Kerala
രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു; ദുരന്തമേഖലകളിലേക്ക് ടൂറിസം വേണ്ട: മന്ത്രി കെ രാജന്‍
ഇത്തരം പ്രവൃത്തികള്‍ തടയണമെന്ന് പോലീസിനോട് ആവശ്യപ്പെടുമെന്നും റവന്യൂ മന്ത്രി

പത്തനംതിട്ട | കനത്ത മഴയെ തുടര്‍ന്ന് പ്രകൃതിക്ഷോഭമുണ്ടായ മേഖലകളില്‍ ആളുകള്‍ കാഴ്ച കാണാന്‍ എത്തുന്നത് ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തമേഖലയില്‍ ആളുകള്‍ ചുമ്മാ കാഴ്ച കാണാന്‍ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ ഇത്തരം പ്രവൃത്തികള്‍ തടയണമെന്ന് പോലീസിനോട് ആവശ്യപ്പെടുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
അഞ്ചാം തിയതിയോടെ മഴ കര്‍ണാടകയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് മഴയും കാറ്റും നിലവില്‍ ശക്തിപ്രാപിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അതിതീവ്ര മഴയില്‍ നിന്ന് ഇപ്പോഴും പിന്നോട്ട് പോയിട്ടില്ല. എന്നിരിക്കിലും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. വെള്ളപ്പൊക്ക ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഡാമുകള്‍ പൊതുവേ സുരക്ഷിതമാണെന്ന് മന്ത്രി അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ചു വെള്ളം ഒഴിക്കിവിടുകയാണ്. അതിതീവ്ര മഴമുന്നറിയിപ്പില്‍ മാറ്റമില്ല.
പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പോലും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. എന്‍ഡിആര്‍എഫ് ആവശ്യമായ ജില്ലകളില്‍ തയാറാണ്. കുട്ടനാട്ടില്‍ പേടിക്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.