Editors Pick
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ; തട്ടിപ്പില്‍നിന്ന് രക്ഷതേടാന്‍ ടിപ്പുകളുമായി ഗൂഗിള്‍
സോഷ്യല്‍ മീഡിയയില്‍ കാണുന്ന വീഡിയോകളും വോയ്‌സ് നോട്ടുകളും സസൂക്ഷ്മം നിരീക്ഷിച്ച് മാത്രം വിശ്വാസത്തിലെടുക്കാനാണ് ഗൂഗിള്‍ നിര്‍ദേശിക്കുന്നത്.
ലോകത്ത് കോടിക്കണക്കിന് പേര്‍ ഉപയോഗിക്കുന്ന സെര്‍ഞ്ച് എഞ്ചിനാണ് ഗൂഗിള്‍. വിവിധ തിരച്ചില്‍ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയില്‍പ്പരം സെര്‍ച്ചിങ്ങാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെര്‍ച്ച് എഞ്ചിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിന് ഇപ്പോള്‍ ചിത്രങ്ങള്‍, വാര്‍ത്തകള്‍, വീഡിയോ, മാപ്പുകള്‍, ഓണ്‍ലൈന്‍ വ്യാപാരം, സോഷ്യല്‍ മീഡിയ എന്നിങ്ങനെ ഇന്റര്‍നെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. കോടിക്കണക്കിനുപേരാണ് ഇവ നിത്യവും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഗൂഗിളിന്റെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പല തട്ടിപ്പുകളും നടന്നുവരാറുണ്ട്. ഉപഭോക്താക്കളെ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാക്കാനും രക്ഷനേടാനും അഞ്ച് മാര്‍ഗ നിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.
1) ഡീപ്‌ഫേക്ക്
ഡീപ്‌ഫേക്കാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്ന ആദ്യ തട്ടിപ്പ്. സോഷ്യല്‍ മീഡിയയില്‍ കാണുന്ന വീഡിയോകളും വോയ്‌സ് നോട്ടുകളും സസൂക്ഷ്മം നിരീക്ഷിച്ച് മാത്രം വിശ്വാസത്തിലെടുക്കാനാണ് ഗൂഗിള്‍ നിര്‍ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രശസ്തരായ പലരുടെയും വീഡിയോ തെറ്റിദ്ധരിപ്പിക്കാനായി കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടത് ഗൂഗിളിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇങ്ങനെ നിര്‍മിക്കുന്നുണ്ട്. പ്രതിരോധ മാര്‍ഗമെന്നോണം വീഡിയോയിലെ ആളുകളുടെ മുഖത്ത് വരുന്ന ഭാവങ്ങളും ചലനങ്ങളും സസൂഷ്മം നിരീക്ഷിക്കാനാണ് ഗൂഗിള്‍ പറയുന്നത്. എഐക്ക് തെറ്റുപറ്റാമെന്നും മുഖഭാവങ്ങള്‍ ഒരിക്കലും യഥാര്‍ഥ മനുഷ്യന്റേതുപോലെയാകില്ലെന്നും ഗൂഗിള്‍ അടിവരയിട്ട് പറയുന്നു.
2) വ്യാജ വെബ്‌സൈറ്റുകള്‍
ഗൂഗിള്‍ നല്‍കുന്ന വെബ്സൈറ്റുകള്‍ക്ക് പകരം വ്യാജന്മാര്‍ ഇന്ന് വ്യാപകമാണ്. സൈറ്റുകളിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളിലേക്ക് പ്രവേശിക്കാനായുള്ള ലോഗിന്‍ പേജുകള്‍ വന്നേക്കാം. ഇവയിലൂടെ സമൂഹമാധ്യമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ സമൂഹമാധ്യമം ഹാക്ക് ചെയ്യപ്പെട്ടേക്കാം. ഇതുപോലെ ബേങ്കുകളുടെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള ലോഡിംങ് സ്‌ക്രീനുകളും കണ്ടുവരുന്നുണ്ട്. ഇതിന് പ്രതിവിധിയായി ഒരു വെബ്സൈറ്റില്‍ കയറി വരുന്ന ലോഡിങ് സ്‌ക്രീന് യുആര്‍എല്‍ മാറ്റുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് ഗൂഗിള്‍ പറയുന്നു.
