Kerala
പത്തനംതിട്ട ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ ബലക്ഷയം; കാരണം കൊവിഡ് കാലത്തെ ക്ലോറിനേഷനെന്ന് കണ്ടെത്തല്‍
പഠനം നടത്തിയ മൂന്ന് ഏജന്‍സികളും ഒരേ നിഗമനത്തിലാണ് എത്തിയിട്ടുള്ളത്.

പത്തനംതിട്ട | കൊവിഡ് കാലത്തെ തുടര്‍ച്ചയായ ക്ലോറിനേഷനാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്കിന് ബലക്ഷയം സംഭവിക്കാന്‍ കാരണമെന്ന് കണ്ടെത്തല്‍.
17 വര്‍ഷം മാത്രം പഴക്കമുള്ള ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്കിന് ബലക്ഷയം സംഭവിക്കാനുള്ള കാരണം സംബന്ധിച്ചു നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പഠനം നടത്തിയ മൂന്ന് ഏജന്‍സികളും ഒരേ നിഗമനത്തിലാണ് എത്തിയിട്ടുള്ളത്.
കൊവിഡ് കാലത്ത് ദിവസവും മൂന്ന് നേരം ക്ലോറിന്‍ കലര്‍ത്തിയ വെള്ളം ചേര്‍ത്ത് ശുചീകരണം നടത്തിയതാണ് ബലക്ഷയത്തിന് കാരണമെന്നാണ് തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജ്, ഊരാളുങ്കല്‍ സൊസൈറ്റി, ഇന്‍കല്‍ എന്നിവര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. കോണ്‍ക്രീറ്റ് തൂണുകളില്‍ അമിത അളവില്‍ ക്ലോറിന്‍ ചേര്‍ന്ന വെള്ളം ഒഴിച്ചതിനാല്‍ കമ്പികള്‍ ദ്രവിച്ചു പോകുകയായിരുന്നു. കോണ്‍ക്രീറ്റ് തൂണുകള്‍ നനഞ്ഞ് ദ്രവിച്ച നിലയിലാണ്. സിമന്റ് പാളികള്‍ അടര്‍ന്നു. ടോയ്‌ലെറ്റുകളിലെ ടൈല്‍സിന്റെ വിടവുകള്‍ വഴി ചോര്‍ച്ചയും സംഭവിച്ചു. അതേസമയം, മറ്റ് ആശുപത്രികളിലും ക്ലോറിനേഷന്‍ നടത്തിയിരുന്നുവെന്നും ബലക്ഷയം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിര്‍മാണ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബി ആന്‍ഡ് സി ബ്ലോക്കിന്റെ തൂണുകള്‍ ബലപ്പെടുത്തുകയും ചോര്‍ച്ചയ്ക്കു പരിഹാരം കണ്ടെത്തുകയുമാണ് അറ്റകുറ്റപ്പണികളില്‍ പ്രധാനം. ഇതിനുള്ള കരാര്‍ നല്‍കിക്കഴിഞ്ഞു. ബ്ലോക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി സംവിധാനങ്ങള്‍ എല്ലാം നിര്‍ത്തിവച്ചു. പിന്നാലെ ഉപകരണങ്ങളടക്കം പുറത്തിറക്കുന്ന ജോലികളും നടന്നുവരുന്നു. ഇതു പൂര്‍ത്തിയാകുന്നതോടെ അടുത്താഴ്ച പണികള്‍ ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കെലാണ് പ്രവൃത്തി നടത്തുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ഇവര്‍ നിര്‍മാണ കരാര്‍ നല്‍കിക്കഴിഞ്ഞു. 5.5 കോടിയുടെ ജോലികള്‍ക്കാണ് കരാര്‍. 23ന് കെട്ടിടം അവര്‍ക്ക് കൈമാറാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജില്ലാ സ്റ്റേഡിയത്തിന്റെ കരാര്‍ ജോലികള്‍ക്കായി സാമഗ്രികള്‍ പത്തനംതിട്ടയില്‍ തന്നെയുള്ളതിനാല്‍ വേഗത്തില്‍ പണി പൂര്‍ത്തീകരിക്കാനാകുമെന്ന പ്രതീക്ഷയാണ് ഊരാളുങ്കല്‍ സൊസൈറ്റിക്കുള്ളത്. ആറുമാസമാണ് കരാര്‍ കാലാവധി. കെട്ടിടത്തിന്റെ 30 തൂണുകള്‍ ഓരോന്നായി പൊളിച്ചു പണിയും. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വ്യാപ്തിയിലാകും പുതിയ തൂണുകള്‍ നിര്‍മിക്കുക. ഒരേസമയം മൂന്ന് തലത്തിലുള്ള നവീകരണമാണ് നടത്തുന്നത്. തൂണുകള്‍ ബലപ്പെടുത്തുന്നതിനൊപ്പം ടോയ്‌ലെറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തും. മുകളില്‍ മഴവെള്ളം വീഴാതിരിക്കാന്‍ റൂഫ് നിര്‍മിക്കുകയും ചെയ്യും.
ഡ്രെയിനേജ് സംവിധാനം തകരാറില്‍
ആശുപത്രി കെട്ടിട നിര്‍മാണത്തിലെ അപാകതയാണ് പെട്ടെന്നുള്ള ബലക്ഷയത്തിനു കാരണമെന്ന എന്‍ജിനീയറിങ് രംഗത്തെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡിനു മുമ്പു തന്നെ കെട്ടിടത്തിനു ചില പോരായ്മകള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. ഡ്രെയിനേജ് സംവിധാനം ആദ്യ വര്‍ഷങ്ങളില്‍ തന്നെ തകരാറിലായി. ഇതേത്തുടര്‍ന്ന് ചില വാര്‍ഡുകള്‍ അടച്ചിടേണ്ടിവന്നിട്ടുണ്ട്. പിന്നീട് ഇതു പരിഹരിച്ചാണ് മുന്നോട്ടു പോയത്. കെട്ടിടത്തില്‍ ചോര്‍ച്ച തുടങ്ങിയിട്ടും ഏറെക്കാലമായെന്ന അഭിപ്രായവും ഇവര്‍ക്കുണ്ട്.
നേരത്തെ, നഗരസഭയുടെ നിയന്ത്രണത്തിലായിരുന്നപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് എന്‍ജിനീയറിങ് വിഭാഗം എസ്റ്റിമേറ്റെടുത്തിരുന്നു. 2.5 കോടി രൂപയ്ക്ക് തകരാറുകള്‍ പരിഹരിക്കാനാകുമെന്ന റിപോര്‍ട്ട് രണ്ടുവര്‍ഷം മുമ്പ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് നടപടികളുണ്ടായില്ല. പിന്നീട് ലിഫ്റ്റ് പ്രവര്‍ത്തിക്കുമ്പോള്‍ കെട്ടിടത്തിനു കുലുക്കം അനുഭവപ്പെട്ടു തുടങ്ങി. ജനറല്‍ ആശുപത്രി ബ്ലോക്കില്‍ പുതിയ അത്യാഹിത, ഒപി വിഭാഗം കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി പൈലിങ് ആരംഭിച്ചതോടെ തകര്‍ച്ച വേഗത്തിലായി. ഇതേത്തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ച്, കെട്ടിടം പൂര്‍ണമായി അടച്ചിട്ട് അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. ബ്ലോക്കിലെ ശസ്ത്രക്രിയാ വിഭാഗങ്ങള്‍ കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിനുള്ള നടപടികള്‍ നടന്നുവരികയാണ്.