Connect with us

National

കീം റാങ്ക് പട്ടിക: തടസ്സഹരജിയുമായി സി ബി എസ് ഇ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

നാല് വിദ്യാര്‍ഥികളാണ് തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി അഭിഭാഷകന്‍ അല്‍ജോ കെ ജോസഫ് മുഖാന്തരം തടസ്സഹരജി സമര്‍പ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | കീം പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട കേസില്‍ സി ബി എസ് ഇ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ തടസ്സഹരജി സമര്‍പ്പിച്ചു. നാല് വിദ്യാര്‍ഥികളാണ് തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി അഭിഭാഷകന്‍ അല്‍ജോ കെ ജോസഫ് മുഖാന്തരം തടസ്സഹരജി സമര്‍പ്പിച്ചത്.

റാങ്ക് പട്ടികയ്‌ക്കെതിരെ കേരള സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി നാളെ സുപ്രീം കോടതിയില്‍ പരാമര്‍ശിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹരജി പരാമര്‍ശിക്കുക. ഹരജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യവുമുന്നയിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബഞ്ച് മുമ്പാകെയാണ് ഹരജികളുള്ളത്.

പുതിയ പട്ടിക വന്നതോടെ പിന്നിലായ ഒരു കൂട്ടം കേരള സിലബസ് വിദ്യാര്‍ഥികളാണ് ആദ്യം ഹരജി സമര്‍പ്പിച്ചിരുന്നത്. പുതിയ ഫോര്‍മുല ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളിയെങ്കിലും അപ്പീല്‍ പോകേണ്ടെന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ സാഹര്യത്തിലാണ് സ്വന്തം നിലയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.

പുതുക്കിയ ഫലത്തില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ വലിയ മാറ്റമാണ് ഉണ്ടായത്. കേരള സിലബസിലുള്ള കുട്ടികള്‍ റാങ്ക് പട്ടികയില്‍ പിന്നോട്ട് പോയി. ആദ്യ 100 റാങ്കില്‍ കേരള സിലബസുകാര്‍ 43 പേര്‍ ഉണ്ടായിരുന്നിടത്ത് പുതിയതില്‍ 21 പേര്‍ മാത്രമാണ് ഉള്ളത്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിലെ കേരള സിലബസുകാരനായ ഒന്നാം റാങ്കുകാരന്‍ പുതിയ പട്ടിക വന്നപ്പോള്‍ ഏഴാം റാങ്കിലേക്കും മൂന്നാം റാങ്കുകാരന്‍ എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

എട്ടാം റാങ്കിലുണ്ടായിരുന്ന വിദ്യാര്‍ഥിയുടെ റാങ്ക് 185 ആയി. കീം ആദ്യ റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കുകയായിരുന്നു. ഇത് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. ഇതോടെ, പഴയ ഫോര്‍മുല പിന്തുടര്‍ന്ന് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

 

 

Latest