From the print
ഭക്ഷണമില്ല, വെള്ളവും; നോവിന്റെ വേവിൽ ഗസ്സ
നാല് കുട്ടികൾ ഉൾപ്പെടെ 15 പേർ പട്ടിണി മൂലം മരിച്ചു • ടെന്റുകളിൽ ഷെൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു

ഗസ്സ | ഇസ്‌റാഈൽ ഉപരോധത്താൽ ഞെരുങ്ങിയ ഗസ്സയിൽ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും മൂലം നാല് കുട്ടികൾ ഉൾപ്പെടെ 15 പേർ ദാരുണമായി മരിച്ചു. ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുമെന്ന് ഗസ്സയിലെ പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. വടക്കൻ ഗസ്സയിലെ ആശുപത്രിയിൽ വെച്ചാണ് യൂസുഫ് അൽ സഫാദി എന്ന പിഞ്ചുകുഞ്ഞ് മരിച്ചത്. തെക്കൻ ഗസ്സയിലെ ഖാൻയൂനുസിലെ ആശുപത്രിയിൽ 13കാരൻ അബ്ദുൽ ഹാമിദ് അൽ ഗൽബാൻ എന്ന കുട്ടിയും മരിച്ചു. മരിച്ച മറ്റു രണ്ട് കുട്ടികളുടെ പേര് പുറത്തുവിട്ടിട്ടില്ല.
21 മാസത്തിലധികമായുള്ള ഇസ്‌റാഈൽ ആക്രമണത്തിൽ ഇതുവരെയില്ലാത്തവിധമാണ് ഫലസ്തീനികൾ പട്ടിണിയുടെ പിടിയിലമരുന്നത്. സമീപ ആഴ്ചകളിൽ പട്ടിണി മൂലം മരിച്ച 101 പേരിൽ 80ഉം കുട്ടികളാണ്. ഗസ്സാ മുനമ്പിൽ നിന്നാകെ ദിനേന ആളുകളെ കുടിയിറക്കി എല്ലാ സഹായവിതരണങ്ങൾക്കും ഇസ്‌റാഈൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വിശപ്പും ക്ഷീണവും കാരണം ജോലിക്കിടെ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകർ കുഴഞ്ഞുവീണതായി ഐക്യരാഷ്ട്രസഭാ ഏജൻസിയായ യു എൻ ആർ ഡബ്ല്യു എ അറിയിച്ചു. സന്നദ്ധ സേവകർ, ഡോക്ടർമാർ, നഴ്‌സുമാർ, മാധ്യമ പ്രവർത്തകർ… എല്ലാവരും അങ്ങേയറ്റം കഷ്ടതയിലാണെന്ന് യു എൻ ആർ ഡബ്ല്യു എ കമ്മീഷണർ ഫിലിപ്പ് ലസ്സാരിനി പറഞ്ഞു.
കൂട്ടക്കൊലയും സഹായ വിതരണം തടഞ്ഞതും അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെടുന്നുണ്ടെങ്കിലും സഹായ വിതരണം പുനഃസ്ഥാപിക്കാൻ ഇസ്‌റാഈൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
60,000ത്തോളം ഗർഭിണികിൾ ഉൾപ്പെടെ ആറ് ലക്ഷത്തോളം പേർ ഒരുനേരം പോലും ഭക്ഷണം ലഭിക്കാതെ ജീവനു വേണ്ടി മല്ലിടുകയാണ്. ഗസ്സക്കാർക്ക് ഭക്ഷണത്തിന് പ്രതിദിനം 600 ട്രക്കുകളിൽ സാധനങ്ങൾ എത്തണമെന്ന് അമേരിക്ക അടക്കമുള്ള ഇസ്‌റാഈലിന്റെ സഖ്യരാജ്യങ്ങൾ തന്നെ പറയുമ്പോൾ കടുത്ത ഉപരോധത്തിന് മുമ്പ് തന്നെ പ്രതിദിനം 146 ട്രക്കുകളാണ് ഇസ്‌റാഈൽ കടത്തിവിട്ടിരുന്നത്. ഈജിപ്ത് അതിർത്തിയിലടക്കം സാധനങ്ങളുമായി ട്രക്കുകൾ കാത്തുകിടക്കുന്നുണ്ടെങ്കിലും ഇസ്‌റാഈൽ പ്രവേശനം അനുവദിക്കുന്നില്ല. ഗസ്സയിലെ ആക്രമണത്തിൽ ഇസ്‌റാഈലിന് പിന്തുണ നൽകിയ 25ഓളം പാശ്ചാത്യ രാജ്യങ്ങൾ ഗസ്സയിലെ പട്ടിണിയുടെ ദാരുണാവസ്ഥയെ അപലപിച്ചെങ്കിലും ഇസ്‌റാഈൽ ചെവികൊണ്ടില്ല. “മനുഷ്യത്വരഹിതമായ കൊലപാതകമാണ്’ ഇസ്‌റാഈലിന്റേതെന്ന് പാശ്ചാത്യ രാജ്യങ്ങൾ അപലപിച്ചെങ്കിലും കടുത്ത നടപടി സ്വീകരിക്കുമെന്ന് സൂചനയില്ല. ഇസ്‌റാഈൽ മാനുഷിക സഹായം പുനഃസ്ഥാപിച്ചില്ലെങ്കിൽ പല ഓപ്ഷനുകളുമുണ്ടെന്ന് യൂറോപ്യൻ യൂനിയൻ വിദേശ നയ മേധാവി കാജ കല്ലാസ് പറഞ്ഞെങ്കിലും ഏതൊക്കെ തരത്തിൽ സഹായമെത്തിക്കുമെന്നതിൽ അദ്ദേഹം വ്യക്തത നൽകിയില്ല. ഇസ്‌റാഈലിനെതിരെ എത്രത്തോളം കടുത്ത നിലപാട് സ്വീകരിക്കണമെന്നതിൽ യൂറോപ്യൻ യൂനിയനിൽ തന്നെ ഭിന്നതയുണ്ട്.
അതിനിടെ, ഗസ്സാ നഗരത്തിൽ കുടിയിറക്കപ്പെട്ടവർ അഭയം തേടിയിരുന്ന കൂടാരങ്ങൾക്കു നേർക്കുണ്ടായ ഷെൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 60 ദിവസത്തെ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്നതുമായ വ്യവസ്ഥകളിൽ ഖത്വർ തലസ്ഥാനമായ ദോഹയിൽ ഹമാസും ഇസ്‌റാഈലും തമ്മിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല.