Kerala
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാള്‍ സിപിഎം രക്തസാക്ഷിയാകും; വിഡി സതീശന്‍
ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാന്‍ സിപിഎം തയാറാകണമെന്നും സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം | രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പരാജയ ഭീതിയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക് ബോബ് നിര്‍മ്മാണ പരിശീലനം നല്‍കുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും സതീശന്‍ ചോദിച്ചു.
പാനൂരിലെ ബോംബ് നിര്‍മ്മാണവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞതിന് പിന്നാലെയാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിലേക്ക് പോയത്. ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലും സിപിഎം ചെയ്തത് ഇതുതന്നെയാണെന്നും മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും കൊലയാളികള്‍ക്ക് രക്ഷാകവചമൊരുക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.
ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാന്‍ സിപിഎം തയാറാകണമെന്നും
ബോംബ് നിര്‍മ്മിച്ചയാള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കും മറുപടി പറയാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ് ബോംബ് നിര്‍മ്മിച്ചവരെ സിപിഎം തള്ളിപ്പറഞ്ഞതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൊല്ലപ്പെട്ടയാള്‍ പാര്‍ട്ടിയുടെ രക്തസാക്ഷിയാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.