Kerala
നെല്ല് സംഭരണ കുടിശ്ശിക; ഈ മാസം അവസാനത്തോടെയെന്ന് മന്ത്രി ജി ആര്‍ അനില്‍
നെല്ലിന്റെ വില നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാറിലേക്ക് 400 കോടി രൂപയുടെ ക്ലെയിം സമര്‍പ്പിച്ചിട്ടുണ്ട്. ഈ തുക മാര്‍ച്ച് അവസാനത്തോടെ കിട്ടുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം | നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ ബാക്കിയുള്ള തുക ഈ മാസം അവസാനത്തോടെ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍. 2022-23 സീസണിലെ നെല്ല് സംഭരണം 2022 സെപ്തംബറില്‍ ആരംഭിച്ച് 2023 ജൂണില്‍ അവസാനിക്കും.
2022-23 സീസണില്‍ നാളിതുവരെ 96,500 കര്‍ഷകരില്‍ നിന്നും 2.79 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുകയും 72,314 കര്‍ഷകര്‍ക്കായി 570 കോടി രൂപ നല്‍കുകയും ചെയ്തിട്ടുണ്ട്. 24,186 കര്‍ഷകര്‍ക്ക് 240 കോടി രൂപ നല്‍കാന്‍ ബാക്കിയുണ്ടെന്നും മുരളി പെരുന്നെല്ലിയുടെ ഉപക്ഷേപത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
നെല്ലിന്റെ വില നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാറിലേക്ക് 400 കോടി രൂപയുടെ ക്ലെയിം സമര്‍പ്പിച്ചിട്ടുണ്ട്. ഈ തുക മാര്‍ച്ച് അവസാനത്തോടെ കിട്ടുമെന്നാണ് പ്രതീക്ഷ. കൂടാതെ നെല്ലിന്റെ വില കര്‍ഷകര്‍ക്ക് സമയബന്ധിതമായി നല്‍കുന്നതിന് കേരള ബേങ്ക് ഉള്‍പ്പെടെയുള്ള ബേങ്കുകളില്‍ നിന്നും വായ്പ സ്വീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കുന്നതിന് വായ്പ അനുവദിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ബേങ്കുകള്‍ അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.