Connect with us

Malappuram

സ്വന്തമായി ബൈക്ക് നിർമിച്ച് ശ്രദ്ധേയനായി വിദ്യാർഥി

ബൈക്ക് സ്വന്തമാക്കാൻ സാമ്പത്തികവും മറ്റും വെല്ലുവിളിയായപ്പോഴാണ് ഫഹദ്ഷ ബൈക്ക് സ്വന്തമായി നിർമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്.

Published

|

Last Updated

പുത്തനത്താണി | സ്വന്തമായി ബൈക്ക് നിർമിച്ച് ആഗ്രഹം സാഫല്യമായതിന്റെ സന്തോഷത്തിലാണ് പുത്തനത്താണി അതിരുമട സ്വദേശി ഫഹദ്ഷ. ബൈക്ക് വാങ്ങാൻ പണമില്ല. എങ്കിലും ആ വലിയ സ്വപ്നം ഫഹദ്ഷ യാഥാർഥ്യമാക്കി. അതും വെറും 6000 രൂപക്ക്.

ബൈക്ക് സ്വന്തമാക്കാൻ സാമ്പത്തികവും മറ്റും വെല്ലുവിളിയായപ്പോഴാണ് ഫഹദ്ഷ ബൈക്ക് സ്വന്തമായി നിർമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. സുഹൃത്തുക്കൾ കളിയാക്കിയെങ്കിലും നിർമിച്ച ബൈക്കിൽ അവർക്ക് മുമ്പിലൂടെ ചീറിപ്പാഞ്ഞപ്പോഴാണ് കൂട്ടുകാർ ശരിക്കും അമ്പരന്നത്. ഒറ്റ നോട്ടത്തിൽ സൈക്കിളായും എന്നാൽ സൂക്ഷിച്ച് നോക്കിയാൽ മാത്രമേ ബൈക്കായി തോന്നുകയുള്ളൂ. ആദ്യമായി സംഘടിപ്പിച്ചത് ഇതിനുള്ള മെറ്റീരിയലുകളായിരുന്നു. ഇതിനായി സമീപ പ്രദേശങ്ങളിലുള്ള ആക്രികടകൾ മുഴുവൻ കയറിയിറങ്ങി സൈക്കിളിന്റെയും ബൈക്കിന്റെയും അവശിഷ്ടങ്ങൾ ശേഖരിച്ചായിരുന്നു ഓരോ തവണയും മടങ്ങിയിരുന്നത്. ജി ഐ പൈപ്പിന്റെ കഷ്ണങ്ങൾ വെൽഡ് ചെയ്തായിരുന്നു ഷാസി നിർമിച്ചത്. കാർഷികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പമ്പിന്റെ മോട്ടോറിന്റെ ഇന്ധന ടാങ്ക് രൂപമാറ്റം വരുത്തി പെട്രോൾ ടാങ്കാക്കി. മനസിലുള്ള യന്ത്രഭാഗങ്ങളും മറ്റും ഏകദേശം ഒത്തപ്പോൾ നിർമാണം തുടങ്ങി. പ്രാഥമികഘട്ടം വിജയിച്ചപ്പോൾ ആവേശമായി. പിന്നെ ലക്ഷ്യം നിറവേറ്റുവാനുള്ള കഠിനാദ്ധ്വാനം.
15 ദിവസത്തിനകം ബൈക്ക് യാഥാർഥ്യമാക്കി ഫഹദ്ഷ വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി. പ്ലസ്ടു കഴിഞ്ഞ ഫഹദ്ഷക്ക് മെക്കാനിക്കൽ എൻജിനീയറിംഗിന് ചേരാണ് ആഗ്രഹം. കുട്ടിപ്രായത്തിൽ തന്നെ ഇത്തരത്തിലുള്ള കണ്ടുപിടുത്തങ്ങളോട് പ്രത്യേക താത്പര്യം ഫഹദ്ഷ കാണിക്കുമായിരുന്നു.

മയ്യേരി സൈതാലിക്കുട്ടി – ഫാത്വിമ സുഹറ ദമ്പതികളുടെ മകനാണ് ഫഹദ്ഷ. ആരെയും വിസ്മയിപ്പിക്കുന്ന ബൈക്കൊരുക്കിയ കൗമാരക്കാരനെ കുറുക്കോളി മൊയ്തീൻ എം എൽ എയടക്കമുള്ള ജനപ്രതിനിധികൾ വീട്ടിലെത്തി അനുമോദിച്ചു.

Latest