Connect with us

Uae

ഇത്തിഹാദ് റെയില്‍ പദ്ധതിയില്‍ യാത്രാ ട്രെയിനുകളും; 5,000 കോടി ദിര്‍ഹം നിക്ഷേപിക്കും

Published

|

Last Updated

ദുബൈ | ഇത്തിഹാദ് റെയില്‍ പദ്ധതി യാത്രാ ട്രെയിനുകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു. 5,000 കോടി ദിര്‍ഹമാണ് യു എ ഇയില്‍ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന സംയോജിത റെയില്‍ പദ്ധതിക്ക് ചെലവ് വകയിരുത്തിയത്. ഗുവൈഫാത്തില്‍ നിന്ന് ഫുജൈറയിലേക്ക് വിവിധ നഗരങ്ങളിലൂടെ ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിന്‍ ഗതാഗത സംവിധാനമാണ് ഇത്തിഹാദ് റെയില്‍. രാജ്യത്തുടനീളം ചരക്കുകളും യാത്രക്കാരും സഞ്ചരിക്കും. വരും ദശകങ്ങളില്‍ യു എ ഇയിലെ റെയില്‍വേ മേഖലക്കായി ഒരു സംയോജിത തന്ത്രമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇത്തിഹാദ് റെയിലിന്റെ ഒന്നാം ഘട്ടം 2016 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. ഇതിനെ യു എ ഇയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വികസിപ്പിക്കാനുള്ള സാധ്യതകളുമുണ്ട്. മണിക്കൂറില്‍ 200 കി. മീ വേഗത്തിലാണ് ട്രെയിന്‍ ഓടുക. അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് 50 മിനുട്ടിലും അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്ക് 100 മിനുട്ടിലും എത്തും. യു എ ഇയുടെ വികസനം ത്വരിതപ്പെടുത്താനും എല്ലാ മേഖലകളിലും സമഗ്ര മുന്നേറ്റം സാധ്യമാക്കാനും വിദഗ്ധര്‍ക്ക് അനുയോജ്യമായ സ്ഥലമെന്ന പദവി സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള വികസന- സാമ്പത്തിക പരമ്പരയായ ’50 പദ്ധതികളുടെ’ കീഴിലാണ് യു എ ഇ റെയില്‍ ഉള്‍പ്പെടുന്നത്. ദുബൈ എക്‌സ്‌പോ 2020-ല്‍ നടന്ന പ്രത്യേക പരിപാടിയിലാണ് യു എ ഇ സമഗ്ര റെയില്‍വേ പദ്ധതി അവതരിപ്പിച്ചത്. സഊദി അതിര്‍ത്തിയിലെ ഗുവൈഫാത്തിനെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന ‘ഇത്തിഹാദ് റെയില്‍’ പദ്ധതിയുടെ ഘട്ടങ്ങളും ഈ പരിപാടി ഉയര്‍ത്തിക്കാട്ടി. അറേബ്യ കിഴക്കന്‍ തീരത്തുള്ള ഫുജൈറ തുറമുഖം വരെ ട്രെയിന്‍ എത്തും.

‘അടുത്ത അമ്പത് വര്‍ഷത്തേക്ക് ഇമാറാത്തിന്റെ ശക്തി ഏകീകരിക്കുന്നതിനുള്ള ഏറ്റവും വലിയ പദ്ധതിയാണ് ഇത്തിഹാദ് റെയില്‍. യു എ ഇയിലെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ഇത് ബന്ധിപ്പിക്കും’ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ‘യു എ ഇയുടെ അടിസ്ഥാന സൗകര്യ വികസനം ലോകത്തിലെ ഏറ്റവും മികച്ചതാണ്, ഇത്തിഹാദ് റെയില്‍ ചരക്കു ഗതാഗത മേഖലയില്‍ യുഎഇയുടെ മികവ് വര്‍ധിപ്പിക്കും. യു എ ഇയുടെ പാരിസ്ഥിതിക നയത്തിന് അനുസൃതമായാണ് ഈ പദ്ധതി. ഇത് കാര്‍ബണ്‍ ഉദ്ഗമനം 70 മുതല്‍ 80 വരെ ശതമാനം കുറയ്ക്കും.

‘ദേശീയ റെയില്‍ പദ്ധതി നമ്മുടെ ദേശീയ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള സംയോജനത്തിന്റെ യഥാര്‍ത്ഥ അര്‍ഥം പ്രതിഫലിപ്പിക്കുന്നു. ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏറ്റവും വലിയ പങ്കാളിത്തം ഞങ്ങള്‍ ഇതില്‍ കാണുന്നു. ഇത് ദേശീയതയെ പിന്തുണക്കുന്നതിനാണ്. രാജ്യത്തെ പ്രധാന വ്യവസായ-ഉത്പാദന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനും പുതിയ വ്യാപാര പാതകള്‍ തുറക്കുന്നതിനും ജനസഞ്ചാരം സുഗമമാക്കുന്നതിനും മേഖലയിലെ ഏറ്റവും വികസിത തൊഴില്‍-ജീവിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള കാഴ്ചപ്പാടാണ്.’- അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു,

‘2030-ഓടെ യു എ ഇ റെയില്‍വേ പ്രോഗ്രാം 9,000ത്തിലധികം ജോലികള്‍ നല്‍കും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ പ്രവര്‍ത്തന അനുഭവം നേടിയ സ്വദേശി പ്രതിഭകളാണ് ഇത്തിഹാദ് റെയില്‍ പ്രവര്‍ത്തിപ്പിക്കുക’- ഇത്തിഹാദ് റെയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശാദി മലക് പറഞ്ഞു. അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് 50 മിനുട്ടിലും അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്ക് 100 മിനുട്ടിലും യാത്ര ചെയ്യാന്‍ കഴിയും. 5,000 ടണ്‍ ഗ്രാനേറ്റഡ് സള്‍ഫര്‍ കൊണ്ടുപോകുന്നതിന് പകരം 30,000 ടണ്‍ ഗതാഗതം ഉള്‍പ്പെടെയുള്ള പ്രധാന നാഴികക്കല്ലുകള്‍ ആദ്യ ഘട്ടത്തില്‍ കൈവരിക്കും. 2.5 ദശലക്ഷം ട്രക്ക് ട്രിപ്പുകള്‍ ഒഴിവാക്കിയാണിത്. ഇത് റോഡ് സുരക്ഷയുടെ തോത് വര്‍ധിപ്പിക്കുന്നതിനും പരിപാലനച്ചെലവ് കുറക്കുന്നതിനും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്ഗമനം കുറക്കുന്നതിനും കാരണമാകുന്നു. യു എ ഇയിലെ പൊതുഗതാഗത സംവിധാനത്തെ ഇത്തിഹാദ് റെയില്‍ പിന്തുണക്കുമെന്നും ഇത്തിഹാദ് റെയില്‍ ഡെപ്യൂട്ടി പ്രോജക്ട് മാനേജര്‍ ഖുലൂദ് അല്‍ മസ്‌റൂഇ പറഞ്ഞു.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest