Connect with us

Farmers Protest

ഭരണകൂടത്തെ വിറപ്പിച്ച കർഷക വീര്യം

മഹാരാഷ്ട്രയിലെ കാർഷിക ജില്ലയായ നാസികിലെ ദിണ്ഡോരി ഗ്രാമത്തിൽ നിന്ന് ഈ മാസം 12ന് ആരംഭിച്ച മാർച്ച് നൂറ്റിയെഴുപത് കിലോമീറ്ററുകൾ താണ്ടി 23ന് മുംബൈയിലെത്തിച്ചേരേണ്ടതായിരുന്നു. അഞ്ച് വർഷം മുമ്പ് നടന്ന പ്രതിഷേധത്തിന്റെ ചൂട് നന്നായറിഞ്ഞ സംസ്ഥാന സർക്കാർ ജാഥ തുടങ്ങി നാല് ദിവസത്തിനകം കർഷക നേതാക്കളുമായി ചർച്ചക്ക് സന്നദ്ധമായി. കിസാൻ സഭയുടെ മുഴുവൻ ആവശ്യങ്ങളും സർക്കാർ ശരിവെച്ചതോടെയാണ് കർഷകർ പിരിഞ്ഞുപോയത്.

Published

|

Last Updated

2018 ലെ മാർച്ച് മാസത്തിലായിരുന്നു മഹാരാഷ്ട്രയിൽ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്തിൽ അമ്പതിനായിരത്തിലേറെ കർഷകരെ അണിനിരത്തിയ കിസാൻ ലോംഗ് മാർച്ച് നടന്നത്. കത്തിയാളുന്ന വെയിലിനെയും ചൂടിനെയും അതിജീവിച്ച് കാർഷിക ഗ്രാമങ്ങളും പട്ടണങ്ങളും താണ്ടി ദേശീയ പാതയിലൂടെ കാൽനടയായി മുംബൈ നഗരത്തിലെത്തിയ കർഷകർ രാജ്യാധികാരത്തെ ചോദ്യം ചെയ്യുകയും കർഷക വിരുദ്ധ ഭരണവ്യവസ്ഥയെ പരസ്യവിചാരണക്ക് വിധേയമാക്കുകയും ചെയ്തതോടെ സർക്കാറിന് മുട്ടുമടക്കേണ്ടി വന്നു. തുടക്കത്തിൽ പുറം തിരിഞ്ഞ് നിന്നെങ്കിലും പ്രതിഷേധാഗ്‌നി ആളിക്കത്തിയതോടെ സർക്കാറിന് കർഷകരുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കേണ്ടി വന്നു. അന്ന് ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹാരം കാണാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും പ്രതിഷേധ ജാഥയുമായി കർഷകരും തൊഴിലാളികളും അഞ്ച് വർഷങ്ങൾക്കിപ്പുറം മഹാരാഷ്ട്രയിൽ തെരുവിലിറങ്ങിയത്. സി പി എമ്മിന്റെ കർഷക സംഘടനയായ കിസാൻ സഭ സംഘടിപ്പിച്ച മാർച്ചിന് കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ അശോക് ധാവ്‌ളെയാണ് നേതൃത്വം നൽകിയത്.

രാജ്യത്തെ ഉള്ളി ഉത്പാദനത്തിന്റെ 40 ശതമാനവും മഹാരാഷ്ട്രയിലാണ്. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ഉള്ളി വിപണി മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലസൽഗാവാണ്. സർക്കാറിന്റെ തൊഴിലാളിവിരുദ്ധ, കോർപറേറ്റ് അനുകൂല നയങ്ങൾ കാരണം കാർഷികോത്പന്നങ്ങളുടെ വില തകർന്നതോടെ നിരവധി കർഷകരാണ് ദുരിതത്തിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉള്ളിക്ക് ക്വിന്റലിന് 2,200 മുതൽ 2,300 രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ സർക്കാറിന്റെ തെറ്റായ നയങ്ങൾ കാരണം ക്വിന്റലിന് 500- 600 രൂപയിലേക്ക് ഉള്ളി വില കൂപ്പുകുത്തിയിരിക്കുകയാണ്.