3) ഓണ്‍ലൈന്‍ ഫ്രോഡിങ്
പരിപാടികളോ ചടങ്ങുകളോ സംഘടിപ്പിക്കപ്പെടുമ്പോള്‍ പ്രമോഷനും ടിക്കറ്റെടുക്കാനുമായി വെബ്‌സൈറ്റുകളുണ്ടാക്കുന്നത് ഇന്ന് പതിവാണ്. ഇത് മനസിലാക്കി പല വ്യാജ സൈറ്റുകളും ഇങ്ങനെ നിര്‍മിക്കപ്പെടുന്നുണ്ടെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. ടിക്കറ്റെടുക്കാനെന്ന് വ്യാജേനെയാണ് വെബ്‌സൈറ്റുകള്‍ കൂടുതലായി ഉണ്ടാക്കപ്പെടുന്നത്. അറിയപ്പെടുന്ന സന്നദ്ധ സംഘടനകളുടെ പരിപാടികള്‍ക്കായി സംഭാവന സ്വീകരിക്കുന്ന വേളയിലും തട്ടിപ്പ് നടക്കാറുണ്ട്. ഓണ്‍ലൈനില്‍ നിന്നും എന്ത് വാങ്ങുമ്പോഴും അതിന്റെ വിശ്വാസ്യത പരിശോധിക്കണം.
4) ക്രിപ്‌റ്റോ തട്ടിപ്പുകള്‍
ക്രിപ്‌റ്റോ നിക്ഷേപ പദ്ധതികളെന്ന പേരില്‍ പ്രചരിക്കുന്ന തട്ടിപ്പുകളെപ്പറ്റിയും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതല്‍ വരുമാനമെന്ന വാഗ്ദാനം തട്ടിപ്പാവാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗൂഗിളിന്റെ വാദം. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ലാഭം ഒരു പദ്ധതിയില്‍ നിന്നും ലഭിക്കില്ലെന്ന് പറയുന്ന ഗൂഗിള്‍ ഇത്തരം മെസേജുകളെ ഒരിക്കലും വിശ്വസിക്കാനേ പാടില്ലെന്ന് മുന്നറിയിപ്പ് തരുന്നു.
5) ക്ലോണ്‍ ആപ്പുകള്‍
ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ആപ്പുകള്‍ക്ക് ക്ലോണുകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ കാണപ്പെടുന്ന ആപ്പുകളും വെബ്‌സൈറ്റുകളും സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യണമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് തരുന്നുണ്ട്.യഥാര്‍ഥ ആപ്പുകളെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്ളവയായിരിക്കും ക്ലോണ്‍ ആപ്പുകള്‍. ഡൗണ്‍ലോഡ് ചെയ്താല്‍ മുട്ടന്‍ പണി കിട്ടുകയും ചെയ്യും. സുരക്ഷിതമായ സ്ഥലത്തുനിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുകയെന്നതാണ് വ്യാജന്മാരുടെ കെണിയില്‍പ്പെടാതിരിക്കാനുള്ള വലിയ പ്രതിരോധമാര്‍ഗം.
വ്യാജ സൈറ്റുകളാണോ എന്ന് തിരിച്ചറിയാന്‍ ലിങ്കിന്റെ സ്പെല്ലിങ്, ഫോണ്ട് എന്നിവ വ്യത്യസ്തമാണോ എന്ന് നോക്കുക, ലോഗോ നിരീക്ഷിക്കുക. വ്യാജന്മാരുടെ വെബ്‌സൈറ്റുകളില്‍ ഇമോജികളുടെ ഉപയോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത് പരിശോധിച്ചും ഇവരെ തിരിച്ചറിയാവുന്നതാണ്. തന്നിരിക്കുന്ന വിവരങ്ങള്‍ വ്യക്തവും സുതാര്യവുമാണോയെന്ന് വീണ്ടും തിരഞ്ഞ് ഉറപ്പുവരുത്തുകയാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് ഗൂഗിള്‍ പറയുന്നു.