From the print
സണ്ണി ജോസഫിന് മുന്നില്‍ സുധാകരന് മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍
ഹാളിന് പുറത്ത് സുധാകരന്റെ കൂറ്റന്‍ ബോര്‍ഡ്. മാധ്യമപ്രവര്‍ത്തകന് നേരെ കൈയേറ്റം.

കണ്ണൂര്‍ | കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന് മുന്നില്‍ കെ സുധാകരന് മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ്സ് സമര സംഗമ പരിപാടി നടക്കുന്ന ഹാളിലേക്ക് സണ്ണി ജോസഫ് എം എല്‍ എ കടന്നുവരുന്നതിനിടെയാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ കെ സുധാകരന് മുദ്രാവാക്യം വിളിച്ചത്. കെ സുധാകരന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.
ഹാളിന് പുറത്ത് സുധാകരന്റെ നിരവധി കൂറ്റന്‍ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നോടെ കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തിലായിരുന്നു സമര സംഗമം നടന്നത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍ നിന്ന് കെ സുധാകരന്റെ ഫോട്ടോ ഒഴിവാക്കിയത് പാര്‍ട്ടിയില്‍ നേരത്തേ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഡി സി സി പുതിയ പോസ്റ്ററിറക്കിയിരുന്നു. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, അടൂര്‍ പ്രകാശ്, പി സി വിഷ്ണുനാഥ്, കെ പി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ഫോട്ടോകള്‍ പോസ്റ്ററിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലും കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളിലും കെ സുധാകരന്റെ അനുയായികള്‍ അമര്‍ഷവുമായി രംഗത്തെത്തിയിരുന്നു.
കെ സുധാകരന്‍ കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ്സുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണെന്ന് കെ സുധാകരന്റെ അനുയായി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അദ്ദേഹത്തിന്റെ ജില്ലയില്‍ പാര്‍ട്ടിയുടെ സമരപരിപാടി നടക്കുമ്പോള്‍ പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പക്ഷേ, കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും തന്നെ ജനിച്ചിട്ടില്ലന്നും പോസ്റ്റില്‍ പറയുന്നു.
കെ സുധാകരന്റെ ഫോട്ടോ പോസ്റ്ററില്‍ വെക്കാതിരുന്നത് പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കാത്തത് കൊണ്ടാണെന്ന് ഡി സി സി പ്രസിഡന്റ്്പറഞ്ഞിരുന്നു. സുധാകരന്റെ തട്ടകത്തില്‍ അദ്ദേഹത്തെ ഒഴിവാക്കിയതില്‍ കണ്ണൂരില്‍ ശക്തമായ പ്രതിഷേധമുണ്ട്.
അതിനിടെ, കോണ്‍ഗ്രസ്സ് സമര സംഗമ പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയ റിപോര്‍ട്ടര്‍ ടി വിയിലെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ജുന്‍ കല്യാടിനെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തിന് പുറത്ത്, കെ സുധാകരനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്‌ലക്‌സ് സംബന്ധിച്ച് വാര്‍ത്ത നല്‍കുന്നതിനിടെയായിരുന്നു അര്‍ജുന്‍ കല്യാടിനെ ഒരു സംഘം കൈയേറ്റം ചെയ്തത്.