Connect with us

National

എൽ സി എ തേജസ് യുദ്ധവിമാനം തകർന്നുവെന്ന വാർത്തകൾ നിഷേധിച്ച് എച്ച് എ എൽ

വിമാനം തകർന്നിട്ടില്ലെന്നും ഗ്രൗണ്ടിൽ നടന്ന ചെറിയൊരു സാങ്കേതിക പ്രശ്നം മാത്രമാണിതെന്നും എച്ച് എ എൽ എക്സിലൂടെ വ്യക്തമാക്കി

Published

|

Last Updated

തെഹ്‌റാൻ | എൽ സി എ തേജസ് യുദ്ധവിമാനം തകർന്നുവെന്ന വാർത്തകൾ നിഷേധിച്ച് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എ എൽ) രംഗത്തെത്തി. വിമാനം തകർന്നിട്ടില്ലെന്നും ഗ്രൗണ്ടിൽ നടന്ന ചെറിയൊരു സാങ്കേതിക പ്രശ്നം മാത്രമാണിതെന്നും എച്ച് എ എൽ എക്സിലൂടെ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സുരക്ഷാ റെക്കോർഡുള്ള യുദ്ധവിമാനങ്ങളിലൊന്നാണ് തേജസ് എന്നും കമ്പനി കൂട്ടിച്ചേർത്തു.

ഈ മാസമാദ്യം ഒരു തേജസ് വിമാനം തകർന്ന പശ്ചാത്തലത്തിൽ വ്യോമസേന പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. പരിശീലന പറക്കലിന് ശേഷം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് ഈ അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. സേവനത്തിലിരിക്കെ തകരുന്ന മൂന്നാമത്തെ തേജസ് വിമാനമാണിത്. 2024 മാർച്ചിൽ ജയ്‌സാൽമീറിലും 2025 നവംബറിൽ ദുബായ് എയർഷോയ്ക്കിടെയുമാണ് മുൻപ് അപകടങ്ങൾ ഉണ്ടായത്.

അപകടങ്ങളുടെ പശ്ചാത്തലത്തിൽ തേജസ് എം കെ 1 എ. (Mk1A) വിമാനങ്ങളുടെ കാര്യക്ഷമത ഏപ്രിലിൽ വ്യോമസേന വീണ്ടും പരിശോധിക്കും. യുദ്ധമുഖത്തെ പ്രകടനം മുൻനിർത്തിയുള്ള നിർണ്ണായകമായ വിലയിരുത്തലുകൾക്ക് ശേഷമേ ഈ വിമാനങ്ങൾ സേനയുടെ ഭാഗമാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. നിലവിൽ അഞ്ച് എം കെ 1 എ. വിമാനങ്ങൾ തയ്യാറാണെന്ന് എച്ച് എ എൽ. അറിയിച്ചിട്ടുണ്ട്.

റഡാർ സംവിധാനം, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ആയുധങ്ങൾ വിന്യസിക്കാനുള്ള ശേഷി എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. എഞ്ചിൻ വിതരണത്തിലുണ്ടായ തടസ്സങ്ങൾ കാരണം പദ്ധതി ഇപ്പോൾ തന്നെ രണ്ട് വർഷത്തോളം വൈകിയിരിക്കുകയാണ്. 180 തേജസ് എം കെ 1 എ. വിമാനങ്ങൾക്കാണ് വ്യോമസേന ഓർഡർ നൽകിയിട്ടുള്ളത്.

Latest