National
അമൃത്‌സര്‍ വ്യാജ മദ്യ ദുരന്തം: മരണ സംഖ്യ 16 ആയി
മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു.

ചണ്ഡീഗഡ് | പഞ്ചാബിലെ അമൃത്‌സറില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
അമൃത്‌സറിലെ മജിട്ട മണ്ഡലത്തില്‍ ഇന്നലെ രാത്രി 9.30ഓടെയാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാജ മദ്യ വിതരണ ശൃംഖലയിലെ പ്രധാനി പരബ് ജിത് സിംഗ് ഉള്‍പ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
മൂന്നു വര്‍ഷത്തിനിടെ പഞ്ചാബില്‍ നടക്കുന്ന നാലാമത്തെ മദ്യ ദുരന്തമാണിത്. വ്യാജ മദ്യം കഴിച്ച പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പലരും ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ മരിച്ചു. ഡല്‍ഹിയില്‍ നിന്ന് ഓണ്‍ലൈനിലൂടെ വാങ്ങിയ എഥനോള്‍ ഉപയോഗിച്ചാണ് വ്യാജ മദ്യം നിര്‍മിച്ചതെന്ന് പോലീസ് കണ്ടെത്തി.