Ongoing News
എതിരില്ല; ഗിയാനി ഇന്‍ഫാന്റിനോ വീണ്ടും ഫിഫ പ്രസിഡന്റ്
2023 മുതല്‍ 2027 വരെയുള്ള നാല് വര്‍ഷത്തേക്കാണ് നിയമനം.

റുവാണ്ട | ഗിയാനി ഇന്‍ഫാന്റിനോ വീണ്ടും അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡന്റ്. ഇത് മൂന്നാം തവണയാണ് ഗിയാനി ലോക ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്ത് അവരോധിതനാകുന്നത്. 2023 മുതല്‍ 2027 വരെയുള്ള നാല് വര്‍ഷത്തേക്കാണ് നിയമനം. റുവാണ്ടയിലെ കിഗാലിയില്‍ നടന്ന 73-ാമത് ഫിഫ കോണ്‍ഗ്രസിലാണ് ഗിയാനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
‘വീണ്ടും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അവിശ്വസനീയമായ ബഹുമതിയാണ്. അത് വലിയൊരു ഉത്തരവാദിത്തമാണ്. നിങ്ങളുടെ പിന്തുണയിന്‍ ഞാന്‍ കൂടുതല്‍ വിനയാന്വിതനാവുകയാണ്. ആഗോള ഫുട്‌ബോളിനും ഫിഫയിലെ 211 അംഗ അസോസിയേഷനുകള്‍ക്കുമുള്ള എന്റെ സേവനങ്ങള്‍ തുടരും.’- തിരഞ്ഞെടുപ്പിനു ശേഷം സംസാരിക്കവേ ഗിയാനി പറഞ്ഞു.
ചരിത്രത്തില്‍ ഇതാദ്യമായാണ് ആഫ്രിക്കയില്‍ വച്ച് ഫിഫ കോണ്‍ഗ്രസ് ചേരുന്നത്. റിപ്പബ്ലിക് ഓഫ് റുവാണ്ടയുടെ പ്രസിഡന്റ് പോള്‍ കഗാമെയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസിനെത്തിയ അംഗ അസോസിയേഷനുകളെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത പോള്‍ കഗാമെ, വീണ്ടും ഫിഫ പ്രസിഡന്റ് പദവിയിലെത്തിയ ഗിയാനിയെ അഭിനന്ദിച്ചു.
മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഫുട്‌ബോളിനെ വികസിപ്പിക്കുന്നതിലും ഫിഫക്കുള്ള കടമയെ അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഈ വര്‍ഷത്തിന്റെ അവസാനത്തില്‍ ആസ്‌ത്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കാനിരിക്കുന്ന, 32 ടീമുകള്‍ അണിനിരക്കുന്ന ഫിഫ വനിതാ ലോകകപ്പിന്റെ പ്രൈസ് മണി 15 കോടി യു എസ് ഡോളറായി വര്‍ധിപ്പിക്കുന്ന കാര്യവും ഫിഫ പ്രസിഡന്റ് വെളിപ്പെടുത്തി. 2019ല്‍ നടന്ന കഴിഞ്ഞ ലോകകപ്പിനെക്കാള്‍ മൂന്നിരട്ടിയായാണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്. 2015ലേതിനെക്കാള്‍ പത്തിരട്ടിയും.