Kerala
ഓണത്തിനു മുമ്പ് ഒരു ലക്ഷം വനിതകള്‍ക്ക് വേതനാധിഷ്ഠിത തൊഴില്‍: മന്ത്രി എം ബി രാജേഷ്
വനിതകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ത്തും. തിരുവല്ലയില്‍ കുടുംബശ്രീ സി ഡി എസ് അധ്യക്ഷമാരുടെ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഗ്രസ്സ് റിപോര്‍ട്ട് പ്രകാശനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീ സി ഡി എസുകള്‍ തയ്യാറാക്കിയ പ്രോഗ്രസ്സ് റിപോര്‍ട്ടുകളുടെ പ്രകാശനം മന്ത്രി എം ബി രാജേഷ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍, മാത്യു ടി തോമസ് എം എല്‍ എ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യുന്നു.
തിരുവല്ല | ഓണത്തിന് മുമ്പ് ഒരു ലക്ഷം വനിതകള്‍ക്കും അടുത്ത മാര്‍ച്ചിനുള്ളില്‍ മൂന്നു ലക്ഷം പേര്‍ക്കും വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന്
മന്ത്രി എം ബി രാജേഷ്. തിരുവല്ലയില്‍ കുടുംബശ്രീ സി ഡി എസ് അധ്യക്ഷമാരുടെ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഗ്രസ്സ് റിപോര്‍ട്ട് പ്രകാശനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വനിതകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വിവിധ മേഖലകളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇത് കുടുംബങ്ങളുടെയും കേരളീയ സമ്പദ്ഘടനയുടെയും വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. മധ്യവരുമാന രാഷ്ട്രങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയര്‍ത്താനും ഇത് സഹായകമാകുമെന്നും എം ബി രാജേഷ് പറഞ്ഞു.
ചടങ്ങില്‍ മാത്യു ടി തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള സി ഡി എസ് അധ്യക്ഷന്മാരാണ് സംഗമത്തില്‍ പങ്കെടുത്തത്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവല്ല നഗരസഭാധ്യക്ഷ അനു ജോര്‍ജ്, എസ് ബി ഐ എ ബി യു ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സന്തോഷ് കുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ യു ശ്യാംകുമാര്‍, കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ആദില എസ് പ്രസംഗിച്ചു.