International
പിന്മാറാതെ പാകിസ്ഥാന്‍; പ്രത്യാക്രമണത്തിന് സൈന്യത്തിന് അനുമതി, പ്രതിരോധിക്കാന്‍ സര്‍വസജ്ജമായി ഇന്ത്യ
ഇന്ത്യൻ അതിര്‍ത്തികളിലെല്ലാം ശക്തമായ സുരക്ഷ

ഇസ്ലാമാബാദ് | പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതോടെ പ്രത്യാക്രമണത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായി റിപോര്‍ട്ടുകൾ. തിരിച്ചടിക്കാന്‍ പാക് ദേശീയ സുരക്ഷാ സമിതി സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യ സര്‍വസജ്ജമായി. ഇന്ത്യന്‍ അതിര്‍ത്തികളെല്ലാം ശക്തമായ സുരക്ഷയിലാണ്. അതിർത്തിയിൽ കൂടുതൽ സേനകളെ വിന്യസിച്ചു.
ഇന്ത്യ നിരപരാധികളെ ഉന്നം വെച്ചെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ തിരിച്ചടിക്കൊരുങ്ങുന്നത്. ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയുടെ സഹായവും പാകിസ്ഥാന്‍ തേടിയതായാണ് വിവരം.
ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തിരിച്ചടിച്ചതെങ്കില്‍ പാകിസ്ഥാന്റെ തിരിച്ചടി സാധാരണക്കാരെയോ സൈനിക കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടായിരിക്കുമെന്നാണ് കുരുതുന്നത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മുതല്‍ കശ്മീരിലെ വിവിധ കേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സാധാരണക്കാരായ പത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ നിലം പരിശാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു പാകിസ്ഥാൻ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയത്. ഉറിയിലും പൂഞ്ചിലുമുള്ള ഗ്രാമങ്ങൾ പാക് സേന പൂർണമായി നശിപ്പിച്ചു.