Kerala
നെല്ല് സംഭരണം: 1,11,953 കര്‍ഷകര്‍ക്ക് 811 കോടി വിതരണം ചെയ്തു
അടുത്ത മാസം ആദ്യ വാരത്തോടുകൂടി ഇന്ന് വരെ സംഭരിച്ച മുഴുവന്‍ നെല്ലിന്റെയും വില കര്‍ഷകര്‍ക്ക് നല്‍കും.

തിരുവനന്തപുരം | 2022-23 സീസണില്‍ 1,34,152 കര്‍ഷകരില്‍ നിന്നും ഈ മാസം 28 വരെ 3.61 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുകയും വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി രൂപ വിതരണം നടത്തുകയും ചെയ്തതായി ഭക്ഷ്യ മന്ത്രി ജി അനില്‍ അറിയിച്ചു. 22,199 കര്‍ഷകര്‍ക്ക് നല്‍കാനുള്ള 207 കോടി രൂപ വിതരണം ചെയ്തു വരുന്നു.
അടുത്ത മാസം ആദ്യ വാരത്തോടുകൂടി ഇന്ന് വരെ സംഭരിച്ച മുഴുവന്‍ നെല്ലിന്റെയും വില കര്‍ഷകര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 22 മുതല്‍ 29 വരെ 231 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് കൈമാറിയിട്ടുണ്ട്. സപ്ലൈകോയുടെ അക്കൗണ്ടില്‍ നിന്ന് ഈ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയതിനാല്‍ കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കാത്ത വിധത്തിലാണ് തുക നല്‍കിവരുന്നത്.
ഈ സീസണിലെ നെല്ല് സംഭരണം മെച്ചപ്പെട്ട രീതിയില്‍ നടന്നു വരുന്നതായും കര്‍ഷകര്‍ക്ക് നല്‍കേണ്ട തുക സമയബന്ധിതമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ ലഭിക്കാനിടയില്ലെന്നുള്ള പത്രവാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി അറിയിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സംഭരണ വര്‍ഷം കൂടുതല്‍ നെല്ല് സംഭരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കര്‍ഷകരുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്നും നെല്ലിന്റെ വില കര്‍ഷകര്‍ക്ക് സമയബന്ധിതമായി നല്‍കുന്നതിന് എല്ലാവിധ പരിശ്രമവും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.