Connect with us

National

ഭാരമേറിയ യുദ്ധോപകരണങ്ങൾ ആകാശത്തുനിന്ന് താഴേക്ക് എത്തിക്കുന്ന സംവിധാനം വിജയകരമായ പരീക്ഷിച്ച് സൈന്യം

അഡ്വാൻസ് 28-എഫ് ടി ഹെവി ഡ്രോപ്പ് സിസ്റ്റം - 20ടി (ടൈപ്പ് വി) എന്ന് പേരിട്ടിട്ടുള്ള ഈ സംവിധാനത്തിന്റെ പരീക്ഷണം 2026 ഫെബ്രുവരി 17-ന് മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലാണ് നടന്നത്.

Published

|

Last Updated

ബിക്കനീർ | സൈനിക വാഹനങ്ങളും ഭാരമേറിയ യുദ്ധോപകരണങ്ങളും ആകാശത്തുനിന്ന് താഴേക്ക് എത്തിക്കാൻ സഹായിക്കുന്ന അത്യാധുനിക തദ്ദേശീയ സംവിധാനം ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ചു. അഡ്വാൻസ് 28-എഫ് ടി ഹെവി ഡ്രോപ്പ് സിസ്റ്റം – 20ടി (ടൈപ്പ് വി) എന്ന് പേരിട്ടിട്ടുള്ള ഈ സംവിധാനത്തിന്റെ പരീക്ഷണം 2026 ഫെബ്രുവരി 17-ന് മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലാണ് നടന്നത്.

എയർബോണിക്സ് ഡിഫൻസ് ആൻഡ് സ്പേസ്, ഡി ആർ ഡി ഒ. യുടെ കീഴിലുള്ള ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റുമായി ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധ മേഖലയിലെ ഈ നിർണ്ണായക നേട്ടം കൈവരിച്ചത്.

ട്രാൻസ്പോർട്ട് വിമാനങ്ങളിൽ നിന്ന് വലിയ കാർഗോകളും സൈനിക പ്ലാറ്റ്‌ഫോമുകളും പാരച്യൂട്ട് വഴി താഴേക്ക് എത്തിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. 20 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ സിസ്റ്റം ലോക്ഹീഡ് മാർട്ടിൻ സി 130 ജെ സൂപ്പർ ഹെർക്കുലീസ്, ബോയിംഗ് സി 17 ഗ്ലോബ്മാസ്റ്റർ III എന്നീ ഹെവി-ലിഫ്റ്റ് വിമാനങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമാണ്.

പുതിയതായി വികസിപ്പിച്ച 28 അടി പ്ലാറ്റ്‌ഫോമും പാരച്യൂട്ട് സജ്ജീകരണവുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാരമേറിയ വസ്തുക്കൾ വിമാനത്തിൽ നിന്ന് സുരക്ഷിതമായും നിയന്ത്രിതമായും താഴേക്ക് എത്തിക്കാൻ സഹായിക്കുന്ന ഫോർ-പോയിന്റ് ലിങ്ക് സിസ്റ്റവും രണ്ട് 28-അടി എക്സ്ട്രാക്റ്റർ പാരച്യൂട്ടുകളും ഇതിലുണ്ട്.

ഏകദേശം 15 ടൺ ഭാരമുള്ള ബി എം പി ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ ഉപയോഗിച്ചാണ് ഏറ്റവും പുതിയ പരീക്ഷണം നടത്തിയത്. യുദ്ധകാലത്തിന് സമാനമായ സാഹചര്യത്തിലായിരുന്നു ഈ ട്രയൽ. ഭാരമേറിയ ലോഡുകൾ കൃത്യതയോടെയും സുരക്ഷിതമായും കൈകാര്യം ചെയ്യാൻ ഇരട്ട എക്സ്ട്രാക്റ്റർ സംവിധാനം സഹായിച്ചു.

റോഡ് മാർഗ്ഗം എത്തിച്ചേരാൻ പ്രയാസമുള്ളതോ സമയം എടുക്കുന്നതോ ആയ ഉയർന്ന മലനിരകളിലും ഉൾപ്രദേശങ്ങളിലും സൈനിക വാഹനങ്ങൾ വേഗത്തിൽ എത്തിക്കാൻ ഈ സംവിധാനം സഹായിക്കും. വിവിധ തരം ഗതാഗത വിമാനങ്ങളിൽ നിന്ന് കനത്ത യുദ്ധോപകരണങ്ങൾ വിന്യസിക്കാനുള്ള ഇന്ത്യയുടെ ശേഷി ഇതോടെ തെളിയിക്കപ്പെട്ടു.

Latest