ഇത്തവണയും വലിയ വിളവെടുപ്പുണ്ടായെങ്കിലും വിപണിയിൽ ഉള്ളിക്ക് തീരെ വിലയുണ്ടായില്ല. ലോണെടുത്തും സ്വകാര്യ വായ്പകളെടുത്തും കൃഷിയിറക്കിയ കർഷകർക്ക് ഇത് വലിയ തിരിച്ചടിയായി. കാർഷിക ഗ്രാമങ്ങളുടെ പ്രാദേശിക സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞതോടെയാണ് പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാൻ കിസാൻ സഭാ നേതൃത്വവും കർഷകരും തീരുമാനിച്ചത്. ഉള്ളിക്ക് ക്വിന്റലിന് രണ്ടായിരം രൂപ മിനിമം താങ്ങുവിലയായി ഉറപ്പ് വരുത്തുക, ഉടൻ സഹായധനമായി ക്വിന്റലിന് 600 രൂപ നൽകുക, കാർഷിക ലോണുകൾ പൂർണമായി എഴുത്തിത്തള്ളുക, കയറ്റുമതി നിയമങ്ങളിൽ കർഷർക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്തുക, വനാവകാശ നിയമം ഉടൻ പൂർണമായും നടപ്പാക്കുക, കൃഷിക്കാവശ്യമായ വൈദൃതി ദിവസവും പന്ത്രണ്ട് മണിക്കൂർ ഉറപ്പ് വരുത്തുക, വൈദ്യുതി ബിൽ കുടിശ്ശിക എഴുതിത്തള്ളുക, പരുത്തി- സോയബീൻ, പയർ കൃഷികൾക്ക് സഹായം നൽകുക, പ്രധാനമന്ത്രിയുടെ ഭവനനിർമാണ പദ്ധതി പ്രകാരം വീട് നിർമാണത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കുക, സർക്കാർ പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുക, പെൻഷൻ തുക മാസത്തിൽ 4,000 രൂപയായി ഉയർത്തുക, സംസ്ഥാനത്ത് പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങി പതിനേഴോളം ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവെച്ചത്.

മഹാരാഷ്ട്രയിലെ കാർഷിക ജില്ലയായ നാസികിലെ ദിണ്ഡോരി ഗ്രാമത്തിൽ നിന്ന് ഈ മാസം 12ന് ആരംഭിച്ച മാർച്ച് നൂറ്റിയെഴുപത് കിലോമീറ്ററുകൾ താണ്ടി 23ന് മുംബൈയിലെത്തിച്ചേരേണ്ടതായിരുന്നു. അഞ്ച് വർഷം മുമ്പ് നടന്ന പ്രതിഷേധത്തിന്റെ ചൂട് നന്നായറിഞ്ഞ സംസ്ഥാന സർക്കാർ ജാഥ തുടങ്ങി നാല് ദിവസത്തിനകം കർഷക നേതാക്കളുമായി ചർച്ചക്ക് സന്നദ്ധമായി. മുംബൈക്ക് 80 കിലോമീറ്ററുകൾക്കിപ്പുറം താനെ ജില്ലയിലെ വസിന്ദ് ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു ഇത്.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും കിസാൻ സഭാ നേതാക്കളുമായി നിയമസഭാ മന്ദിരത്തിൽ ചർച്ച നടത്തി. രണ്ടര മണിക്കൂർ നടന്ന ചർച്ചക്കൊടുവിൽ കർഷകരുടെ മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചെങ്കിലും ചർച്ചയിൽ ധാരണയിലെത്തിയ വിഷയങ്ങളിൽ പ്രമേയം പാസ്സാക്കാതെ പിന്മാറില്ലെന്ന് കർഷകർ നിലപാട് കടുപ്പിച്ചതോടെ സർക്കാർ സമർദത്തിലായി. ഈ വിഷയങ്ങളിൽ സർക്കാർ വിജ്ഞാപനം പുറത്തിറക്കി ഗ്രാമതലങ്ങളിൽ നടപ്പാക്കി തുടങ്ങുന്നത് വരെ ജാഥ നിലവിലെത്തിച്ചേർന്ന വസിന്ദിൽ തന്നെ തമ്പടിക്കുമെന്നും കർഷകർ അറിയിച്ചു.

വിജ്ഞാപനം പുറത്തിറക്കാനായി സർക്കാറിന് നാല് ദിവസത്തെ സമയം നൽകിയ കർഷകർ അല്ലാത്ത പക്ഷം പതിനായിരക്കണക്കിന് വരുന്ന സമരഭടൻമാർ മുംബൈ ലക്ഷ്യമാക്കി ലോംഗ് മാർച്ച് തുടരുമെന്നും സർക്കാറിന് മുന്നറിയിപ്പ് നൽകി. കർഷക വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. വൈകാതെ കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കുകയും കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിയമസഭയെ അറിയിക്കുകയും ചെയ്തു.

