Editorial
മറ്റൊരു അധ്യാപകനും വരരുത് ആനന്ദ് വിശ്വനാഥന്റെ ഗതി
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനു ശേഷം കെട്ടിച്ചമച്ചതാണ് ലൈംഗിക പീഡന പരാതിയെന്ന് തൊടുപുഴ അഡീഷനൽ കോടതി കണ്ടെത്തി. അദ്ദേഹം ഇക്കാലമത്രയും സഹിച്ച മാനസിക പീഡനത്തിനും മാനഹാനിക്കും ആര് നഷ്ടപരിഹാരം നൽകും?

പതിനൊന്ന് വര്‍ഷമാണ് മൂന്നാര്‍ ഗവ. കോളജ് പ്രൊഫസര്‍ ആനന്ദ് വിശ്വനാഥന്‍ സമൂഹത്തിനു മുമ്പാകെ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വന്നത്. ഒരു വ്യാഴവട്ടക്കാലത്തോളമായി കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മുമ്പില്‍ അദ്ദേഹം ലൈംഗിക കുറ്റവാളിയായിരുന്നു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ മൂന്ന് വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നു. ജോലി നഷ്ടമായി. പരീക്ഷയില്‍ കോപ്പിയടി പിടിച്ചതിന് പതിനൊന്ന് വര്‍ഷം മുമ്പ് അഞ്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്നു നല്‍കിയ വ്യാജലൈംഗിക പീഡന പരാതിയാണ് ഈ അധ്യാപകന്റെ ജീവിതത്തില്‍ ഇരുള്‍വീഴ്ത്തിയത്. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനു ശേഷം കെട്ടിച്ചമച്ചതാണ് ലൈംഗിക പീഡന പരാതിയെന്ന് തൊടുപുഴ അഡീഷനല്‍ കോടതി കണ്ടെത്തി. അദ്ദേഹം ഇക്കാലമത്രയും സഹിച്ച മാനസിക പീഡനത്തിനും മാനഹാനിക്കും ആര് നഷ്ടപരിഹാരം നല്‍കും? ചെയ്യാത്ത തെറ്റിനാണ് ഒരു പതിറ്റാണ്ടിലേറെ അദ്ദേഹം വേദനയും മാനഹാനിയും അനുഭവിച്ചത്.
ഇതൊരൊറ്റപ്പെട്ട സംഭവമല്ല. വിദ്യാര്‍ഥികളെ ശാസിച്ചതിന്റെ പേരില്‍, ശിഷ്യന്മാരുടെ അരുതായ്മകള്‍ക്കെതിരെ പ്രതികരിച്ചതിനെ ചൊല്ലി വ്യാജ ആരോപണങ്ങളും നിയമനടപടികളും ജയില്‍ ശിക്ഷയും നേരിട്ട അധ്യാപകര്‍ വേറെയുമുണ്ട് ധാരാളം. കോട്ടയം കടുംതുരുത്തിയിലെ പാരാമെഡിക്കല്‍ സ്ഥാപനത്തിലെ അധ്യാപകനായിരുന്ന ജോമോന്റെ ജീവിതം തകര്‍ത്തത് ഒരു വിദ്യാര്‍ഥിനിയുടെ വ്യാജ പീഡന ആരോപണമാണ്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്താതെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വീട്ടുകാരും നാട്ടുകാരും ബഹിഷ്‌കരിച്ചു. അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂര്‍ണമായി. 2017ലായിരുന്നു സംഭവം. ഏഴ് വര്‍ഷത്തിനു ശേഷം ഇക്കഴിഞ്ഞ ഏപ്രിലില്‍ പരാതിക്കാരിക്ക് മാനസാന്തരം സംഭവിക്കുകയും നാട്ടിലെ ക്രിസ്തീയ ദേവാലയത്തില്‍ നിന്ന് ജോമോനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതില്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. മറ്റാരുടെയോ പ്രേരണയാലാണ് പരാതി നല്‍കിയതെന്നാണ് പെണ്‍കുട്ടി പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി ജി സുധിക്ക് 14 മാസമാണ് വ്യാജ പോക്സോ കേസിന്റെ കെടുതി അനുഭവിക്കേണ്ടി വന്നത്. 2022 ഒക്ടോബറില്‍ ഒരു രക്ഷിതാവ് നല്‍കിയ വ്യാജപീഡന പരാതിയെ തുടര്‍ന്നാണ് സുധിക്കെതിരെ പോക്സോ കേസ് ചുമത്തിയത്. താമസിയാതെ സ്‌കൂളില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. മാനേജ്മെന്റിനും ചില അധ്യാപകര്‍ക്കുമുള്ള വൈരാഗ്യമാണ് പോക്സോ പരാതിയുടെ പിന്നിലെന്ന് പിന്നീട് തെളിയുകയും അധ്യാപകന്റെ സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
