Connect with us

Articles

എഡിറ്റേഴ്സ് ഗില്‍ഡല്ല; പ്രതി ഭരണകൂടമാണ്

ഭയപ്പെടുത്തി നിശബ്ദരാക്കുന്ന തന്ത്രങ്ങള്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ മുന്നില്‍ എത്രത്തോളം വിലപ്പോകും എന്ന് കണ്ടറിയണം. വസ്തുതകള്‍ എന്തെന്ന് കാണിക്കാന്‍ മുന്നില്‍ കണ്ണാടി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരുടെ കൈവെട്ടുന്ന രീതിയാണത്. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളുടെ അടിവേരറുക്കാന്‍ തുനിഞ്ഞവരെ തടഞ്ഞാണ് ഗില്‍ഡിന്റെ രംഗപ്രവേശനം തന്നെ.

Published

|

Last Updated

വര്‍ഗീയ ഭ്രാന്ത് തലക്കു പിടിച്ചതോടെയാണ് മണിപ്പൂരിലെ മനുഷ്യരുടെ അടിവേരിളകിയത്. അധികാര രാഷ്ട്രീയം ആ ഭ്രാന്തിന്റെ ഉന്മാദാവസ്ഥ മുതലെടുത്ത് തുടങ്ങിയതോടെ കലാപക്കളികള്‍ പെരുകി വന്നു. മുന്നില്‍ കാണുന്നത് മുഴുവന്‍ കുകികളെയോ മെയ്തെയ്കളെയോ മാത്രമായി. അവിടം മനുഷ്യരില്ലാതായി മാറി. തങ്ങള്‍ക്കു മാത്രം ജീവിതമെന്നും മറു വിഭാഗത്തിന് യാതനയും മരണവുമെന്നും ഓരോരുത്തരും തീര്‍പ്പു കല്‍പ്പിച്ചു. ഇന്റര്‍നെറ്റും ഇതര ആശയ വിനിമയോപാധികളും എല്ലാം കൊട്ടിയടച്ച് ഒരു നാടിനെയൊന്നടങ്കം കെട്ടിപ്പൂട്ടി വെച്ചിട്ടും എങ്ങനെയോ പുറത്തു വന്ന ചില ദൃശ്യങ്ങള്‍ കണ്ട് മനസ്സാക്ഷിയുള്ളവര്‍ നടുങ്ങി. അപ്പോഴും തെല്ലും ഭാവഭേദങ്ങളില്ലാതെ ന്യായീകരണങ്ങളുമായി പഴേപടി തുടരുന്ന അധികാര വര്‍ഗം എന്നത്തേയും പോലെ പ്രതിസ്വരങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള കഠിന ശ്രമത്തിലാണ്.

മണിപ്പൂരിലെ വംശീയ സംഘര്‍ഷം കത്തിയാളുന്ന സമയത്തെ സംസ്ഥാനത്തെ പല മാധ്യമങ്ങളുടെയും ഇടപെടലുകളെ സംബന്ധിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ (ഇ ജി ഐ) റിപോര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. സംഘട്ടനങ്ങളെ സ്വാധീനിക്കുകയും കത്തിച്ചു നിര്‍ത്തുകയും ചെയ്യുന്ന തരത്തില്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായ കവറേജുകള്‍ നടത്തിയിരുന്നുവെന്നാണ് ആ റിപോര്‍ട്ടിന്റെ പ്രധാന നിഗമനം. അതിന് അടിവരയിടുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നീക്കങ്ങളും പക്ഷപാതപരമായിരുന്നുവെന്ന് തെളിയിക്കുന്ന ഒട്ടേറെ നിരീക്ഷണങ്ങളും നിഗമനങ്ങളും അതില്‍ അടങ്ങിയിട്ടുണ്ട്. ഈ റിപോര്‍ട്ട് പുറത്തു വന്നതോടെ രാജ്യത്തെ തന്നെ പത്രാധിപന്മാരുടെ പ്രമുഖ സംഘമായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ (ഇ ജി ഐ)ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് മണിപ്പൂര്‍ സര്‍ക്കാര്‍. ഇ ജി ഐയുടെ തലപ്പത്തുള്ളവര്‍ക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളുന്നയിച്ച് കൊണ്ടാണ് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം അറിയിച്ചത്. ഇതിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. എഫ് ഐ ആറില്‍ പേരുള്ള മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നല്‍കുകയും ചെയ്തിട്ടുണ്ട്.

മണിപ്പൂരിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ മനുഷ്യര്‍ ഇത്രയേറെ അക്രമാസക്തരായതില്‍ ഏറിയ പങ്കും മാധ്യമങ്ങള്‍ക്കാണെന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ വംശീയ വികാരമുണര്‍ത്തുന്ന കവറേജുകള്‍ നല്‍കുക വഴി മാധ്യമങ്ങളാണ് മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ അനുവദിക്കാത്തത് എന്ന് ഇന്ത്യന്‍ സൈന്യം പോലും പരാതിപ്പെടുകയുണ്ടായി. ഇതോടെയാണ് വസ്തുതകള്‍ നേരിട്ട് അന്വേഷിക്കാന്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രതിനിധികള്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. നീണ്ട കാലത്തെ ഇന്റര്‍നെറ്റ് നിരോധനം മൂലം സമതുലിതമായ വാര്‍ത്തകള്‍ നല്‍കാന്‍ മണിപ്പൂരിലെ മാധ്യമങ്ങള്‍ക്ക് സാധിച്ചില്ല എന്നും ഏകപക്ഷീയ റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ഇ ജി ഐ കണ്ടെത്തി.

