Connect with us

Uae

രാത്രികാല സുരക്ഷ; യു എ ഇ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ

ലോകത്ത് സിംഗപ്പൂരാണ് രാത്രികാല സുരക്ഷയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്.

Published

|

Last Updated

ദുബൈ|രാത്രിയിൽ ഒറ്റക്ക് സഞ്ചരിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇക്ക് ഉയർന്ന റാങ്ക്. ആഗോള അനലിറ്റിക്‌സ് ആൻഡ് അഡൈ്വസറി കമ്പനിയായ ഗാലപ് പുറത്തിറക്കിയ ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട് അനുസരിച്ചാണിത്. ലോകത്ത് സിംഗപ്പൂരാണ് രാത്രികാല സുരക്ഷയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. താജിക്കിസ്ഥാൻ, ചൈന, ഒമാൻ, സഊദി അറേബ്യ, ഹോങ്കോങ്, കുവൈത്ത്, നോർവേ, ബഹ്റൈൻ, യു എ ഇ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്്ലാൻഡ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, നെതർലാൻഡ്‌സ്, സ്‌പെയിൻ, സ്വീഡൻ, ജർമനി, യു കെ, യു എസ് എന്നിവയേക്കാൾ ഉയർന്ന റാങ്കാണ് യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നേടിയത്. 2024-ൽ ഏറ്റവും സുരക്ഷിതമായ ആദ്യ പത്ത് രാജ്യങ്ങളിൽ അഞ്ചും ഗൾഫ് രാജ്യങ്ങളായിരുന്നു. യു എ ഇയിൽ ഈ നിരക്ക് ഒരിക്കലും 90 ശതമാനത്തിൽ താഴെയായിട്ടില്ല.
ആഗോളതലത്തിൽ 73 ശതമാനം ആളുകൾ തങ്ങൾ താമസിക്കുന്ന സ്ഥലത്ത് രാത്രിയിൽ ഒറ്റക്ക് നടക്കാൻ സുരക്ഷിതത്വം തോന്നുന്നതായി പറഞ്ഞു. 2023-നെ അപേക്ഷിച്ച് ഈ കണക്കിൽ മൂന്ന് ശതമാനം വർധനവുണ്ടായി. ഗാലപ് 2006-ൽ സർവേ ആരംഭിച്ചതിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.
രാത്രിയിൽ ഒറ്റക്ക് നടക്കുന്നത് സുരക്ഷിതമല്ലെന്ന് ഭൂരിഭാഗം ആളുകളും കരുതുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്. ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്‌സ്വാന, ലൈബീരിയ, ഇക്വഡോർ, ചിലി, സിംബാബ്വെ, എസ്വാറ്റിനി, മ്യാൻമർ, ചാഡ് തുടങ്ങിയ രാജ്യങ്ങൾ പട്ടികയിലുണ്ട്.
ഈ വർഷം ജൂലൈയിൽ നംബിയോയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി യു എ ഇയെ തിരഞ്ഞെടുത്തിരുന്നു. ഇതിന് പുറമെ, അബൂദബി, ദുബൈ തുടങ്ങിയ നഗരങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ്.
---- facebook comment plugin here -----

Latest