Iran US conflict
ഉടൻ രാജ്യം വിടുക; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി
ഇറാനിലെ നിലവിലെ സാഹചര്യം വിലയിരുത്തി വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരോട് ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിച്ച് മടങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ടെഹ്റാൻ | കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനിൽക്കുന്ന യു എസ് ആക്രമണ ഭീഷണി കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് തെഹ്റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. 2026 ജനുവരി 5ന് നൽകിയ മുന്നറിയിപ്പിന്റെ തുടർച്ചയായാണ് പുതിയ നിർദേശം. ഇറാനിലെ നിലവിലെ സാഹചര്യം വിലയിരുത്തി വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരോട് ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിച്ച് മടങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനെതിരെ യു എസിന്റെ സൈനിക നീക്കം ഉടൻ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നീക്കം. ആണവ കരാറുമായി ബന്ധപ്പെട്ട് തെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് യു എസ് സൈനിക വിന്യാസം ശക്തമാക്കിയത്. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള താരിഫ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായത്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും പി ഐ ഒ. കാർഡുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി ആവർത്തിച്ചു. പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്ര രേഖകളും തിരിച്ചറിയൽ രേഖകളും എപ്പോഴും കൈവശം വെക്കണം. ഏത് അടിയന്തര സാഹചര്യത്തിലും എംബസിയുടെ സഹായം തേടാവുന്നതാണ്.
2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് യു എസ് മേഖലയിൽ നടത്തിയിരിക്കുന്നത്. അത്യാധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെയുള്ളവ ഇറാൻ അതിർത്തിക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. കരാർ ഒപ്പിടാൻ ഡൊണാൾഡ് ട്രംപ് ഇസ്റാഈൽ പക്ഷം ചേർന്ന് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഈ ഭീഷണി. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. ഭീഷണികളെ തള്ളിക്കളയുന്നതായും നയതന്ത്ര ചർച്ചകൾക്കാണ് മുൻഗണനയെന്നും ഇറാൻ പ്രതികരിച്ചു.

