National
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും; നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രം
ദേശീയഗീതം, ദേശീയ പതാക ദേശീയ ചിഹ്നങ്ങള്‍ എന്നിവയെ അവഹേളിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിനായാണ് ബില്ല്.
ന്യൂഡല്‍ഹി|പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ നിരവധി ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും. ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയല്‍ ഭേദഗതി ബില്ല് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കും. ദേശീയഗീതം, ദേശീയ പതാക ദേശീയ ചിഹ്നങ്ങള്‍ എന്നിവയെ അവഹേളിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിനായാണ് ബില്ല്.
ദേശീയ ഗാനത്തിന് നല്‍കുന്ന നിയമപരമായ സംരക്ഷണം ദേശീയഗീതമായ വന്ദേമാതരത്തിന് നല്‍കുന്നതിനാണ് ബില്ല് ലക്ഷ്യമിടുന്നത്. ദേശീയഗീതത്തെ അവഹേളിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവു ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയഗീതവും നിര്‍ബന്ധമായി ആലപിക്കണമെന്നു വ്യവസ്ഥ ചെയ്ത കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ ശിക്ഷാ നടപടികളും കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്. ബില്‍ അവതരിപ്പിക്കുന്നതില്‍ നിന്നു പിന്‍മാറണം എന്നാവശ്യപ്പെട്ടു സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചിട്ടുണ്ട്. സുപ്രീംകോടയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്നുള്ള മാറ്റമാണ് ബില്ലെന്നും ‘വന്ദേമാതര’ത്തിന്റെ യഥാര്‍ഥ ആശയം ഉള്‍ക്കൊള്ളാതെയുള്ള നീക്കമാണിതെന്നും കത്തില്‍ പറയുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34ല്‍ നിന്നു 38 ആയി അടിയന്തരമായി ഉയര്‍ത്തിയ ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ ഇന്നു ലോക്സഭയുടെ പരിഗണനയിലെത്തും.
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലും വികസിത് ഭാരത് ശിക്ഷ അധിഷ്ഠാന്‍ ബില്ലും ഉള്‍പ്പെടെ ഏഴു ബില്ലുകളാണ് നിലവില്‍ സഭാ കാലയളവിലേക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്‍ഡിഎയ്ക്ക് 360 എന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്താന്‍ കഴിയും എന്ന് ഉറപ്പായാല്‍ നിര്‍ണായകമായ രണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ഉണ്ടായേക്കാം.
Content Highlights:
The Parliament Monsoon Session begins today with key bills listed for introduction. Union Home Minister Amit Shah will introduce a bill in Rajya Sabha to penalize insults to Vande Mataram. Opposition leaders like John Brittas have raised objections to the proposed amendments.




