Connect with us

Ongoing News

കുട്ടികളെ സ്‌കൂളിലയക്കാന്‍ ആശങ്കപ്പെടേണ്ടതില്ല: ആരോഗ്യ വിദഗ്ധര്‍

Published

|

Last Updated

തിരുവനന്തപുരം | കുട്ടികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. മാസ്‌കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിച്ചാല്‍ മതി. ഇത് സ്‌കൂളിലെ അച്ചടക്കത്തിന്റെയും ക്രമീകരണത്തിന്റെയും ഭാഗമായി മാറിയാല്‍ ആശങ്കയൊന്നുമില്ലാതെ സ്‌കൂളില്‍ എത്തിയുള്ള പഠനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഞ്ച് വയസിന് മുകളിലുള്ള കുട്ടികളില്‍ കൊവിഡിനോടുള്ള പ്രതിരോധശേഷി ഏറ്റവും കൂടുതലായിരിക്കും. ഒന്നര വര്‍ഷത്തിനിടയില്‍ മുടങ്ങിയിട്ടുള്ള പ്രതിരോധ വാക്സിനുകള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് നല്‍കണം.

ഓരോ ക്ലാസിലുള്ള കുട്ടികള്‍ക്കും പ്രത്യേകം ഇളവുകള്‍ നല്‍കി സ്‌കൂള്‍ ടോയ്ലറ്റ് ഉപയോഗിക്കണം. ഒരു മാസ്‌കിനു പകരം ഒന്നിലധികം മാസ്‌കുകള്‍ നല്‍കിയായിരിക്കണം രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കേണ്ടത്. വീട്ടില്‍ ആര്‍ക്കെങ്കിലും പനിയുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. മറ്റ് അസുഖങ്ങളുള്ള കുട്ടികള്‍ ആദ്യ രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ പോകാതിരിക്കുന്നതാണ് നല്ലത്. കുട്ടികളെ ഇക്കാര്യങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനായി അധ്യാപകരെ നിയമിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് രക്ഷിതാക്കള്‍ നിരീക്ഷിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതലാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളുമാണ് ആരംഭിക്കുക. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ എത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന്നതാണ് ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനസ്ഥാപിക്കുന്നതിനുള്ള നടപടികളുണ്ടാവണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം.

സ്‌കൂള്‍ തുറക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തിന് തന്നെയാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. സ്‌കൂള്‍ പ്രവര്‍ത്തിക്കേണ്ട രീതി സംബന്ധിച്ച മാര്‍ഗരേഖ അടുത്ത മാസം അഞ്ചിന് പ്രസിദ്ധീകരിക്കും.