അധ്യാപകര്‍ക്കെതിരായ പോക്സോ കേസുകള്‍ വര്‍ധിച്ചു വരികയാണ് സംസ്ഥാനത്ത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മേയ് മാസത്തില്‍ വെളിപ്പെടുത്തിയ കണക്കനുസരിച്ച് 101 സ്‌കൂള്‍ ജീവനക്കാര്‍ പോക്സോ കേസുകളില്‍ അകപ്പെട്ടിട്ടുണ്ട്. 88 പേര്‍ അധ്യാപകരും 13 അനധ്യാപകരും. കുറ്റാരോപിതരില്‍ 77 പേര്‍ക്കെതിരെ സസ്പെന്‍ഷന്‍, പിരിച്ചു വിടല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിച്ചതായും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. അതേസമയം കുറ്റാരോപിതരില്‍ നല്ലൊരു പങ്കും വ്യാജ കേസുകളുടെ ഇരകളാണെന്നാണ് അധ്യാപക ലോകത്തിന്റെ പക്ഷം. അധ്യാപകര്‍ക്കെതിരെ പരാതി ഉയരുമ്പോഴേക്കും കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും അരുതെന്ന് ഏപ്രിലില്‍ അന്നത്തെ പോലീസ് മേധാവി ശേഖ് ദര്‍വേശ് സാഹെബ് ഉത്തരവ് നല്‍കിയിരുന്നു. വിദ്യാര്‍ഥികളോ രക്ഷിതാക്കളോ നല്‍കുന്ന പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തുകയും കുറ്റാരോപിതനായ അധ്യാപകന് നോട്ടീസ് നല്‍കി അദ്ദേഹത്തിന്റെ ഭാഗം കൂടി കേള്‍ക്കുകയും ചെയ്ത ശേഷം പരാതിയില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് നീങ്ങാവൂ എന്നാണ് ശേഖ് ദര്‍വേശ് സാഹെബ് ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം. പരാതിയില്‍ മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുണ്ടെങ്കില്‍ പ്രാഥമികാന്വേഷണത്തിന് ഡിവൈ എസ് പിയെയോ ഉയര്‍ന്ന റാങ്കിലുളള ഉദ്യോഗസ്ഥനെയോ അധികാരപ്പെടുത്തണമെന്ന ഹൈക്കോടതി നിര്‍ദേശം കൂടി സര്‍ക്കുലറില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. പാഠപുസ്തകങ്ങളിലെ ഭാഗങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല ഒരു അധ്യാപകന്റെ ഉത്തരവാദിത്വം; നാടിനും സമൂഹത്തിനും ഉപകാരപ്പെടുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുക കൂടിയാണ്. കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിലും ശരിയായ ദിശയിലേക്ക് അവരെ നയിക്കുന്നതിലും അധ്യാപകന് മികച്ച പങ്കുണ്ട്. വിദ്യാര്‍ഥികളില്‍ എന്തെങ്കിലും അരുതായ്മകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്യേണ്ടത് അധ്യാപകന്റെ ബാധ്യതയാണ്. പുതിയ വിദ്യാര്‍ഥി ലോകത്തിന് ഇതൊന്നും അത്ര പഥ്യമല്ല. നിയന്ത്രണങ്ങളില്ലാത്ത ക്ലാസ്സ് മുറികളാണ് അവര്‍ക്ക് വേണ്ടത്. അത്തരമൊരു മനോഗതിയാണ് കുരുന്നു മനസ്സുകളില്‍ ചില വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതും.
അച്ചടക്കം പാലിക്കാത്ത വിദ്യാര്‍ഥിയെ ശാസിക്കുന്നതോ കണ്ണുതുറിച്ചു നോക്കുന്നതോ പോലും സ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണമായി കാണുന്നു. ഇതിന്റെ പ്രതികാരമായിരിക്കും അധ്യാപകര്‍ക്കെതിരെ ഉയരുന്ന പീഡന പരാതികളില്‍ നല്ലൊരു പങ്കും. അധ്യാപകന്‍ വിദ്യാര്‍ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയോ, പഠനത്തില്‍ വീഴ്ച വരുത്തിയതിനോ മറ്റോ ഗുരുതരമായ ശാരീരിക- മാനസിക പീഡനത്തിന് ഇരയാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ആവശ്യമാണെന്നതില്‍ പക്ഷാന്തരമില്ല. ഇതോടൊപ്പം തന്നെ, സദുദ്ദേശ്യത്തോടെ അധ്യാപകര്‍ നടത്തുന്ന ശാസനയുടെയോ കോപ്പിയടി പോലുള്ള തെറ്റായ ചെയ്തികളെ തിരുത്താന്‍ ശ്രമിക്കുകയോ ചെയ്തതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി അവരെ ക്രൂശിക്കുന്ന പ്രവണതയും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അധ്യാപകര്‍ക്കെതിരെ കള്ളപ്പരാതി നല്‍കുന്നവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണം. പ്രൊഫസര്‍ ആനന്ദ് വിശ്വനാഥന്റെ ദുര്‍ഗതി ഭാവിയില്‍ ഒരു അധ്യാപകനും വരാന്‍ ഇടയാകരുത്.