Connect with us

International

വെടിനിർത്തൽ കരാർ ചരിത്രപരമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്

വർഷങ്ങൾക്കിടെ ആദ്യമായി ഇസ്റാഈൽ മാധ്യമത്തിന് അഭിമുഖം നൽകി മഹ്‍മൂദ് അബ്ബാസ്

Published

|

Last Updated

വെസ്റ്റ് ബാങ്ക് | ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്, വർഷങ്ങൾക്കിടെ ആദ്യമായി ഇസ്റാഈൽ മാധ്യമത്തിന് അഭിമുഖം നൽകി. ഗസ്സയിലെ വെടിനിർത്തൽ കരാറിനെ ചരിത്രപരമായ നിമിഷം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ശാശ്വത സമാധാനത്തിനായുള്ള തന്റെ പ്രതീക്ഷ ചാനൽ 12 ടെലിവിഷൻ ചാനലുമായി പങ്കുവെച്ചു.

ഇന്നത്തെ സംഭവം ഒരു ചരിത്രപരമായ നിമിഷമാണ്. ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം ഉൾപ്പെടെ തങ്ങളുടെ മണ്ണിൽ നടക്കുന്ന രക്തച്ചൊരിച്ചിലിന് ഒരു അന്ത്യം വരുത്താൻ ആഗ്രഹിക്കുന്നു. രക്തച്ചൊരിച്ചിൽ നിലച്ചതിൽ ഇന്ന് അതിയായ സന്തോഷമുണ്ട്. ഇത് ഇപ്രകാരം തന്നെ തുടരുമെന്നും തങ്ങൾക്കും ഇസ്റാഈലിനും ഇടയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഹ്‍മൂദ് അബ്ബാസ് പറഞ്ഞു.

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായി ഫലസ്തീൻ അതോറിറ്റി (പി എ) പരിഷ്കരണങ്ങൾ ആരംഭിച്ചതായി അബ്ബാസ് വെളിപ്പെടുത്തി. പലസ്തീൻ അതോറിറ്റിക്ക് പലസ്തീൻ ജനതയെ നയിക്കാൻ കഴിയുന്ന ഒരു മാതൃകയായി മാറുന്നത് വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തടവുകാരുടെ കുടുംബങ്ങൾക്ക് നൽകുന്ന വേതനത്തിൽ വരുത്തിയ മാറ്റങ്ങളാണ് പ്രധാന പരിഷ്കാരം. ഇസ്റാഈൽ തടവിലാക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത ഫലസ്തീനികളുടെ കുടുംബങ്ങൾക്ക് നൽകുന്ന ഈ വേതനം, മുൻപ് തടവുകാലത്തിന്റെ ദൈർഘ്യത്തെ ആശ്രയിച്ചായിരുന്നു നൽകിയിരുന്നത്. എന്നാൽ വിമർശനങ്ങളെത്തുടർന്ന് ഇത് ആവശ്യാധിഷ്ഠിത മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുകയായിരുന്നു.

വെടിനിർത്തലിന് ശേഷം രാഷ്ട്രീയപരമായ പരിഹാരത്തിലേക്ക് നീങ്ങുന്നതിലുള്ള അബ്ബാസിന്റെ ശ്രദ്ധേയമായ അനുരഞ്ജനപരമായ നീക്കമായാണ് ഈ അഭിമുഖം വിലയിരുത്തപ്പെടുന്നത്.

Latest