Connect with us

From the print

ട്യൂഷന്‍ സെന്ററുകളില്‍ പഠനയാത്ര വേണ്ട, പാരലല്‍ കോളജുകളിലെ രാത്രി ക്ലാസ്സും നിരോധിക്കണം; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

കമ്മീഷന്‍ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Published

|

Last Updated

കോഴിക്കോട് | ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്ന പഠന വിനോദയാത്രകള്‍ നിര്‍ത്തലാക്കാനും പാരലല്‍ കോളജുകളുടെ രാത്രികാല പഠന ക്ലാസ്സുകള്‍ കര്‍ശനമായി നിരോധിക്കാനും ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാളകം മാര്‍ത്തോമ ഹൈസ്‌കൂള്‍ അധ്യാപകന്‍ സാം ജോണ്‍ സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്‍ നടപടി.

മത്സരാധിഷ്ഠിത സാമൂഹിക വ്യവസ്ഥിതിയില്‍ കുട്ടികളുടെ കൗമാര കൗതുകങ്ങളെ ചൂഷണം ചെയ്ത് തങ്ങളുടെ സ്ഥാപനത്തിന് സാമ്പത്തിക ലാഭമുണ്ടാക്കുന്നതിന് ചില ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്ന പഠന വിനോദയാത്രകള്‍ അനാരോഗ്യ പ്രവണതകള്‍ക്ക് അവസരമുണ്ടാക്കുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സ്‌കൂളികളിലെ പഠനയാത്രക്ക് സര്‍ക്കാര്‍ കൃത്യനായ മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, പാരലല്‍ കോളജുകള്‍ ഈ മാര്‍ഗരേഖ അവലംബിക്കുന്നില്ല. സ്‌കൂളുകളില്‍ പഠന വിനോദയാത്രക്ക് സൗകര്യമുണ്ടായിട്ടും ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളജുകളും പ്രത്യേകം വിനോദയാത്രക്ക് കുട്ടികളെയും രക്ഷിതാക്കളെയും നിര്‍ബന്ധിക്കുന്നതിന് ന്യായീകരണമില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയടുക്കുമ്പോള്‍ ട്യൂഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ നൈറ്റ് സ്റ്റഡി എന്ന പേരില്‍ പ്രത്യേക ക്ലാസ്സുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സ്‌കൂളിലെ പഠന സമയത്തിന് ശേഷം വീണ്ടും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന പഠന ക്ലാസ്സുകള്‍ അശാസ്ത്രീയവും കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാകുന്നതും രക്ഷിതാക്കള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദം ഏല്‍പ്പിക്കുന്നതുമാണ്. ഇത്തരം പഠന ക്ലാസ്സുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.