Connect with us

National

അശ്ലീല ഉള്ളടക്കം: 18 ഒ ടി ടി പ്ലാറ്റ്ഫോമുകളും 19 വെബ്സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചു

19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവയും ബ്ലോക്ക് ചെയ്തു

Published

|

Last Updated

ന്യൂഡൽഹി | അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്ന 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ഇതോടൊപ്പം 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവയും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഈ ആപ്പുകളും ഒ ടി ടി പ്ലാറ്റ്‌ഫോമുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വിനോദത്തിൻന്റെ പേരിൽ അശ്ലീലവും ആക്ഷേപകരവുമായ വീഡിയോകൾ അവതരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ ഒ ടി ടി ആപ്പുകൾക്ക് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അവയുടെ ഉള്ളടക്കത്തിൽ ഒരു പുരോഗതിയും വരുത്തിയിരുന്നില്ല.

മാർച്ച് 12ന് ചേർന്ന കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈകൊണ്ടത്. നിരോധിച്ച ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ അശ്ലീല വീഡിയോകളും സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും ആണ് ഉണ്ടായിരുന്നതെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. അധ്യാപക – വിദ്യാർത്ഥി ബന്ധങ്ങളും കുടുംബബന്ധങ്ങളും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങളും ഇതിൽ ഉണ്ടായിരുന്നു.

18 ഒ ട ടി ആപ്പുകളിൽ ഒരു ആപ്പിന് ഒരു കോടിയിലധികം ഡൗൺലോഡുകൾ ലഭിച്ചതായി സർക്കാർ അറിയിച്ചു. ഏത് ആപ്പിനാണ് ഇത്രയും പ്രചാരം ലഭിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ മറ്റ് രണ്ട് ആപ്പുകൾക്ക് 50 ലക്ഷത്തിലധികം ഡൗൺലോഡുകൾ ലഭിച്ചു. ഇതുകൂടാതെ, ഈ പ്ലാറ്റ്‌ഫോമുകൾ അവരുടെ വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പ്രേക്ഷകരെ ആകർഷിക്കാൻ സോഷ്യൽ മീഡിയയും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആകെ 32 ലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോമിൽ കാണിക്കുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടവരിൽ എംപിമാർ/എംഎൽഎമാർ, ബുദ്ധിജീവികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നു. ഈ പരാതികൾ പരിഗണിച്ചതിന് ശേഷം, ഈ വർഷം ഒ ടി ടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിന് ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർ മീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021 എന്ന പുതിയ നിയമം കൊണ്ടുവന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ അഭിപ്രായത്തിൽ, ഈ നിയമത്തിലെ സെക്ഷൻ 67, 67 എ, 67 ബി എന്നിവയിൽ സർക്കാരിന് ആക്ഷേപകരമായ ഉള്ളടക്കം നിരോധിക്കാമെന്ന് വ്യവസ്ഥയുണ്ട്.

Latest