കിസാൻ സഭാ നേതാക്കളുമായി നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ നടപ്പാക്കാൻ ജില്ലാ അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും 86,000 കർഷകർക്ക് കടാശ്വാസം നൽകാനും വൻ വിലത്തകർച്ച നേരിടുന്ന ഉള്ളിക്ക് സബ്‌സിഡിയായി കിന്റലിന് 350 രൂപ നൽകാനും തീരുമാനമായി. വനഭൂമിയിലെ അവകാശം ഉന്നയിച്ചുള്ള കർഷകരുടെ തീർപ്പാകാതെ കിടക്കുന്ന അപ്പീലുകൾ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപവത്കരിക്കുകയും ചെയ്തു.
സർക്കാർ പ്രഖ്യാപിച്ച സമിതിയിൽ സി പി എം നേതാവും മുൻ എം എൽ എയുമായ ജെ പി ഗവിതിനെയും നിലവിലെ പാർട്ടി എം എൽ എ വിനോദ് നിക്കോളിനെയും ഉൾപ്പെടുത്തുകയും ചെയ്തു.

കിസാൻ സഭയുടെ മുഴുവൻ ആവശ്യങ്ങളും സർക്കാർ ശരിവെച്ചതോടെയാണ് കർഷകർ പിരിഞ്ഞുപോയത്. സമരത്തിനിടയിൽ മരണമടഞ്ഞ നാസിക്കിൽ നിന്നുള്ള 59കാരനായ അമ്പോ ജാദവെന്ന കർഷകന് വിജയം സമർപ്പിച്ചാണ് കർഷകർ വസിന്ദ് വിട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും കർഷകർക്ക് വീടുകളിലേക്ക് മടങ്ങാൻ വസിന്ദിൽ നിന്ന് നാസിക്കിലേക്ക് പ്രത്യേക ടെയിൻ സർക്കാർ ഒരുക്കുകയും ചെയ്തു. വിജയ ശേഷം ഞങ്ങൾ വസിന്ദിൽ നിന്ന് പോകുകയാണെന്നും സർക്കാർ ഞങ്ങളെ കോർപറേറ്റുകൾക്ക് ഒറ്റിക്കൊടുത്താൽ ആറ് മാസത്തിന് ശേഷം വലിയ സന്നാഹങ്ങളുമായി ഞങ്ങൾ വീണ്ടും മടങ്ങിവരുമെന്നും കർഷക നേതാക്കൾ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഈ വിജയം ജനവിരുദ്ധ ബി ജെ പി- ശിവസേനാ സർക്കാറിനും അവരുടെ കോർപറേറ്റ് അനുകൂല നയങ്ങൾക്കുമെതിരായ പോരാട്ടങ്ങൾക്ക് പ്രചോദനമാകുമെന്നും വരാനിരിക്കുന്ന എല്ലാ സമരങ്ങളിലും മുന്നിട്ടിറങ്ങാൻ തൊഴിലാളി വർഗത്തിനും കർഷകർക്കും വലിയ പ്രചോദനമാവുമെന്നും അഖിലേന്ത്യ കിസാൻ സഭ നേതാക്കളായ അശോക് ധാവ്‌ളെ, വിജു കൃഷ്ണ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്രസർക്കാറിന്റെ നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം പൊതുവിലും കർഷക- തൊഴിലാളി ജീവിതത്തെ വിശേഷിച്ചും കൂടുതൽ ദുരിതപൂർണമാക്കുകയാണ്. ഇതിനെതിരെ രാജ്യമെങ്ങുമുയരുന്ന പ്രക്ഷോഭങ്ങളിലും ജനകീയ സമരങ്ങളിലുമുണ്ടാകുന്ന ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ട്.

വളർന്നുവരുന്ന കർഷക- തൊഴിലാളി വർഗ ഐക്യത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന ഈ പ്രക്ഷോഭം ഇപ്പോൾ രാജ്യ തലസ്ഥാനത്തുയരുന്ന കർഷക രോഷത്തിന് ശക്തി പകർന്നിട്ടുണ്ടെന്നുറപ്പാണ്. നാലേ നാല് ദിവസങ്ങൾ കൊണ്ട് മാത്രം ഭരണകൂടത്തെ മുട്ടുകുത്തിച്ച കർഷകവീര്യം തകർന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന് നൽകുന്ന പ്രതീക്ഷകൾ ഒട്ടും ചെറുതല്ല.