Kerala
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
അയ്യപ്പ സംഗമം കലക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അത് നടക്കാത്തതിന്റെ അതൃപ്തിയാണ് ഇപ്പോള്‍ കാണുന്നതെന്നും മന്ത്രി

തിരുവനന്തപുരം | ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ തൂക്കക്കുറവുണ്ടായ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേത്തിന് അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വര്‍ണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും അതിന്റെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്ന് കണ്ടെത്തിയതും വിശ്വാസ സമൂഹത്തില്‍ കടുത്ത ആശങ്ക ഉണ്ടാക്കിയെന്നും വിഷയം ചര്‍ച്ചക്കെടുക്കണമെന്നും ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്കിയത്.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ നേരത്തെയും പരിഗണിച്ചിട്ടുണ്ടെന്നും ഗൗരവതരമായ വിഷയമാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയെന്നും കുറ്റക്കാരെ സര്‍ക്കാരും ദേവസ്വം ബോര്‍ഡ് സംരക്ഷിക്കുന്നെന്നും സതീശന്‍ വിമര്‍ശിച്ചു.
ശബരിമലയോട് സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തര പ്രമേയം അനുവദിക്കാതിരുന്നതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷം കോടതിയോടും സഭയോടും പരാക്രമം കാണിക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.അയ്യപ്പ സംഗമം കലക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അത് നടക്കാത്തതിന്റെ അതൃപ്തിയാണ് ഇപ്പോള്‍ കാണുന്നതെന്നും മന്ത്രി ആരോപിച്ചു. മൂന്നുദിവസം അടിയന്തരപ്രമേയം ചര്‍ച്ച ചെയ്തതിന്റെ ക്ഷീണം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഇരിക്കേണ്ടി വരുമോയെന്ന് പ്രതിപക്ഷത്തിന് ആശങ്കയാണ്. സഭയില്‍ ആര്‍എസ്എസിന് ആളില്ലാത്തതിന്റെ കുറവ് പ്രതിപക്ഷ നേതാവ് തന്നെ ഏറ്റെടുത്തിരിക്കുന്നെന്നും മന്ത്രി പറഞ്ഞു