Kerala
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം; മരണം നാലായി
കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സണ്‍ഷെയ്ഡ് തകര്‍ന്നുവീഴുകയായിരുന്നു
കോഴിക്കോട് | വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം നാലായി. ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദ് (55) കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. കിണാശേരി, അത്തോളി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, ബഷീര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റു മൂന്നുപേര്‍.
കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സണ്‍ഷെയ്ഡ് തകര്‍ന്നുവീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഏറെ പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. പൊളിച്ചു മാറ്റാനായി കെട്ടിടം ഒഴിയാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു എന്നാണ് വിവരം. പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. അതേ സമയം അപകടാവസ്ഥയിലുള്ള കെട്ടിടം ഒഴിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി എടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.നിരവധി ഇരുചക്ര വാഹനങ്ങളും തകര്‍ന്ന സ്ലാബുകള്‍ക്കുള്ളില്‍ കുടുങ്ങിയിരുന്നു.



