരോധം എന്നിവ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. എക്‌സ്‌പോ സിറ്റിയെ പൂര്‍ണമായും വാഹനരഹിതമാക്കാനായിരുന്നു നേരത്തെയുള്ള ആസൂത്രണം. പുതിയ മാസ്റ്റര്‍ പ്ലാന്‍ സ്വകാര്യ, ഡെലിവറി, എമര്‍ജന്‍സി വാഹനങ്ങള്‍ ചില മേഖലകളില്‍ പ്രവേശിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നതായി എക്‌സ്‌പോ സിറ്റി ദുബൈ ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ അഹ്്മദ് അല്‍ ഖത്തീബ് വ്യക്തമാക്കി.
കാല്‍നടയാത്രക്കാര്‍ക്ക് സജീവമായി മുന്‍ഗണന നല്‍കുന്നു. അതേസമയം പൊതുഗതാഗതവും സോഫ്റ്റ് മൊബിലിറ്റി സാധ്യതകളും ഉപയോഗിക്കാന്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നു. പ്രദേശത്ത് വിശാലമായ പാര്‍ക്കിംഗ് ഹബ്ബുകള്‍ നല്‍കുന്നു. പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങള്‍ പക്ഷെ കാല്‍നട കേന്ദ്രീകൃത മേഖലകളായിരിക്കും. വാഹനങ്ങളേക്കാള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഗണ്യമായ മുന്‍ഗണന നല്‍കുകയും വാഹനങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യും. നഗരത്തിലുടനീളമുള്ള കാല്‍നട റൂട്ടുകളില്‍ പ്രധാന വാഹന റൂട്ടുകളിലെ നടപ്പാതകളും സമര്‍പ്പിത പാതകളും സിക്കകളും ഉള്‍പ്പെടും.
അതേസമയം 70 ശതമാനം നടപ്പാതകളും മേലാപ്പുള്ളതായിരിക്കും. എക്സ്പോ 2020ന് വേണ്ടി വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും 80 ശതമാനത്തിലധികം നിലനിര്‍ത്തും. ‘ഇതില്‍ ടെറ, അലിഫ്, കണക്റ്റ് കോണ്‍ഫറന്‍സ് സെന്റര്‍ (അവസര പവലിയന്‍) എന്നിവ ഉള്‍പ്പെടുന്നു. അല്‍ വസല്‍, റോവ് – എക്സ്പോ സിറ്റി, ലീഡര്‍ഷിപ്പ് പവലിയന്‍, യു എ ഇ പവലിയന്‍, സര്‍റിയല്‍ വാട്ടര്‍ ഫീച്ചര്‍ എന്നിവ 2025-ല്‍ ഷെവല്‍ മൈസണ്‍ സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റുകളായി മാറും. ഘട്ടം ഘട്ടമായാണ് വികസനം. ‘ഇപ്പോള്‍, എക്സ്‌പോ വാലി, കണ്ടല്‍ക്കാടുകള്‍, സ്‌കൈ റെസിഡന്‍സുകള്‍ എന്നിവയില്‍ നിര്‍മാണ പുരോഗതിയുണ്ട്. ആദ്യ യൂണിറ്റുകള്‍ 2026 ആദ്യ പകുതിയോടെ കൈമാറ്റം ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു.
നിക്ഷേപകര്‍ക്കും ഡവലപ്പര്‍മാര്‍ക്കും പ്ലോട്ടുകള്‍ ലഭ്യമാണ്. വാടകക്ക് ഓഫീസ് സ്ഥലങ്ങളുണ്ട്. എക്‌സ്‌പോ വാലിയില്‍ ആദ്യ താമസക്കാര്‍ 2026ല്‍ എത്തും. 484 വില്ലകളും ടൗണ്‍ഹൗസുകളുമുള്ള ഒരു പ്രീമിയം കമ്മ്യൂണിറ്റിയെയാണ് പ്രതീക്ഷിക്കുന്നത്. എക്സ്‌പോ ഡൗണ്‍ ടൗണില്‍ മൂന്ന് റെസിഡന്‍ഷ്യല്‍ ടവറുകളുണ്ട്. ഒന്ന് മുതല്‍ മൂന്ന് വരെ കിടക്കകളുള്ള 450 അപ്പാര്‍ട്ടുമെന്റുകള്‍, നാല് കിടക്കകളുള്ള ലോഫ്റ്റ് അപ്പാര്‍ട്ട്‌മെന്റുകള്‍, മൂന്ന് കിടക്കകളുള്ള ടൗണ്‍ ഹൗസുകള്‍ എന്നിവ ഒരുങ്ങുന്നു. എക്‌സ്‌പോ ഹില്‍സ് കുറഞ്ഞ സാന്ദ്രതയുള്ള റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റിയായിരിക്കും, അതേസമയം എക്‌സ്‌പോ ഫീല്‍ഡുകള്‍, സ്‌കൂള്‍, സ്‌പോര്‍ട്‌സ് ഫീല്‍ഡുകള്‍, ഓപ്പണ്‍ പെര്‍ഫോമന്‍സ് ഏരിയകളായി വര്‍ത്തിക്കും.