Connect with us

Health

നോറോ വൈറസ്; ലക്ഷണങ്ങളും പ്രതിരോധവും

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. അതിനാല്‍ ശൈത്യകാല ഛര്‍ദ്ദി അതിസാര അണുബാധ എന്നൊരു പേരു കൂടി ഈ രോഗത്തിനുണ്ട്.

Published

|

Last Updated

കാലിസിവിരിഡി കുടുംബത്തില്‍പ്പെടുന്ന ആര്‍എന്‍എ വൈറസാണ് നോറോ വൈറസ്. അമേരിക്കയിലെ ഓഹിയോയിലെ നോര്‍വാക്കിലെ സ്‌കൂളില്‍ 1972ല്‍ ഉണ്ടായ നോര്‍വാര്‍ക്ക് പകര്‍ച്ചവ്യാധിയോടുള്ള സാമ്യം കൊണ്ടാണ് നോറോ വൈറസ് എന്ന പേര് ലഭിച്ചത്. ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. അതിനാല്‍ ശൈത്യകാല ഛര്‍ദ്ദി അതിസാര അണുബാധ എന്നൊരു പേരു കൂടി ഈ രോഗത്തിനുണ്ട്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധയുണ്ടാവാം. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ല. എന്നാല്‍ ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പ്രതലങ്ങളിലൂടെയോ പകരുന്ന അതിവ്യാപന ശേഷിയുള്ള വൈറസാണ് നോറോ. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും അണുബാധയുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് അക്യൂട്ട് ഗ്യാസ്ട്രോഎന്‍ട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കും. തുടര്‍ന്ന് 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

പെട്ടെന്നുള്ള കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് അണുബാധ കാരണമാകും. ഒന്നു മുതല്‍ മൂന്നുവരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറാമെങ്കിലും തുടര്‍ന്നുള്ള രണ്ടു ദിവസം വരെ വൈറസ് പടരാനുള്ള സാധ്യതയുണ്ട്. രോഗബാധിതരുടെ സ്രവങ്ങള്‍ വഴി പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങിനില്‍ക്കും. അവിടങ്ങളില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്കു വൈറസ് പടരും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംപുരട്ടല്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ കൂടുതലായാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും. നോറോ വൈറസ് രോഗത്തിനെതിരെ കൃത്യമായ ആന്റിവൈറല്‍ മരുന്നോ വാക്സിനോ നിലവിലില്ല. അതിനാല്‍ നിര്‍ജലീകരണം തടയുകയാണ് പ്രധാന മാര്‍ഗം. മിക്ക ആളുകള്‍ക്കും ചികിത്സയില്ലാതെ തന്നെ അസുഖം പൂര്‍ണമായും മാറും.

മൂത്രത്തിന്റെ അളവ് കുറയുക, ചുണ്ട്, തൊണ്ട, വായ എന്നിവ വരളുക, തലകറക്കം, ക്ഷീണം, ചെറിയകുട്ടികളില്‍ അകാരണമായ കരച്ചില്‍, മയക്കക്കൂടുതല്‍, വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയാണ് നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍.

പ്രതിരോധം

കൃത്യമായ മാര്‍ഗങ്ങളിലൂടെ പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ് നോറോ വൈറസ്. ഇതില്‍ വ്യക്തിശുചിത്വം പ്രധാന ഘടകമാണ്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ടോയ്ലറ്റില്‍ പോയ ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകണം.

കിണര്‍, കുടിവെള്ള സ്രോതസുകള്‍, വെള്ളം ശേഖരിയ്ക്കുന്ന ടാങ്കുകള്‍ എന്നിവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. ഗാര്‍ഹികാവശ്യങ്ങള്‍ക്കും വ്യക്തിശുചിത്വത്തിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി മാത്രമേ ഉപയോഗിക്കാവൂ. തണുത്തതും പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കരുത്. കടല്‍ മത്സ്യങ്ങള്‍, ഞണ്ട്, കക്ക എന്നിവ നന്നായി പാകം ചെയ്തു മാത്രമേ കഴിക്കാവൂ. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

രോഗബാധിതര്‍ എന്ത് ചെയ്യണം

നോറോ വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. വൈറസ് ബാധിതര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ ചുരുങ്ങിയത് രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.

 

 

Latest