Connect with us

From the print

നിമിഷപ്രിയയുടെ മോചനം: കാന്തപുരം ഉസ്താദിന്റെ ഇടപെടലില്‍ നിര്‍ണായക ചര്‍ച്ച

ചര്‍ച്ച ഇന്നും തുടരും.

Published

|

Last Updated

കോഴിക്കോട് | യമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയക്ക് വേണ്ടി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലില്‍ നടക്കുന്ന ചര്‍ച്ച ഇന്നും തുടരും. കാന്തപുരം ഉസ്താദിന്റെ അഭ്യര്‍ഥന പ്രകാരം യമനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ബ്നു ഹഫീസാണ് വിഷയത്തില്‍ ഇടപെട്ടത്. രണ്ട് ദിവസമായി നടന്ന അനൗദ്യോഗിക സംഭാഷണങ്ങളുടെ അവസാനഘട്ടമെന്ന നിലക്ക് ഇന്നലെ രണ്ട് തവണയായാണ് ചര്‍ച്ച നടന്നത്. ശൈഖ് ഹബീബ് ഉമറിന്റെ സഹോദര പുത്രന്‍ ഹബീബ് അബ്ദുര്‍റഹ്മാന്‍ അലി മശ്ഹൂര്‍ ആണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. യമനില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ ഫലപ്രദമാകാത്ത സാഹചര്യമാണ്.

ഇതുവരെ നടന്ന കാര്യങ്ങള്‍ ആശാവഹമാണെന്നും ഇന്ന് സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം അറിയിച്ചു. കുടുംബങ്ങളെ ഏകാഭിപ്രായത്തിലേക്കെത്തിക്കാനും അതുവരെ ശിക്ഷ നീട്ടിവെപ്പിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്. യമനില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വൈകാരികമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു നിമിഷ പ്രിയയുടേത്. കൊല്ലപ്പെട്ട തലാല്‍ അബൂ മഹ്ദിയുടെ നീതിക്കു വേണ്ടി അവിടെ ആക്ഷന്‍ കമ്മിറ്റിയും രൂപവത്കരിക്കപ്പെട്ടിരുന്നു.

ഈ കമ്മിറ്റി അംഗങ്ങളെയും ഗോത്രത്തലവന്‍മാരെയും കുടുംബത്തെയും അനുനയിപ്പിക്കുകയെന്നതാണ് ദൗത്യം. ആദ്യഘട്ടത്തില്‍ തലാലിന്റെ ജന്മദേശമായ ഉത്തര യമനിലെ ദമറില്‍ വെച്ചും പിന്നീട് സന്‍ആയിലുമാണ് ചര്‍ച്ച പുരോഗമിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനാണ് കുടുംബത്തിന്റെ പ്രതിനിധിയായി പങ്കെടുക്കുന്നത്. സുപ്രീം കോടതി ജഡ്ജി ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു സന്‍ആയിലെ ചര്‍ച്ച.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും എം എല്‍ എയുമായ ചാണ്ടി ഉമ്മന്റെ ആവശ്യപ്രകാരമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി വിഷയത്തില്‍ ഇടപെടുന്നത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും മറ്റും യമനിലെ സന്‍ആയിലെത്തി ദീര്‍ഘകാലമായി വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ടെങ്കിലും കൊല്ലപ്പെട്ട തലാലിന്റെ ജന്മനാടായ ദമറിലേക്ക് എത്തിപ്പെടാനും കുടുംബാംഗങ്ങളുമായും നാട്ടുകാരുമായും നേരിട്ട് ആശയവിനിമയം നടത്താനും കഴിഞ്ഞിരുന്നില്ല.

എന്നാല്‍, യമനിലെ സര്‍വാദരണീയ പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ബ്നു ഹഫീസിന്റെ ഇടപെടലിലൂടെയാണ് നാട്ടുകാരും കുടുംബവും ചര്‍ച്ചക്ക് തയ്യാറായത്. യമന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ 2014 മുതല്‍ സൈനിക സംഘടനയായ ഹൂതികളുടെ നിയന്ത്രണത്തിലാണ്. സന്‍ആയാണ് ഈ ഭരണകൂടത്തിന്റെ തലസ്ഥാനം. ഔദ്യോഗിക ഭരണകൂടം ഏഥന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ പ്രവിശ്യയിലെ ഹളര്‍ മൗത്ത് കേന്ദ്രീകരിച്ചാണ് ശൈഖ് ഹബീബ് ഉമര്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും സന്‍ആയിലും അദ്ദേഹം സര്‍വസമ്മതനാണ്.
അതേസമയം, യമന്‍ കോടതിയുടെ നിര്‍ദേശപ്രകാരം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കേണ്ട തീയതി നാളെയാണ്.

 

Latest