Connect with us

International

പാക് പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യം; പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്നുണ്ടാകാനിടയില്ല

പാക് പ്രസിഡന്റ് ഡോ. ആരിഫ് ആല്‍വിക്ക് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡോക്ടർമാര്‍ ഏതാനും ദിവസത്തെ വിശ്രമം നിർദേശിച്ചു

Published

|

Last Updated

ഇസ്ലാമാബാദ് | പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ശരീഫിന്റെ സത്യപ്രതിജ്ഞ ഇന്നുണ്ടാകാനിടയില്ല. പാക് പ്രസിഡന്റ് ഡോ. ആരിഫ് ആല്‍വിക്ക് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡോക്ടർമാര്‍ ഏതാനും ദിവസത്തെ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തിലാണിത്. ആരിഫ് ആല്‍വിയാണ് പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്.

പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് അധ്യക്ഷന്‍ ഷഹബാസ് ഷരീഫിനെ നേരത്തെ ദേശീയ അസംബ്ലി തിരഞ്ഞെടുത്തിരുന്നു. 174 വോട്ടുകളാണ് അദ്ദേഹം നേടിയത്. തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് രാത്രി എട്ടരയോടെ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ആരിഫ് ആൽവിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആൽവിക്ക് ഏതാനും ദിവസം വിശ്രമം നിർദേശിച്ചതായി അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കുന്നു.

അവിശ്വാസ വോട്ടെടുപ്പിലൂടെ ഇമ്രാന്‍ ഖാന്‍ പുറത്തായതോടെയാണ് ദേശീയ അസംബ്ലി ചേര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാന്‍ ഖാന്‍ അധികാരമേറ്റത്. സുപ്രീം കോടതി ഇടപെടലിനു ശേഷവും അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പു നടത്താതെ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നു വ്യക്തമായതോടെ, ശനിയാഴ്ച രാത്രി വൈകി സേനാമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹമുയര്‍ന്നു. സുപ്രീം കോടതി അടിയന്തര സിറ്റിങ് നടത്താനും തീരുമാനിച്ചു.

ഇതോടെ അര്‍ധരാത്രി വീണ്ടും സഭ ചേര്‍ന്നപ്പോള്‍ സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജി നല്‍കി ഭരണപക്ഷം സഭ വിട്ടു. മുതിര്‍ന്ന പ്രതിപക്ഷാംഗം ഇടക്കാല സ്പീക്കറായി ചുമതലയേറ്റാണു വോട്ടെടുപ്പു നടത്തിയത്.

 

Latest