Connect with us

Kerala

സൈനികന്റെ വീട്ടില്‍ നിന്ന് 16 പവന്‍ കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ബീമാപ്പള്ളി ഭാഗത്തു നിന്നാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്

Published

|

Last Updated

ഹരിപ്പാട് | സൈനികന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കുമാരപുരം താമല്ലാക്കല്‍ കാര്‍ത്തികയില്‍ സൈനികനായ ബിജുവിന്റെ വീട് കുത്തി തുറന്ന് 16 പവനും 2,500 രൂപയും കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കൊട്ടാരക്കര ചെമ്മങ്ങനാട് ഷെഫീഖ് മന്‍സിലില്‍ റാഫീഖ് ( സതീഷ് – 45 ) ആണ് പിടിയിലായത്.

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ബീമാപ്പള്ളി ഭാഗത്തു നിന്നാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. എണ്‍പതോളം മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ മേയ് 26 നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സൈനികന്റെ വീട്ടില്‍ മോഷണം നടത്തുന്നതിന് മുന്‍പ് പ്രതി കരുവാറ്റ ഭാഗത്തുള്ള ഒരു വീട്ടില്‍ കയറി ഷെഡിന്റെ പൂട്ട് പൊളിച്ച് കമ്പിപാര, പിക്കാസ് എന്നിവ മോഷ്ടിച്ചിരുന്നു. ഇവിടെ നിന്ന് എടുത്ത തോര്‍ത്ത് തലയില്‍ കെട്ടിയും തൂവാല മുഖത്ത് കെട്ടിയുമാണ് മോഷണത്തിന് ഇറങ്ങിയത്.

ഈ വീടിന്റെ മുന്‍വശമുള്ള ബേക്കറിയുടെ പൂട്ട് പിക്കാസ് ഉപയോഗിച്ച് കുത്തി തുറന്നു കവര്‍ച്ച നടത്തി. അതിന് ശേഷം മറ്റൊരു വീട്ടില്‍ നിന്നും കമ്പിപാരയും വെട്ടുകത്തിയും എടുത്ത് പോസ്റ്റിലെ ഫ്യൂസ് ഊരി മാറ്റിയ ശേഷം സൈനികന്റെ വീടിന്റെ മതില് ചാടി കടന്ന് അടുക്കള വശത്തെ വാതില്‍ കുത്തി തുറന്ന് അകത്തു കയറി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും എടുത്തു. ബന്ധു വീട്ടില്‍ പോയിരുന്ന വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.

കൂടുതല്‍ ചോദ്യം ചെയ്തതില്‍ ജൂണ്‍ 11 ന് കരുവാറ്റ ഭാഗത്തുള്ള ഗുരുമന്ദിരത്തിന്റെ കണികവഞ്ചി പൊട്ടിച്ചു സ്വര്‍ണ്ണതകിടും 9,000 രൂപയും മോഷ്ടിച്ചത് ഉള്‍പ്പെടെയുള്ളവ പ്രതി സമ്മതിച്ചു. കേരളത്തില്‍ 11 ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐ മാരായ ശ്രീകുമാര്‍, ഷൈജ, ആദര്‍ശ്, സുജിത്ത്, എ എസ് ഐ സംഗീത, എസ് സി പി ഒ രേഖ, സി പി ഒ മാരായ നിഷാദ്, സജാദ്, ആലപ്പുഴ നര്‍കോട്ടിക്‌സെല്ലിലെ ഡാന്‍സാഫ് അംഗങ്ങളായ മണിക്കുട്ടന്‍, ഷാജഹാന്‍, ഇയാസ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടി കൂടിയത്.

 

 

 

---- facebook comment plugin here -----

Latest