National
'പ്രഹാർ': ഭീകരവാദത്തിനെതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
അതിർത്തി കടന്നുള്ള ഭീകരവാദം, സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം തുടങ്ങി രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികളെ നേരിടാനാണ് ഈ പുതിയ നയം ലക്ഷ്യമിടുന്നത്.
ന്യൂഡൽഹി | ഭീകരവാദത്തിനെതിരെ രാജ്യത്തെ ആദ്യത്തെ സമഗ്ര നയമായ ‘പ്രഹാർ’ (PRAHAAR) കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അതിർത്തി കടന്നുള്ള ഭീകരവാദം, സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം തുടങ്ങി രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികളെ നേരിടാനാണ് ഈ പുതിയ നയം ലക്ഷ്യമിടുന്നത്. എം എച്ച് എ. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖയിൽ ക്രിമിനൽ ഹാക്കർമാരും ചില വിദേശ രാജ്യങ്ങളും ഇന്ത്യയുടെ പവർ, റെയിൽവേ, ഏവിയേഷൻ, പ്രതിരോധം തുടങ്ങിയ നിർണ്ണായക മേഖലകളെ ലക്ഷ്യം വെക്കുന്നതായി മുന്നറിയിപ്പ് നൽകുന്നു.
ഭീകരവാദത്തെ ഏതെങ്കിലും പ്രത്യേക മതവുമായോ വംശവുമായോ ദേശീയതയുമായോ ഇന്ത്യ ബന്ധിപ്പിക്കുന്നില്ലെന്ന് നയരേഖ വ്യക്തമാക്കുന്നു. ജിഹാദി ഭീകര സംഘടനകളും അവയുടെ അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യക്കെതിരായ നീക്കങ്ങൾ തുടരുകയാണ്. അൽ ഖാഇദ, ഐ എസ് ഐ എസ്. തുടങ്ങിയ ആഗോള ഭീകര ഗ്രൂപ്പുകൾ സ്ലീപ്പർ സെല്ലുകൾ വഴി ഇന്ത്യയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും വിദേശ രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് തീവ്രവാദികൾ ഗൂഢാലോചന നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പഞ്ചാബ്, ജമ്മു കശ്മീർ തുടങ്ങിയ ഇടങ്ങളിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഭീകരർ ഉപയോഗിക്കുന്നുണ്ട്. ക്രിമിനൽ ശൃംഖലകളെ ഭീകരർ റിക്രൂട്ട്‌മെന്റിനായി ഉപയോഗിക്കുന്നതും ആശങ്കാജനകമാണ്. സോഷ്യൽ മീഡിയ, ഡാർക്ക് വെബ്, ക്രിപ്റ്റോ വാലറ്റുകൾ എന്നിവ വഴി ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നതിനെതിരെയും പ്രഹാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാസ-ജൈവ-റേഡിയോലോജിക്കൽ-ആണവ പദാർത്ഥങ്ങൾ (CBRNED) ഭീകരർ കൈക്കലാക്കുന്നത് തടയുക എന്നത് സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഭീകരവാദ കേസുകൾ ശക്തമാക്കുന്നതിനായി എഫ് ഐ ആർ. രജിസ്റ്റർ ചെയ്യുന്നത് മുതൽ പ്രോസിക്യൂഷൻ വരെയുള്ള എല്ലാ ഘട്ടങ്ങളിലും നിയമവിദഗ്ധരുടെ സഹായം തേടാൻ നിർദേശമുണ്ട്. പ്രാദേശികമായ റാഡിക്കലൈസേഷൻ തടയുന്നതിന് മതനേതാക്കളുടെയും എൻ ജി ഒ. കളുടെയും സഹായം തേടും. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നത് തടയാൻ പ്രത്യേക ബോധവൽക്കരണ പരിപാടികളും ജയിലുകളിൽ തടവുകാർ തീവ്രവാദത്തിലേക്ക് നീങ്ങുന്നത് തടയാനുള്ള നടപടികളും ‘പ്രഹാർ’ നയത്തിന്റെ ഭാഗമാണ്.





