Kerala
രണ്ടരക്കോടി നിക്ഷേപിച്ച ബേങ്ക് പൂട്ടിപ്പോയിട്ടും പരാതിയില്ല; തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി എസ്‌ഐടി
2024ല്‍ തന്ത്രി സ്വകാര്യ ബേങ്കില്‍ ഒറ്റത്തവണയായി രണ്ടരക്കോടി രൂപ നിക്ഷേപിച്ചതായി എസ്‌ഐടി കണ്ടെത്തിയതാണ് വിവരം.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. 2024ല്‍ തന്ത്രി സ്വകാര്യ ബേങ്കില്‍ ഒറ്റത്തവണയായി രണ്ടരക്കോടി രൂപ നിക്ഷേപിച്ചതായി എസ്‌ഐടി കണ്ടെത്തിയതാണ് വിവരം. എന്നാല്‍ ഈ ബേങ്ക് പിന്നീട് പൂട്ടിപ്പോയി. അതേസമയം പണം നഷ്ടമായിട്ടും പരാതി നല്‍കാന്‍ കണ്ഠര് രാജീവര്‍ തയ്യാറായില്ലെന്നും അറിയുന്നു
ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ എസ്‌ഐടി വീണ്ടും കണ്ഠര് രാജീവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളേക്കുറിച്ച് എസ്ഐടി വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബേങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
സ്വര്‍ണ്ണക്കൊള്ള കേസില്‍ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. തന്ത്രിയുടെ ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി 3ന് പരിഗണിക്കും. പാളികള്‍ കടത്തിയതില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്ഐടി നിഗമനം