ഈ റിപോര്‍ട്ടില്‍ പ്രകോപിതരായാണ് ഗില്‍ഡ് നിയോഗിച്ച സീമ ഗുഹ, ഭരത് ഭൂഷണ്‍, സഞ്ജയ് കപൂര്‍ എന്നീ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇ ജി ഐ പ്രസിഡന്റ് സീമ മുസ്തഫക്കും എതിരെ മണിപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നംഗ സമിതിയുടെ റിപോര്‍ട്ട് ഏകപക്ഷീയമാണെന്നും അത് കൂടുതല്‍ അക്രമത്തിന് കാരണമായേക്കാമെന്നും അവകാശപ്പെട്ടുകൊണ്ട് കേസിനെ ന്യായീകരിക്കാനാണ് ബിരേന്‍ സിംഗ് ശ്രമിച്ചത്. റിപോര്‍ട്ടിനെ വിമര്‍ശിക്കുന്നതിനപ്പുറം അതിന്റെ രചയിതാക്കള്‍ ദേശവിരുദ്ധരും ഭരണവിരുദ്ധരുമാണെന്നും അവരുടെ ഉദ്ദേശ്യം അറിഞ്ഞിരുന്നെങ്കില്‍ അവരെ സംസ്ഥാനം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലായിരുന്നു തുടങ്ങിയ വാഗ്വാദപരമായ പരാമര്‍ശങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.

യാഥാര്‍ഥ്യം തങ്ങള്‍ക്കനുകൂലമല്ലെന്ന് കണ്ടാല്‍ വസ്തുതാന്വേഷണ സംരംഭങ്ങളെയെല്ലാം നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ഇതാദ്യമൊന്നുമല്ലല്ലോ. പോലീസോ അന്വേഷണ ഏജന്‍സികളോ തുടങ്ങിയ ഏതെങ്കിലും ഭരണകൂട ആയുധങ്ങള്‍ ഉപയോഗിച്ച് പ്രതിസ്വരങ്ങളെ നിശബ്ദമാക്കാനുള്ള എല്ലാ പ്രക്രിയകളും അരങ്ങേറും. ഇപ്പോഴത് മാധ്യമ പ്രവര്‍ത്തകരെ പ്രതിനിധാനം ചെയ്യുന്ന എഡിറ്റര്‍മാര്‍ക്കെതിരെയാണ് എന്ന് മാത്രം. രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് ഗില്‍ഡിനെതിരെ കേസുകളുള്ളത്. വ്രണമുണ്ടാക്കുന്നതും ശത്രുത വളര്‍ത്തുന്നതും ചൂണ്ടിക്കാട്ടിയതിന് അതേ നാണയത്തില്‍ കേസു ചാര്‍ത്തുന്ന സര്‍ക്കാറിന്റെ വൈരുധ്യമാണ് ഇത് കാണിക്കുന്നത്.

തന്റെ സംസ്ഥാനത്തെ മാധ്യമങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന റിപോര്‍ട്ടിനോട് വിയോജിക്കാമെങ്കിലും ദേശവിരുദ്ധത ആരോപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകള്‍ക്ക് എന്ത് ന്യായീകരണമാണുള്ളത്. ഇന്റര്‍നെറ്റ് നിരോധനം പോലുള്ള സര്‍ക്കാറിന്റെ നയങ്ങളാണ് പത്രപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാന്‍ കാരണമെന്ന് റിപോര്‍ട്ട് തെളിച്ചു പറയുന്നുണ്ട്. ഇത്തരം പ്രത്യേക സാഹചര്യങ്ങളില്‍ വാര്‍ത്തകള്‍ക്കായി സംസ്ഥാന സര്‍ക്കാറിനെ ആശ്രയിക്കുകയാണ് മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുക. ബിരേന്‍ സിംഗ് ഭരണത്തിന്‍ കീഴിലുള്ള സര്‍ക്കാര്‍ നല്‍കുന്ന ആഖ്യാനങ്ങള്‍ ഒരു സമുദായത്തിനോട് പക്ഷപാതമായ കൂറ് പുലര്‍ത്തിയതാണ് വാര്‍ത്തകളും ആ രീതിയില്‍ പ്രചരിക്കാന്‍ കാരണം. ഇവിടെ യഥാര്‍ഥ പ്രതി മാധ്യമങ്ങളല്ല. ഭരണകൂടം തന്നെയാണ്. ഇത്തരം സാഹചര്യത്തില്‍ മാധ്യമങ്ങളുടെ ഇടപെടലുകളെ കുറിച്ചുള്ള റിപോര്‍ട്ടില്‍ സര്‍ക്കാറിന്റെ നേതൃത്വത്തെ നേരിട്ട് കുറ്റപ്പെടുത്തുന്നത് ഇതു കൊണ്ടൊക്കെ തന്നെയാണ്. സംഘര്‍ഷ സാഹചര്യങ്ങളില്‍ പക്ഷപാതപരമോ ഫലപ്രദമല്ലാത്തതോ ആയ ഭരണം അവിടെ നിലനില്‍ക്കുന്ന പത്രപ്രവര്‍ത്തനത്തിലും പ്രതിഫലിക്കുക തന്നെ ചെയ്യും.

ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും സംഘര്‍ഷത്തെ പ്രതി വിശാലമായ ചിത്രം പുറത്തു വന്നിട്ടും രണ്ട് സമുദായങ്ങള്‍ക്കിടയില്‍ അനുരഞ്ജനം നടത്താനും ശാശ്വത സമാധാനം കൊണ്ടുവരാനുമുതകുന്ന കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലല്ലോ. അതേസമയം തന്നെ പൊതു സമൂഹത്തിന്റെ വസ്തുതാന്വേഷണ സംരംഭങ്ങളെ നിശബ്ദമാക്കാന്‍ പോലീസ് കേസുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തി നിശബ്ദരാക്കുന്ന തന്ത്രങ്ങള്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ മുന്നില്‍ എത്രത്തോളം വിലപ്പോകും എന്ന് കണ്ടറിയണം. വസ്തുതകള്‍ എന്തെന്ന് കാണിക്കാന്‍ മുന്നില്‍ കണ്ണാടി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരുടെ കൈവെട്ടുന്ന രീതിയാണത്. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളുടെ അടിവേരറുക്കാന്‍ തുനിഞ്ഞവരെ തടഞ്ഞാണ് ഗില്‍ഡിന്റെ രംഗപ്രവേശനം തന്നെ. എഡിറ്റര്‍മാരെ ലക്ഷ്യം വെച്ചത് കൊണ്ട് മണിപ്പൂരിലെ പ്രശ്നം പരിഹരിക്കപ്പെടുമോ. ഭരണകൂടത്തിന്റെ പരാജയത്തിന് മയക്കുമരുന്ന് സംഘങ്ങളെയും അഭയാര്‍ഥികളെയും കുറ്റപ്പെടുത്തുന്നത് പോലെ എഡിറ്റര്‍മാര്‍ക്കെതിരെ വിരലോങ്ങിയിട്ട് കാര്യമുണ്ടോ. ഒരു സംസ്ഥാനത്തിന്റെ തന്നെ സാമൂഹിക ഘടനയെ തകര്‍ത്ത മാസങ്ങളോളമായി തുടരുന്ന അക്രമാവസ്ഥ അവസാനിപ്പിക്കാന്‍ കഴിയാതെ വെറും പരാജയമായ ഒരു സര്‍ക്കാറിന് മുന്നില്‍ കിട്ടിയ ഒരു ബലിയാട് മാത്രമാണ് എഡിറ്റേഴ്‌സ് ഗില്‍ഡ്. മണിപ്പൂരിനെ വീണ്ടെടുക്കാനുള്ള സാമൂഹികവും സുരക്ഷാപരവുമായ ഉത്തരവാദിത്വവും വെല്ലുവിളികളും ഏറ്റെടുക്കാന്‍ ഈ സര്‍ക്കാറിന് ഇപ്പോഴും വിസമ്മതമാണ്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നാള്‍ക്കുനാള്‍ പിന്നോട്ടിഴഞ്ഞു പോകുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ വിദഗ്ധര്‍ ഉള്‍പ്പെടെ മണിപ്പൂര്‍ പ്രശ്നം സൂചിപ്പിക്കുകയുണ്ടായി. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം കൂടി വന്നതോടെ ആഗോള തലത്തില്‍ തന്നെ ഇക്കാര്യം ഇന്ത്യയെ അലട്ടുന്നുണ്ടെന്ന് ഉറപ്പായിക്കഴിഞ്ഞു. മണിപ്പൂരിനും ഇന്ത്യക്കും വേണ്ടത് അധികാരത്തിലുള്ളവരില്‍ നിന്ന് പ്രകടമാകേണ്ട സമാധാനം കാംക്ഷിച്ച് കൊണ്ടുള്ള ആത്മാര്‍ഥതയുള്ള ഉത്തരവാദിത്വ പ്രകടനമാണ്. അത് കേന്ദ്രത്തില്‍ നിന്നാരംഭിക്കേണ്ടതുണ്ട്. അതില്ലാത്ത കാലത്തോളം മണിപ്പൂര്‍ ഇനിയും പുകഞ്ഞു കൊണ്ടിരിക്കും. ഒട്ടേറെ മനുഷ്യര്‍ ഇനിയും എരിഞ്ഞു തീരും.

 

Latest