From the print
സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് അംഗീകാരവും നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കിയ എന്‍ ക്യു എ എസ് അംഗീകാരവുമാണ് ലഭിച്ചത്.

തിരുവനന്തപുരം | സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് അംഗീകാരവും നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കിയ എന്‍ ക്യു എ എസ് അംഗീകാരവുമാണ് ലഭിച്ചത്.
ഇതോടെ സംസ്ഥാനത്തെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചത്. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം, മണലൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കൊല്ലം വേളമാനൂര്‍ ജനകീയ ആരോഗ്യ കേന്ദ്രം എന്നിവക്കാണ് പുതുതായി എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചത്. തൃശൂര്‍ കൊടകര കുടുംബാരോഗ്യ കേന്ദ്രം, മുണ്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് കല്ലുനിര നഗര കുടുംബാരോഗ്യ കേന്ദ്രം, പയ്യാനക്കല്‍ നഗര കുടുംബാരോഗ്യ കേന്ദ്രം എന്നിവക്ക് പുനര്‍ അംഗീകാരവും ലഭിച്ചു.
ഏഴ് ജില്ലാ ആശുപത്രികള്‍, അഞ്ച് താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 154 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പത്ത് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇതുവരെ എന്‍ ക്യു എ എസ് അംഗീകാരം നേടിയിട്ടുണ്ട്.
എന്‍ ക്യു എ എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയുണ്ടാകും. കൂടാതെ എല്ലാ വര്‍ഷവും സംസ്ഥാനതല പരിശോധനയും നടക്കും. എന്‍ ക്യു എ എസ് അംഗീകാരം ലഭിക്കുന്ന എഫ് എച്ച് സി, യു പി എച്ച് സികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.