Connect with us

Kerala

ഒരു പുല്ലുപേടിയും ഇല്ല: ഇ ഡിയോട് തോമസ് ഐസക്

എന്തിന് എനിക്ക് സമന്‍സ് അയച്ചു?; വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിരകയറരുത്

Published

|

Last Updated

ആലപ്പുഴ |  കിഫ്ബിയുമായി ബന്ധപ്പെട്ട മസാല ബോണ്ട് കേസില്‍ അന്വേഷണം നടക്കുന്നതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറേറ്റിനെ കടന്നാക്രമിച്ച് മുന്‍ധനമന്ത്രി തോമസ് ഐസക്. എന്തിന് തനിക്ക് സമന്‍സ് അയച്ചെന്നും എന്തിന് സ്വകാര്യ വിവരങ്ങള്‍ തേടിയെന്നുമുള്ള ചോദ്യത്തിന് ഇ ഡി ഇനിയും മറുപടി നല്‍കിയിട്ടില്ലെന്ന് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിരകയറാന്‍ നോക്കണ്ട. ഒരു പുല്ലുപേടിയും ഇല്ലെന്നും ഐസക്ക് പറഞ്ഞു.

പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളല്ലേ, എന്തെങ്കിലും കാലില്‍ തടയുമെന്നു ചിന്തിച്ചുകാണും. ഇപ്പോഴും ഒന്നും തടഞ്ഞുകിട്ടയിട്ടില്ല. ഇനിയൊട്ടു കിട്ടാനും പോകുന്നില്ല. എന്നാലും മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദംമൂലം അന്വേഷണം തുടര്‍ന്നേ തീരൂവെന്നും ഐസക് പരിഹസിച്ചു.

ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്തിനാണ് ഇ ഡി എനിക്ക് സമന്‍സ് അയച്ചത്? എന്തിനു വേണ്ടിയാണ് എന്റെ സ്വകാര്യവിവരങ്ങളടക്കം നീണ്ട ലിസ്റ്റ് രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്?
ആഗസ്റ്റ് 10നായിരുന്നു ഇ.ഡി സമന്‍സുകള്‍ക്കെതിരെ ഞാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 11ന് കേസ് പരിഗണിച്ചപ്പോള്‍ ഇ.ഡിക്ക് ഉത്തരമുണ്ടായിരുന്നില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ഇ. ഡി തന്നെ പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇത്രയും വിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഹര്‍ജിക്കാരന്റെ സ്വകാര്യതയെ മാനിക്കണം. അതിനാല്‍ സ്വകാര്യവിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് വ്യക്തത വരുത്താന്‍ ഇ.ഡി തയ്യാറാകണമെന്നുമായിരുന്നു കോടതി നിലപാട്. ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ ഇ.ഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

തുടര്‍ന്ന് കേസ് ആഗസ്റ്റ് 16ന് വീണ്ടും പരിഗണിച്ചു. എന്നാല്‍ അന്ന് മറുപടി നല്‍കാന്‍ ഇ.ഡിക്ക് സാധിച്ചില്ല. കോടതി കൂടുതല്‍ സമയം അനുവദിച്ചു. ഇന്നലെ വീണ്ടും കേസ് പരിഗണിച്ചപ്പോഴും ഇ.ഡി അധിക സമയം വേണമെന്ന ആവശ്യം ആവര്‍ത്തിക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിലേറെയായി കിഫ്ബിക്കെതിരായ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ട്. എന്നിട്ടും ഇപ്പോഴും ഞാന്‍ ചെയ്ത കുറ്റം എന്താണെന്നോ, കുറ്റക്കാരന്‍ അല്ലെങ്കില്‍ എന്തിന് ഞാന്‍ രേഖകള്‍ ഹാജരാക്കണം എന്നതിനെക്കുറിച്ചോ വിശദീകരണം നല്‍കാന്‍ ഇ.ഡിക്കു കഴിഞ്ഞിട്ടില്ല. കോടതി സെപ്തംബര്‍ 23-ാം തീയതി വരെ സമയം അനുവദിച്ചിരിക്കുകയാണ്. സ്റ്റേ ഇല്ലെങ്കിലും അതുവരെ എനിക്കെതിരായോ കിഫ്ബിക്കെതിരായോ ഒരു തുടര്‍നടപടികളും സ്വീകരിക്കാന്‍ ഇ.ഡിക്ക് അനുവാദമില്ല.

കോടതിയില്‍ മറ്റൊരു സംഭവവികാസവുംകൂടി ഉണ്ടായിട്ടുണ്ട്. നിരന്തരമായി കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിച്ച് പീഡിപ്പിക്കുന്നതിനെതിരെ അവരും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഹാജരാക്കിയ രേഖകളും വസ്തുതകളും വീണ്ടും വീണ്ടും ഹാജരാക്കുന്നതിന് ഇ.ഡി ആവശ്യപ്പെടുന്നത് ‘application of mind’ ഇല്ലാതെ കേസ് കൈകാര്യം ചെയ്യുന്നതിന്റെ സൂചനയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തവണ കോടതി കിഫ്ബിയുടെ മറ്റൊരു വാദത്തിനുകൂടി പരിഗണന നല്‍കി. മസാലബോണ്ട് ഇറക്കിയിട്ടുള്ളത് കിഫ്ബി മാത്രമല്ലല്ലോ. മറ്റ് എത്ര ഏജന്‍സികളുടെ നടപടിക്രമം ഇ.ഡി അന്വേഷിച്ചിട്ടുണ്ട്? അവരില്‍ നിന്ന് ഏതു വ്യത്യസ്ത രീതിയാണ് കിഫ്ബി അവലംബിച്ചത്? സെപ്തംബര്‍ 18-നുള്ളില്‍ ഇതിനുള്ള ഉത്തരവും സമര്‍പ്പിക്കണം.

ചുരുക്കത്തില്‍ ഇ.ഡി ആശയക്കുഴപ്പത്തിലാണ്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം കൊണ്ടായിരിക്കണം, സുപ്രിംകോടതി പാടില്ലെന്നു വിധിച്ചിട്ടുള്ള ഒരു ‘fishing and roving enquiry’ യുമായി ഇ.ഡി ഇറങ്ങി പുറപ്പെട്ടത്. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളല്ലേ, എന്തെങ്കിലും കാലില്‍ തടയുമെന്നു ചിന്തിച്ചുകാണും. ഇപ്പോഴും ഒന്നും തടഞ്ഞുകിട്ടയിട്ടില്ല. ഇനിയൊട്ടു കിട്ടാനും പോകുന്നില്ല. എന്നാലും മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദംമൂലം അന്വേഷണം തുടര്‍ന്നേ തീരൂ. വാര്‍ത്തകള്‍ സൃഷ്ടിച്ചേ തീരൂ. അതിനായിരിക്കണം എന്നെ വിളിപ്പിച്ചത്. ഇനിയിപ്പോള്‍ രണ്ടിലൊന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞേ തീരൂ. 23-ാം തീയതി വരെ കാത്തിരിക്കാം.
ഒറ്റകാര്യമേ പറയാനുള്ളൂ – വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിരകയറാന്‍ നോക്കണ്ട. ഒരു പുല്ലുപേടിയും ഇല്ല.